Connect with us

News

‘200 രൂപ ദിവസക്കൂലി മാത്രമുണ്ടായിരുന്ന എനിക്ക് ലഭിച്ച വലിയ പ്രതീക്ഷ’; ലാലിന്റെ അമ്മയെ ഓര്‍ത്ത് അനൂപ് മേനോന്‍

‘വെറും 200 രൂപ മാത്രം ദിവസക്കൂലി ഉണ്ടായിരുന്ന 23 വയസ്സുകാരന് ലഭിച്ച ഏറ്റവും വലിയ പ്രതീക്ഷയായിരുന്നു അത്’ എന്നും അദ്ദേഹം കുറിച്ചു.

Published

on

നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയെ അനുസ്മരിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടന്‍ അനൂപ് മേനോന്‍. ‘അമ്മ’ എന്ന പേര് അന്വര്‍ത്ഥമാക്കി തന്നെ കാണാന്‍ എത്തുന്നവരെയെല്ലാം ‘മക്കളേ’ എന്ന സ്‌നേഹവിളിയിലൂടെ സ്വന്തമാക്കിയ വ്യക്തിത്വമായിരുന്നു ശാന്തകുമാരിയുടേതെന്ന് അനൂപ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. 23-ാം വയസ്സില്‍ അവതാരകനായി പ്രവര്‍ത്തിക്കുമ്പോള്‍ മോഹന്‍ലാലിന്റെ അമ്മയെ അഭിമുഖം ചെയ്യാനായി വീട്ടിലെത്തിയ അനുഭവമാണ് അനൂപ് ഓര്‍ത്തെടുക്കുന്നത്.

ഒരു സൂപ്പര്‍താരത്തിന്റെ അമ്മയെ കാണാന്‍ പോകുന്നതിന്റെ പരിഭ്രാന്തിയിലായിരുന്ന തനിക്കു, ആ വീട്ടിലെ ഒരാളാണെന്ന തോന്നല്‍ ആദ്യ നിമിഷം തന്നെ ഉണ്ടാക്കിയത് ലാലിന്റെ അമ്മയാണെന്ന് അദ്ദേഹം പറയുന്നു. ഒരു അവതാരകന്‍ എന്ന നിലയില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് പകരം, തന്റെ വിശേഷങ്ങള്‍ തിരക്കുകയും ‘ലാലു’വിനെ കുറിച്ചുള്ള കഥകള്‍ ഒരു ബന്ധുവിനോട് പറയുന്നതുപോലെ പങ്കുവെക്കുകയും ചെയ്തതായും അനൂപ് കുറിച്ചു. ഉച്ചഭക്ഷണവും ചായയും നല്‍കി യാത്രയാക്കുന്ന വേളയില്‍ തന്റെ നെറുകയിലൊരു ചുംബനം നല്‍കി ‘മോന്‍ സിനിമയില്‍ വരും കേട്ടോ’ എന്ന് അമ്മ അനുഗ്രഹിച്ചതാണ് തന്റെ ജീവിതത്തിലെ വലിയ ഓര്‍മ്മകളിലൊന്നെന്ന് അനൂപ് പറയുന്നു.

‘വെറും 200 രൂപ മാത്രം ദിവസക്കൂലി ഉണ്ടായിരുന്ന 23 വയസ്സുകാരന് ലഭിച്ച ഏറ്റവും വലിയ പ്രതീക്ഷയായിരുന്നു അത്’ എന്നും അദ്ദേഹം കുറിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ‘കനല്‍’ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത്, അമ്മയുടെ അസുഖങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ മോഹന്‍ലാലിന്റെ കണ്ണുകള്‍ നിറയുന്നത് താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും അനൂപ് ഓര്‍ക്കുന്നു. ഒരു മകന്‍ തന്റെ അമ്മയെ ഇത്രയധികം സ്‌നേഹിക്കുന്നത് മറ്റെവിടെയും കണ്ടിട്ടില്ലെന്നും, അത് മോഹന്‍ലാലിന്റെ ആത്മഗുണം പോലെ തന്നെ ആ അമ്മ പകര്‍ന്ന സ്‌നേഹത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമ്മയുടെ സ്‌നേഹസാന്നിധ്യം താനടക്കമുള്ള എല്ലാവര്‍ക്കും എന്നും നഷ്ടമായിരിക്കുമെന്നും അനൂപ് മേനോന്‍ തന്റെ കുറിപ്പില്‍ പറയുന്നു.

kerala

സിറ്റി ബസ് വിവാദം; ‘ബസ് വേണമെന്ന് ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറില്‍ തിരിച്ചയ്ക്കും -ഗണേഷ് കുമാര്‍

സിറ്റി ബസ് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ വിവി രാജേഷിന് മറുപടിയുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍.

