കൊല്‍ക്കത്ത: ബിജെപി മാവോവാദികളേക്കാള്‍ അപകടകാരിയാണെന്ന് മമതാ ബാനര്‍ജി. പുരുലിയയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത. ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോകാമെന്നും ബിജെപിക്ക് മുന്നില്‍ തങ്ങള്‍ തലകുനിക്കില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയ നേതാക്കന്മാരെ സൂചിപ്പിച്ചുകൊണ്ട് മമത പറഞ്ഞു.

‘രാഷ്ട്രീയം എന്നുപറയുന്നത് പവിത്രമായ ഒരു പ്രത്യയ ശാസ്ത്രമാണ്, തത്ത്വദര്‍ശനമാണ്. ഒരാള്‍ക്ക് നിത്യം വസ്ത്രം മാറാന്‍ കഴിയും എന്നാല്‍ പ്രത്യയശാസ്ത്രം മാറ്റാന്‍ സാധിക്കില്ല.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തു. എന്നാല്‍ നിങ്ങളുടെ എം.പി. ഇതുവരെ നിങ്ങളെ സന്ദര്‍ശിച്ചിട്ടുണ്ടോ? അവര്‍ നിങ്ങള്‍ക്ക് എന്തെങ്കിലും തന്നിട്ടുണ്ടോ? തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇവര്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കും. എന്നാല്‍ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ അവര്‍ ഓടിക്കളയും.’ മമത ബാനര്‍ജി പറഞ്ഞു.

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ആഘോഷമാക്കാനുളള കേന്ദ്ര തീരുമാനത്തെയും മമത വിമര്‍ശിച്ചു.’സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ദേശ് നായക് ദിവസ് എന്ന പേരില്‍ ആഘോഷിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത് ഞങ്ങളാണ്. കേന്ദ്രം പ്രഖ്യാപിച്ചത് അവരുടെ ഔചിത്യബോധം. എന്നാല്‍ ആ തീരുമാനത്തില്‍ ഞങ്ങള്‍ സന്തുഷ്ടരല്ല. കേന്ദ്ര സര്‍ക്കാര്‍ നേതാജിയുടെ ജന്മദിനം പൊതു അവധിയായി പ്രഖ്യാപിക്കണം. തെരഞ്ഞെടുപ്പിന് മുമ്പ് മാത്രമേ അവര്‍ ബംഗാളിനെ കുറിച്ച് ഓര്‍ക്കുകയുളളൂ. അവര്‍ക്ക് ബംഗാള്‍ എന്ന് കൃത്യമായി ഉച്ചരിക്കാന്‍ പോലും അറിയില്ല.’

ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അഭിനേതാവ് സായോനി ഘോഷിനെതിരേ ബിജെപി നേതാവ് തത്തഗത റോയ് പരാതി നല്‍കിയതിനെയും മമത വിമര്‍ശിച്ചു. സായോനിയെയോ ബംഗാളി ചലച്ചിത്ര മേഖലയിലെ മറ്റാരെയെങ്കിലുമോ ബിജെപിക്ക് തൊടാനാകില്ലെന്നും മമത വെല്ലുവിളിച്ചു.