ഒരിടവേളകള്‍ക്കു ശേഷം മലയാളസിനിമയില്‍ സജീവമാകുന്നുവെന്ന് തുറന്നുപറഞ്ഞ് പഴയകാല നടിയും നടന്‍ സുകുമാരന്റെ ഭാര്യയുമായ മല്ലികാസുകുമാരന്‍. രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മല്ലികാ സുകുമാരന്‍ സിനിമയില്‍ തിരിച്ചെത്തുന്നത്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക തന്റെ തിരിച്ചുവരവിനെക്കുറിച്ചും മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന യുവനടന്‍മാരായ മക്കളെക്കുറിച്ചും മനസ്സുതുറന്നത്.

കഴിഞ്ഞ കുറേ കാലമായി വിദേശത്ത് ഹോട്ടല്‍ ബിസിനസ്സുമായി കഴിയുകയാണ് മല്ലിക. ഖത്തറിലെ ബിസിനസ് അവസാനിപ്പിച്ച് മടങ്ങിയെത്തുന്നതിന് മക്കളുടെ നിര്‍ബന്ധമാണെന്ന് അവര്‍ പറയുന്നു. ഇനി അഭിനയിക്കുകയാണെങ്കില്‍ പൃഥ്വിരാജിനും ഇന്ദ്രജിത്തിനും കൂടെ അഭിനയിക്കില്ല. കാരണം നാട്ടുകാരെ പേടിയാണെന്ന് മല്ലിക പറയുന്നു. അമ്മയും മക്കളും കൂടി അഭിനയിക്കാന്‍ ഇറങ്ങിയിരിക്കുകയാണോ എന്നുള്ള ചോദ്യം കേള്‍ക്കാന്‍ വയ്യ. തനിക്കിഷ്ടം അവരില്ലാത്ത സിനിമയില്‍ അഭിനയിക്കാനാണെന്നും മല്ലിക സുകുമാരന്‍ പറയുന്നു. പൃഥ്വിരാജിനെ ആരാധകര്‍ സുപ്പര്‍സ്റ്റാറെന്ന് വിശേഷിപ്പിക്കുമ്പോള്‍ ഇന്ദ്രജിത്തോ എന്ന ചോദ്യത്തിന് മല്ലികയുടെ മറുപടി ഇങ്ങനെയായിരുന്നു. സൂപ്പര്‍സ്റ്റാര്‍ പദവി തന്റെ കുഞ്ഞുങ്ങള്‍ക്കേ വേണ്ട എന്നായിരുന്നു.

പ്രതിസന്ധികള്‍ക്കിടയിലൂടെയാണ് മക്കള്‍ വളര്‍ന്ന് വലുതായത്. അതില്‍ സന്തോഷമുണ്ട്. ഇന്ദ്രജിത്ത് ആദ്യസമയത്ത് എല്ലാ വേഷവും ചെയ്തു. പിന്നീടാണ് നായകനായത്. എന്നാല്‍ രാജു ഒരു ഹീറോ ലെവലിലേക്കാണ് എത്തിയത്. ഇന്ദ്രജിത്തും ആ നിലയിലേക്ക് എത്തുമെന്ന് പറഞ്ഞ മല്ലിക താരങ്ങളുടെ അമ്മ എന്ന പദവിയേക്കാള്‍ സുകുമാരന്റെ ഭാര്യ എന്നറിയപ്പെടാനാണ് ആഗ്രഹമെന്നും പറഞ്ഞു.