Published

on

തിരുവനന്തപുരം: സിറ്റി ബസ് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ വിവി രാജേഷിന് മറുപടിയുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. തിരുവനന്തപുരം മേയര്‍ 113 ബസുകളും തങ്ങള്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ തിരിച്ചയയ്ക്കും. സിഎംഡിക്ക് ഒരു കത്ത് കൊടുത്താല്‍ മാത്രം മതി. പകരം 150 ബസ് കെഎസ്ആര്‍ടിസി സിറ്റിയില്‍ ഇറക്കുമെന്ന് അദ്ദേഹം പറഞ്ഞു.

താന്‍ പറയുന്ന കാര്യങ്ങള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കരുതെന്നും കോര്‍പ്പറേഷന്‍ ബസുകള്‍ വാങ്ങിയത് കേന്ദ്ര പദ്ധതിയില്‍ എന്ന് പറയാന്‍ കഴിയില്ല, സ്റ്റേറ്റ് ഷെയര്‍ 500 കോടിയാണ്. 60% വിഹിതവും സംസ്ഥാനത്തിന്റേതാണ്. 113 വാഹനങ്ങളും കോര്‍പ്പറേഷന്‍ ഈ രീതിയില്‍ വാങ്ങിയതാണ്. മൂന്നു പാര്‍ട്ടികളുമായുള്ള എഗ്രിമെന്റാണ്. കോര്‍പ്പറേഷനിലെ കെഎസ്ആര്‍ടിസി വേറൊരു ജില്ലയിലും ഓടുന്നില്ല. സങ്കീര്‍ണമായ മെയിന്റനന്‍സ് ഉള്ളതുകൊണ്ട് മറ്റൊരു ജില്ലയില്‍ നിലവില്‍ ഓടിക്കുന്നില്ല. ബാറ്ററി നശിച്ചാല്‍ മാറ്റിവയ്ക്കാന്‍ 28 ലക്ഷം രൂപ വേണമെന്നും അദ്ദേഹം പ്രതികരിച്ചു.

കോര്‍പ്പറേഷന് വണ്ടികള്‍ കൊടുത്താല്‍ കെഎസ്ആര്‍ടിസിയുടെ സ്ഥലത്ത് ഇടാന്‍ സമ്മതിക്കില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് മേയര്‍ തന്നോട് സംസാരിച്ചിട്ടില്ല. മേയറിനെ ആരോ തെറ്റ് ധരിപ്പിച്ചതാണ്. വാഹനങ്ങള്‍ സന്തോഷത്തോടെ തിരികെ കൊടുക്കാന്‍ തയ്യാറാണ്. ഡ്രൈവറും വര്‍ക് ഷോപ്പും കണ്ടക്ടറും എല്ലാം കെഎസ്ആര്‍ടിസിയുടെതാണ് എന്നും മന്ത്രി വിശദീകരിച്ചു.

ഇ-ബസുകള്‍ നഗരത്തില്‍ മാത്രം ഓടിയാല്‍ മതിയെന്നും ഇ-ബസുകള്‍ ഉടന്‍ തിരിച്ചെത്തിക്കണമെന്നും തിരുവനന്തപുരം മേയര്‍ വിവി രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഷ്ട്രീയ സമ്മര്‍ദം കാരണം മറ്റ് സ്ഥലങ്ങളില്‍ ഓടിക്കുകയാണെന്നും നഗരത്തിന് പുറത്തേക്ക് നല്‍കിയ ബസുകള്‍ ഉടന്‍ തിരിച്ചെത്തിക്കണം. കോര്‍പ്പറേഷന് കൃത്യമായി ലാഭവിഹിതം കിട്ടണമെന്നും മേയര്‍ പറഞ്ഞു. കരാര്‍ മാറ്റാന്‍ ഒന്നോ രണ്ടോ വ്യക്തികള്‍ക്ക് അധികാരമില്ല. ബസുകള്‍ കേന്ദ്രം തിരുവനന്തപുരം കോര്‍പ്പറേഷന് നല്‍കിയതാണ്. കോര്‍പ്പറേഷന് കിട്ടിയത് കോര്‍പ്പറേഷനിലുളളവര്‍ക്ക് ഉപകാരപ്പെടണമെന്നും കെഎസ്ആര്‍ടിസിയുമായുള്ള കരാര്‍ രേഖകള്‍ പരിശോധിക്കുമെന്നും വിവി രാജേഷ് പറഞ്ഞു.

