മമ്മുട്ടി നായകനായി അഭിനയിക്കുന്ന ചിത്രം കര്‍ണന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് തിരക്കഥാകൃത്ത് പി ശ്രീകുമാര്‍. പൃഥ്വിരാജും കര്‍ണന്‍ എന്ന പേരിലുള്ള സിനിമ ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് മമ്മുട്ടി കര്‍ണന്‍ ഉപേക്ഷിച്ചുവെന്ന് വാര്‍ത്ത പരന്നത്. എന്നാല്‍ മമ്മുട്ടി കര്‍ണന്‍ ഉപേക്ഷിച്ചിട്ടില്ലെന്നും സിനിമയുമായി മുന്നോട്ട് പോകുകയാണെന്നും തിരക്കഥാകൃത്ത് പി ശ്രീകുമാര്‍ വ്യക്തമാക്കി. ഒരു ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീകുമാര്‍ വിശദീകരണം നല്‍കിയത്.

‘സിനിമയുടെ തിരക്കഥാ ജോലികള്‍ പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ കൂടുതലൊന്നും പറയാനില്ല. കഴിഞ്ഞ ദിവസം ഒരാള്‍ ഫോണില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് ഇങ്ങനെയൊരു വാര്‍ത്ത തന്നെ അറിയുന്നത്. സിനിമയെക്കുറിച്ച് ഇനിയൊന്നും പറയാനില്ല, സിനിമ നടക്കുമ്പോള്‍ നടത്തി കാണിച്ച് കൊടുത്താല്‍ പോരേ, അതുവരെ കാത്തിരിക്കൂ.’-ശ്രീകുമാര്‍ പറഞ്ഞു.
മമ്മുട്ടിയെ നായകനാക്കി ചെയ്യാന്‍ ഉദ്ദേശിച്ച ഈ ചിത്രത്തിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ 18വര്‍ഷം മുമ്പ് തുടങ്ങിയതാണ്. പല തവണ തിരുത്തലുകളും മിനുക്കുപണികളും നടത്തി ഇപ്പോള്‍ പൂര്‍ണരൂപത്തില്‍ എത്തിയിരിക്കുകയാണ്. പൃഥ്വിരാജിനും ഈ പ്രൊജക്ടിനെ മുമ്പേ അറിയാവുന്നതായിരുന്നു. അദ്ദേഹത്തോട് കര്‍ണനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ വിവാഹത്തിന്റെ തിരക്കുകള്‍ മൂലം പിന്നീട് നടന്നില്ലെന്നും ശ്രീകുമാര്‍ പറഞ്ഞു.