Health
കാലിലെ നീര് ഫാറ്റി ലിവറിന്റെ മുന്നറിയിപ്പാകാം; വിദഗ്ധന്റെ മുന്നറിയിപ്പ്
കരള്‍ രോഗങ്ങളുടെ ലക്ഷണങ്ങള്‍ ആരംഭ ഘട്ടത്തില്‍ പുറത്ത് പ്രകടമാകാറില്ലെന്നതാണ് പൊതുവായ ധാരണ.
കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍ സിന്‍ഡ്രോം അഥവാ സ്റ്റിയാടോട്ടിക് ലിവര്‍ ഡിസീസ്. സാധാരണയായി അല്പം കൊഴുപ്പ് കരളില്‍ ഉണ്ടായിരിക്കുന്നത് പ്രശ്നമല്ല. എന്നാല്‍ ഇത് കരളിന്റെ ആകെ ഭാരത്തിന്റെ അഞ്ച് ശതമാനത്തിന് മുകളിലേക്ക് ഉയര്‍ന്നാല്‍ രോഗാവസ്ഥ ആരംഭിക്കുകയാണെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു.
കരള്‍ രോഗങ്ങളുടെ ലക്ഷണങ്ങള്‍ ആരംഭ ഘട്ടത്തില്‍ പുറത്ത് പ്രകടമാകാറില്ലെന്നതാണ് പൊതുവായ ധാരണ. എന്നാല്‍ ഫാറ്റി ലിവര്‍ സിന്‍ഡ്രോമിന്റെ ആദ്യ സൂചനകള്‍ ശരീരത്തിലെ കാലുകളില്‍ തന്നെ കാണാനാകുമെന്ന മുന്നറിയിപ്പാണ് ഇന്ത്യയിലെ ഗാസ്ട്രോഎന്ററോളജിസ്റ്റായ ഡോ. പ്രദീപ് വെക്കാരിയ നല്‍കുന്നത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹം അടുത്തിടെ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്. കാലുകളില്‍ പ്രത്യേകിച്ച് കണങ്കാലിന് സമീപം ഉണ്ടാകുന്ന നീരാണ് ഫാറ്റി ലിവറിന്റെ ആദ്യ ലക്ഷണങ്ങളിലൊന്ന്. പലരും ഇത് ദീര്‍ഘനേരം നിന്നതോ നടന്നതോ മൂലമുള്ള സാധാരണ പ്രശ്നമായി തെറ്റിദ്ധരിക്കാറുണ്ടെന്നും ഡോ. പ്രദീപ് പറയുന്നു.
കണങ്കാലിന് മുകളിലെ ചര്‍മ്മത്തില്‍ കുറച്ച് നേരം അമര്‍ത്തിയ ശേഷം കൈ മാറ്റുമ്പോള്‍ ചര്‍മ്മം കുഴിഞ്ഞ് കിടക്കുകയാണെങ്കില്‍ അത് കരള്‍ രോഗത്തിന്റെ സൂചനയാകാം. കരളിന്റെ ആരോഗ്യസ്ഥിതി മോശമാകുന്നതോടെ ശരീരത്തിലെ ദ്രാവകങ്ങളുടെ സന്തുലനം തകരുകയും ഇതുവഴി കാലുകളില്‍ നീര് രൂപപ്പെടുകയും ചെയ്യുന്നു. ഫാറ്റി ലിവര്‍ ആദ്യഘട്ടത്തില്‍ ശ്രദ്ധിക്കാതെ പോകുന്നത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള ഗുരുതര അവസ്ഥകളിലേക്ക് എത്തിക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
കാലിലെ നീര് കൂടാതെ വയറിലെ അസ്വസ്ഥത, അമിത ക്ഷീണം, മഞ്ഞപ്പിത്തം, ഭാരക്കുറവ്, വയറ്റില്‍ ദ്രാവകങ്ങള്‍ കെട്ടിക്കിടക്കല്‍, കൈകളിലും നീര് എന്നിവ ഫാറ്റി ലിവറിന്റെ മറ്റ് ലക്ഷണങ്ങളാണ്. അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അസാധാരണമായി ഉയര്‍ന്ന കൊളസ്ട്രോള്‍, അമിത മദ്യപാനം, സ്ലീപ് അപ്നിയ, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം, തൈറോയ്ഡ്, ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, ചിലതരം മരുന്നുകളുടെ ഉപയോഗം എന്നിവ ഫാറ്റി ലിവര്‍ സാധ്യത വര്‍ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണെന്നും ഡോ. പ്രദീപ് വെക്കാരിയ വ്യക്തമാക്കുന്നു.
