മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ്ഫാദറിന്റെ രംഗങ്ങള്‍ ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്നു. മാര്‍ച്ച് 30ന് റിലീസ് ചെയ്യുന്ന സിനിമയുടെ ഭാഗങ്ങള്‍ തിങ്കളാഴ്ച രാത്രിയാണ് കള്‍ച്ചര്‍ ആന്റ് ആര്‍ട്സ് എന്ന ഫെയ്സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടിയും സ്നേഹയും ഉള്‍പ്പെടുന്ന രംഗത്തിന്റെ സെന്‍സര്‍ കോപ്പിയുടെ ഭാഗമാണ് പുറത്തുവന്നത്. ചിത്രത്തിന്റെ ഒരു മിനിറ്റും ഏഴ് സെക്കന്റും നീളുന്ന ഭാഗം മൊബൈലില്‍ പകര്‍ത്തിയ നിലയില്‍ ഇന്റര്‍നെറ്റിലെത്തിയതോടെ ദൃശ്യം നിരവധി പേര്‍ കാണുകയും ഷെയര്‍ ചെയ്യുകയും ഡൗണ്‍ലോഡ് ചെയ്യുകയുമുണ്ടായി.
എന്നാല്‍ ചൊവ്വാഴ്ച രാവിലെയോടെ ഇക്കാര്യം കുറെ പേര്‍ ഫെയ്സ്ബുക്കിന് റിപ്പോര്‍ട്ട് ചെയ്തതോടെ ചിത്രത്തിന്റെ രംഗം പേജില്‍ നിന്ന് പിന്‍വലിച്ചു. എന്നാല്‍ ‘കട്ട ഇക്ക ഫാന്‍’എന്ന യൂസര്‍ നൈമില്‍ രംഗം യൂട്യൂബില്‍ ഹിറ്റായി തുടരുകയാണ്.

സെന്‍സര്‍ ചെയ്യുന്നതിന് മുന്‍പ് ചിത്രത്തിന്റെ ഭാഗങ്ങള്‍ പുറത്തുവരാന്‍ പാടില്ലെന്നാണ് ചട്ടം. അതേസമയം ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ആരും തന്നെ പരാതിയുമായി രംഗത്ത് വരാത്തത് ദുരൂഹത നിലനിര്‍ത്തുന്നു. പുറത്തു വന്ന ഭാഗങ്ങള്‍ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മനപ്പൂര്‍വം പുറത്തുവിട്ടതാണോ എന്ന സംശയമാണ് നിലവില്‍ പ്രചരിക്കുന്നത്്.

അതേസമയം, സിനിമയുടെ എഡിറ്റിംഗ് നടന്ന സ്ഥലത്തുനിന്നാണ് രംഗങ്ങള്‍ ചോര്‍ന്നതെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരളായ ഷാജി നടേശന്റെ വിശദീകരണം. എന്നാല്‍, പ്രസ്തുത രംഗങ്ങള്‍ ചോര്‍ന്നതല്ലെന്നും അതു അണിയറ പ്രവര്‍ത്തകര്‍ തന്നെ ചോര്‍ത്തിയതാണെന്ന വിവരവും സിനിമാ ഇന്‍ഡസ്ട്രിക്കുള്ളില്‍ പ്രചാരത്തിലുണ്ട്.


നീണ്ട കാലത്തിനു ശേഷം വിജയമുറപ്പിച്ച് പുറത്തിറങ്ങാനിരുക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ദ് ഗ്രേറ്റ് ഫാദര്‍. നിലവില്‍ ടീസറിലൂടെ വന്‍ ഹൈപ്പ് ലഭിച്ച ചിത്രത്തിന് പ്രമോഷന്‍ ഇവന്റുകള്‍ സംഘടിപ്പിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ എല്ലായിടത്തും വാര്‍ത്തകള്‍ വരുന്നതിനായും ചിത്രത്തെക്കുറിച്ചുള്ള ക്യൂരിയോസിറ്റി ഉയര്‍ത്തുന്നതിനുമാണ് രംഗങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചതെന്നും ഇവര്‍ പറയുന്നു. ഇപ്പോള്‍ ചോര്‍ന്നിരിക്കുന്ന രംഗങ്ങള്‍ക്ക് പരമാവധി പബ്ലിസിറ്റി നല്‍കണമെന്ന് നിര്‍മ്മാതാവ് ഷാജി നടേശന്‍ തന്നെ പറയുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നതായും റിപ്പോര്‍ട്ടുണ്ട്. ദൃശ്യങ്ങള്‍ ചോര്‍ന്ന വാര്‍ത്ത നിലവില്‍ പ്രമുഖ ടെലിവിഷന്‍ ചാനലുകളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.

മമ്മൂട്ടിയും സ്നേഹയും തമ്മിലുള്ള അതിവൈകാരിക രംഗമാണ് പുറത്തായതെന്നതും ആരോപണത്തിന് ബലം വരുത്തുന്നു. മമ്മൂട്ടിയുടെ അപാര അഭിനയം എന്ന രീതിയിലാണ് ആരാധകര്‍ ദൃശ്യം പ്രചരിപ്പിക്കുന്നത്. ആരാധകര്‍ക്കിടയില്‍ ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഇനിഷ്യല്‍ കളക്ഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഇത്തരം പൊടിക്കൈകള്‍ പ്രയോജനപ്പെടുമെന്ന് നേരത്തെ തന്നെ ബോധ്യപ്പെട്ടതാണ്.

നവാഗതനായ ഹനീഫ് ആദേനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്ന പൃഥ്വിരാജിന്റെ നിര്‍മ്മാണ കമ്പനിയായ ആഗസ്റ്റ് ഫിലിംസ് ആണ് നിര്‍മിക്കുന്നത്. കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താന്‍ സൈബര്‍ ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും അവര്‍ പ്രവര്‍ത്തനം കാര്യക്ഷമമായി പ്രവര്‍ത്തനം ഇന്ന് മുതല്‍ ആരംഭിച്ചിട്ടുണ്ടെന്നും നിര്‍മാതാവ് ഷാജി നടേശന്‍ അറിയിച്ചു. അതിനുശേഷവും സൈബര്‍ സുരക്ഷ ശക്തമാക്കും എന്നും നിര്‍മാതാവ് അറിയിച്ചു.

ക്രൈം ത്രില്ലര്‍ സ്വഭാവത്തിലുള്ള സിനിമിയില്‍ തമിഴ് താരം ആര്യയും പ്രധാന കഥാപാത്രം അവതരിപ്പിച്ചിട്ടുള്ളത്.

മമ്മൂട്ടി ഫാന്‍സ് വളരെയധികം ആകാംഷയോടെ കാത്തിരിക്കുന്ന ദി ഗ്രേറ്റ് ഫാദര്‍ ടീസര്‍ ഇതിനോടകം തന്നെ റെക്കോര്‍ഡ് ഹിറ്റായി കഴിഞ്ഞിരുന്നു. ഏപ്രില്‍ 30 മുതല്‍ 150ല്‍ അധികം തീയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുവാനാണ് തീരുമാനിച്ചിരുന്നത്.