കൊല്‍ക്കത്ത: ബി.ജെ.പിക്കാര്‍ക്ക് മനുഷ്യത്വം എന്താണെന്ന് അറിയില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വിമര്‍ശിക്കുന്നവരെയെല്ലാം ബി.ജെ.പിക്കാര്‍ പാക്കിസ്ഥാനികളാക്കുകയാണ്. ബി.ജെ.പിക്കാര്‍ മാത്രമാണോ ഇന്ത്യക്കാരെന്നും മമത ചോദിച്ചു. രാജ്യത്തെ ജനങ്ങളെല്ലാം സൈന്യത്തെ പിന്തുണക്കുന്നു. എന്നാല്‍ നരേന്ദ്ര മോദിയേയും അദ്ദേഹത്തിന്റെ സര്‍ക്കാറിനേയും എല്ലാവര്‍ക്കും അംഗീകരിക്കാനാവില്ല.

മോദി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സ്വന്തം പ്രശസ്തിക്ക് വേണ്ടിയാണ്. സൈന്യത്തെ പോലും മോദി രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുകയാണ്. സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ മാധ്യമങ്ങള്‍ക്ക് പോലും ഭയമാണ്. എല്ലാവരും ഒന്നിച്ചു നിന്നാല്‍ മാത്രമേ രാജ്യത്തെ രക്ഷിക്കാനാവൂ എന്നും മമതാ ബാനര്‍ജി പറഞ്ഞു.