Health
നിശ്ശബ്ദനായ ഹൃദയാഘാതത്തെ എഐയുടെ സഹായത്തോടെ രോഗസാധ്യത കണ്ടെത്താം
ലക്ഷണങ്ങളൊന്നുമില്ലാതെ എത്തുന്ന ഈ അപകടം ഇനി വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
ഹൃദയാഘാതം പലപ്പോഴും ‘നിശ്ശബ്ദനായ കൊലയാളി’യായാണ് അറിയപ്പെടുന്നത്. ലക്ഷണങ്ങളൊന്നുമില്ലാതെ എത്തുന്ന ഈ അപകടം ഇനി വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. നിര്‍മിതബുദ്ധിയുടെ (AI) സഹായത്തോടെ ഹൃദയാഘാത സാധ്യത പ്രവചിക്കാനാകുന്ന പുതിയ രക്തപരിശോധന വികസിപ്പിച്ചിരിക്കുകയാണ് ലണ്ടനിലെ ഇംപീരിയല്‍ കോളേജ് ഗവേഷകര്‍. ‘ഹൃദയാഘാതം തടയാനുള്ള ടൈം മെഷീന്’ എന്ന പേരിലാണ് ഈ കണ്ടെത്തല്‍ വിശേഷിപ്പിക്കപ്പെടുന്നത്. കായികതാരങ്ങളിലും യുവാക്കളിലും പെട്ടെന്ന് ഉണ്ടാകുന്ന ഹൃദയസ്തംഭനങ്ങള്‍ തടയാന്‍ ഈ പരിശോധന വലിയ സഹായമാകുമെന്നാണ് പ്രതീക്ഷ. ഹൃദയപേശികള്‍ അസാധാരണമായി കട്ടിയാകുന്ന ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോമയോപ്പതി (HCM) എന്ന അവസ്ഥ കണ്ടെത്താനാണ് ഈ രക്തപരിശോധന പ്രധാനമായും ഉപയോഗിക്കുക. ഈ രോഗം പലപ്പോഴും യാതൊരു പുറംലക്ഷണങ്ങളും കാണിക്കാറില്ല. എന്നാല്‍, രക്തത്തിലെ പ്രോട്ടിനുകളെയും വ്യക്തിയുടെ ജനിതക ഘടനയെയും അത്യാധുനിക എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വിശകലനം ചെയ്താണ് രോഗസാധ്യത മുന്‍കൂട്ടി പ്രവചിക്കുന്നത്. ഹൃദ്രോഗം ഉള്‍പ്പെടെ ജീവിതശൈലീ കാരണങ്ങളാല്‍ ഉണ്ടാകുന്ന മിക്ക രോഗങ്ങളും വളരെ സാവധാനത്തിലാണ് ഗുരുതരമായ അവസ്ഥയിലേക്കെത്തുന്നത്. ഹൃദയധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് ബ്ലോക്ക് രൂപപ്പെടാന്‍ പത്ത് മുതല്‍ ഇരുപത് വര്‍ഷം വരെയും ചിലപ്പോള്‍ അതിലും കൂടുതല്‍ സമയവും എടുക്കാം. 20 അല്ലെങ്കില്‍ 25 വയസ്സില്‍ തന്നെ രോഗാവസ്ഥയുടെ ആദ്യപടികള്‍ ശരീരത്തില്‍ ആരംഭിച്ചേക്കാമെങ്കിലും, ഈ ഘട്ടത്തില്‍ സാധാരണയായി യാതൊരു ലക്ഷണങ്ങളും പ്രകടമാകാറില്ല. അതിനാലാണ് വര്‍ഷങ്ങള്‍ക്കു മുന്‍പേ രോഗസാധ്യത തിരിച്ചറിയാന്‍ കഴിയുന്ന ഈ പുതിയ രക്തപരിശോധനയ്ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നത്.