 

Continue Reading

News

സ്വകാര്യ വിമാനം തടാകത്തിലേക്ക് കൂപ്പുകുത്തി; ആത്മഹത്യയെന്ന് സൂചന

ഏകദേശം 55 ലക്ഷം രൂപ വിപണി വിലയുള്ളതും പറത്താന്‍ എളുപ്പമുള്ളതുമായ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നത് വ്യോമയാന മേഖലയിലും അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്.

Published

on

ചെംസ്‌ഫോര്‍ഡ്: ഇംഗ്ലണ്ടിലെ എസെക്‌സിലുള്ള ഹാനിംഗ്ഫീല്‍ഡ് റിസര്‍വോയറിലേക്ക് സ്വകാര്യ വിമാനം ഇടിച്ചിറക്കിയ പൈലറ്റ് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ഡിസംബര്‍ 28 ഞായറാഴ്ച ഉച്ചയോടെ ഉണ്ടായ സംഭവത്തെ തുടര്‍ന്നാണ് ഇത് അപകടമല്ല, മനഃപൂര്‍വ്വമായ നടപടിയാകാമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയിരിക്കുന്നത്. അപകടത്തിന് പിന്നാലെ പൈലറ്റിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെയാണ് അന്വേഷണം പുതിയ വഴിത്തിരിവിലെത്തിയത്.

‘ബീഗിള്‍ ബി121 പപ്പ്’ വിഭാഗത്തില്‍പ്പെട്ട സ്വകാര്യ വിമാനം ഞായറാഴ്ച ഉച്ചയ്ക്ക് ഏകദേശം രണ്ട് മണിയോടെയാണ് ഹാനിംഗ്ഫീല്‍ഡ് റിസര്‍വോയറിലേക്ക് ഡൈവ് ചെയ്ത് ഇറങ്ങിയത്. നോര്‍ത്ത് വീല്‍ഡ് എയര്‍ഫീല്‍ഡില്‍ നിന്ന് രാവിലെ 11.54ന് പറന്നുയര്‍ന്ന വിമാനം സൗത്തെന്‍ഡ് എയര്‍പോര്‍ട്ടിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. എന്നാല്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതിനുമുമ്പ് വിമാനം പെട്ടെന്ന് ഉയരം കുറച്ച് തടാകത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. വിമാനത്തില്‍ പൈലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളു.

അപകടത്തെ തുടര്‍ന്ന് എസെക്‌സ് പൊലീസ്, എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് എന്നിവര്‍ സംയുക്തമായി അന്വേഷണം ആരംഭിച്ചു. പൈലറ്റിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത കുറിപ്പുകള്‍, സ്വന്തം ജീവിതം അവസാനിപ്പിക്കാനുള്ള ഉദ്ദേശം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്നും സാങ്കേതിക തകരാറുകളുണ്ടായിരുന്നോയെന്നതും പൈലറ്റിന്റെ മാനസികാവസ്ഥയും ഉള്‍പ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്നും എസെക്‌സ് പൊലീസ് ചീഫ് സൂപ്രണ്ട് വാഹിദ് ഖാന്‍ പറഞ്ഞു.

അപകടത്തില്‍പ്പെട്ട വിമാനം മികച്ച രീതിയില്‍ പരിപാലിക്കപ്പെട്ടതാണെന്നും യാതൊരു വലിയ സാങ്കേതിക പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ബന്ധപ്പെട്ട വിമാനവില്‍പ്പന കമ്പനികള്‍ അറിയിച്ചു. ഏകദേശം 55 ലക്ഷം രൂപ വിപണി വിലയുള്ളതും പറത്താന്‍ എളുപ്പമുള്ളതുമായ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നത് വ്യോമയാന മേഖലയിലും അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി തടാകത്തിന് ചുറ്റുമുള്ള റിസര്‍വോയര്‍ പാര്‍ക്ക് അധികൃതര്‍ അടച്ചുപൂട്ടി. അപകടത്തില്‍ മരിച്ച പൈലറ്റിന് നിരവധി പേര്‍ അപകടസ്ഥലത്ത് ആദരാഞ്ജലികളും പൂക്കളും അര്‍പ്പിച്ചു.