Health
തക്കാളിപ്പനി നിസ്സാരമല്ല; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തക്കാളിപ്പനി ബാധിച്ചാല്‍ കൈകളിലും കാലുകളിലും വായിലും തക്കാളിക്ക് സമാനമായ ചുവന്ന, വേദനാജനകമായ കുമിളകള്‍ ഉണ്ടാകുന്നു.
തക്കാളിപ്പനി പ്രധാനമായും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ ബാധിക്കുന്ന വൈറല്‍ അസുഖമാണ്. തക്കാളിപ്പനി ബാധിച്ചാല്‍ കൈകളിലും കാലുകളിലും വായിലും തക്കാളിക്ക് സമാനമായ ചുവന്ന, വേദനാജനകമായ കുമിളകള്‍ ഉണ്ടാകുന്നു. പനി, നിര്‍ജ്ജലീകരണം, ക്ഷീണം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളും കാണിക്കാം. ഇത് വളരെ എളുപ്പത്തില്‍ പടരുന്നതാണ്. ശുചിത്വം പാലിക്കുക, ജലാംശം നിലനിര്‍ത്തുക, രോഗം പടരാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നിവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍.
മിക്കവാറും കേസുകളില്‍ കോക്സാക്കി വൈറസ് എന്ന വൈറസാണ് ഇതിന് കാരണമാകുന്നത്. ഇത് സാധാരണയായി കണ്ടുവരുന്ന കൈ-കാല്-വായ് രോഗത്തിന്റെ വകഭേദമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ വിലയിരുത്തുന്നത്. ഇതൊരു പകര്‍ച്ചവ്യാധിയാണ്. രോഗബാധിതരായ കുട്ടികളുടെ സ്പര്‍ശനത്തിലൂടെയോ, അവര്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയിലൂടെയോ വൈറസ് മറ്റുള്ളവരിലേക്ക് പടരാം.
ഡെങ്കിപ്പനിയോ ചിക്കുന്‍ഗുനിയയോ ബാധിച്ച കുട്ടികളില്‍ അതിന്റെ ആഫ്റ്റര്‍ ഇഫക്ട് ആയി ഇത്തരം ചുവന്ന കുരുക്കള്‍ വരാന്‍ സാധ്യതയുണ്ട്. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ പ്രതിരോധശേഷി കുറവായതിനാലാണ് വൈറസ് ബാധ അവരെ പെട്ടെന്ന് ബാധിക്കുന്നത്. തക്കാളിപ്പനിക്ക് പ്രത്യേക മരുന്നുകളില്ല, ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയാണ് നല്‍കുന്നത്. അതിനാല്‍ പനി കണ്ടാലുടന്‍ സ്വയം ചികിത്സ ഒഴിവാക്കി ഒരു ഡോക്ടറുടെ നിര്‍ദേശം തേടേണ്ടതാണ്.
പ്രധാന ലക്ഷണങ്ങള്‍
ചുവന്ന കുമിളകള്‍: തക്കാളി പോലെയുള്ള തിണര്‍പ്പും കുമിളകളും ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്നു.