Continue Reading

Health

കാലിലെ നീര് ഫാറ്റി ലിവറിന്റെ മുന്നറിയിപ്പാകാം; വിദഗ്ധന്റെ മുന്നറിയിപ്പ്

കരള്‍ രോഗങ്ങളുടെ ലക്ഷണങ്ങള്‍ ആരംഭ ഘട്ടത്തില്‍ പുറത്ത് പ്രകടമാകാറില്ലെന്നതാണ് പൊതുവായ ധാരണ.

Published

on

കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍ സിന്‍ഡ്രോം അഥവാ സ്റ്റിയാടോട്ടിക് ലിവര്‍ ഡിസീസ്. സാധാരണയായി അല്പം കൊഴുപ്പ് കരളില്‍ ഉണ്ടായിരിക്കുന്നത് പ്രശ്‌നമല്ല. എന്നാല്‍ ഇത് കരളിന്റെ ആകെ ഭാരത്തിന്റെ അഞ്ച് ശതമാനത്തിന് മുകളിലേക്ക് ഉയര്‍ന്നാല്‍ രോഗാവസ്ഥ ആരംഭിക്കുകയാണെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു.

കരള്‍ രോഗങ്ങളുടെ ലക്ഷണങ്ങള്‍ ആരംഭ ഘട്ടത്തില്‍ പുറത്ത് പ്രകടമാകാറില്ലെന്നതാണ് പൊതുവായ ധാരണ. എന്നാല്‍ ഫാറ്റി ലിവര്‍ സിന്‍ഡ്രോമിന്റെ ആദ്യ സൂചനകള്‍ ശരീരത്തിലെ കാലുകളില്‍ തന്നെ കാണാനാകുമെന്ന മുന്നറിയിപ്പാണ് ഇന്ത്യയിലെ ഗാസ്‌ട്രോഎന്ററോളജിസ്റ്റായ ഡോ. പ്രദീപ് വെക്കാരിയ നല്‍കുന്നത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹം അടുത്തിടെ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്. കാലുകളില്‍ പ്രത്യേകിച്ച് കണങ്കാലിന് സമീപം ഉണ്ടാകുന്ന നീരാണ് ഫാറ്റി ലിവറിന്റെ ആദ്യ ലക്ഷണങ്ങളിലൊന്ന്. പലരും ഇത് ദീര്‍ഘനേരം നിന്നതോ നടന്നതോ മൂലമുള്ള സാധാരണ പ്രശ്‌നമായി തെറ്റിദ്ധരിക്കാറുണ്ടെന്നും ഡോ. പ്രദീപ് പറയുന്നു.

കണങ്കാലിന് മുകളിലെ ചര്‍മ്മത്തില്‍ കുറച്ച് നേരം അമര്‍ത്തിയ ശേഷം കൈ മാറ്റുമ്പോള്‍ ചര്‍മ്മം കുഴിഞ്ഞ് കിടക്കുകയാണെങ്കില്‍ അത് കരള്‍ രോഗത്തിന്റെ സൂചനയാകാം. കരളിന്റെ ആരോഗ്യസ്ഥിതി മോശമാകുന്നതോടെ ശരീരത്തിലെ ദ്രാവകങ്ങളുടെ സന്തുലനം തകരുകയും ഇതുവഴി കാലുകളില്‍ നീര് രൂപപ്പെടുകയും ചെയ്യുന്നു. ഫാറ്റി ലിവര്‍ ആദ്യഘട്ടത്തില്‍ ശ്രദ്ധിക്കാതെ പോകുന്നത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള ഗുരുതര അവസ്ഥകളിലേക്ക് എത്തിക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കാലിലെ നീര് കൂടാതെ വയറിലെ അസ്വസ്ഥത, അമിത ക്ഷീണം, മഞ്ഞപ്പിത്തം, ഭാരക്കുറവ്, വയറ്റില്‍ ദ്രാവകങ്ങള്‍ കെട്ടിക്കിടക്കല്‍, കൈകളിലും നീര് എന്നിവ ഫാറ്റി ലിവറിന്റെ മറ്റ് ലക്ഷണങ്ങളാണ്. അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അസാധാരണമായി ഉയര്‍ന്ന കൊളസ്‌ട്രോള്‍, അമിത മദ്യപാനം, സ്‌ലീപ് അപ്നിയ, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം, തൈറോയ്ഡ്, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, ചിലതരം മരുന്നുകളുടെ ഉപയോഗം എന്നിവ ഫാറ്റി ലിവര്‍ സാധ്യത വര്‍ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണെന്നും ഡോ. പ്രദീപ് വെക്കാരിയ വ്യക്തമാക്കുന്നു.

Continue Reading

Trending