പനി: ഉയര്‍ന്ന പനി ഉണ്ടാകാം
നിര്‍ജ്ജലീകരണം: ശരീരത്തില്‍ ജലാംശം കുറയുന്നു
ക്ഷീണം: കടുത്ത ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടുന്നു
കൈകാല്‍ വേദന: കൈകളിലും കാലുകളിലും വേദനയും തടിപ്പും ഉണ്ടാകാം
മറ്റ് ലക്ഷണങ്ങള്‍: വയറുവേദന, ഛര്‍ദ്ദി, ചുമ, ജലദോഷം എന്നിവയും കാണിക്കാം
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഐസൊലേഷന്‍: കുട്ടിക്ക് രോഗമുണ്ടെന്ന് കണ്ടാല്‍ മറ്റു കുട്ടികളുമായി ഇടപഴകാന്‍ അനുവദിക്കരുത്. ഒരാഴ്ചയെങ്കിലും വിശ്രമം നല്‍കണം.
ശുചിത്വം: കുട്ടിയുടെ വസ്ത്രങ്ങളും പാത്രങ്ങളും വെവ്വേറെ സൂക്ഷിക്കുക. കുമിളകളില്‍ ചൊറിയാന്‍ അനുവദിക്കരുത്.
ധാരാളം വെള്ളം കുടിക്കുക: ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം നല്‍കുക.
കുളിപ്പിക്കുമ്പോള്‍: ഇളം ചൂടുവെള്ളത്തില്‍ കുളിപ്പിക്കുന്നത് ചര്‍മത്തിലെ അസ്വസ്ഥതകള്‍ കുറക്കാന്‍ സഹായിക്കും.
Health
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; നിയന്ത്രണങ്ങള്‍ കടുപ്പിക്കും
ആലപ്പുഴയിലെ ഹോട്ടലുകളില്‍ നേരത്തെ ചിക്കന്‍ വിഭവങ്ങള്‍ നിരോധിച്ചിരുന്നു.
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. ആലപ്പുഴയിലെ ഹോട്ടലുകളില്‍ നേരത്തെ ചിക്കന്‍ വിഭവങ്ങള്‍ നിരോധിച്ചിരുന്നു. കഴിഞ്ഞ ദിവസം കുട്ടനാട് ഭാഗങ്ങളിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഏകദേശം 20000ലധികം പക്ഷികള്‍ ഇതിനോടകം പനി ബാധിച്ചു ചത്തിട്ടുണ്ട്. ചില താറാവുകള്‍ക്ക് കാഴ്ച്ച നഷ്ടമായി. ജില്ലാ ഭരണകൂടങ്ങളുടെ ഇടപെടലിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ പരിശോധന നടത്തിയിരുന്നു. ശനിയാഴ്ച്ച ദിവസത്തെ കണക്ക് പ്രകാരം ഏകദേശം 24,309 പക്ഷികളെ കള്ളിങ്ങിലൂടെ ഇല്ലാതാക്കി.
അതേസമയം സീസണ് കാലമായത് കൊണ്ട് ചിക്കന്‍ നിരോധിക്കുന്നത് വ്യവസായത്തെ സാരമായി ബാധിക്കും എന്ന് ഹോട്ടലുടമകള്‍ പറയുന്നു. ജില്ലാ ഭരണകൂടത്തിന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ച് കൊണ്ട് 30ാം തിയതി മുതല്‍ ഹോട്ടലുകള്‍ പൂട്ടിയിട്ട് ഉടമകള്‍ പ്രതിഷേധിക്കും. വിഷയത്തില്‍ ജില്ലാ കലക്റ്ററുമായി ഇന്ന് ചര്‍ച്ച നടത്തുമെന്ന് ഹോട്ടല്‍ ആന്റ് റെസ്റ്റോരന്റ്റ് അസ്സോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
-
kerala3 days ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
kerala3 days agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
india3 days agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala2 days agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
kerala2 days agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
india23 hours agoകര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
-
india17 hours agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
More3 days agoഗസ്സ വംശഹത്യയില്‍ ഇതുവരെ കൊല്ലപ്പെട്ടത് ഫലസ്തീന് മാധ്യമപ്രവര്‍ത്തകരുടെ 706 കുടുംബാംഗങ്ങള്‍: ഫലസ്തീന് ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ്
