ഉപ്പള: മുള്ളന്‍പന്നിയെ പിടികൂടാന്‍ ഗുഹക്കുള്ളിലേക്ക് കയറിയ യുവാവിനെ കാണാതായി. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ധര്‍മ്മത്തടുക്ക ബാളികയിലെ രമേശ(35)നാണ് ഗുഹക്കുള്ളിലേക്ക് കയറിയത്. ഏറെനേരം കഴിഞ്ഞിട്ടും ഇയാള്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് മറ്റു നാലുപേര്‍ ഇയാളെ രക്ഷിക്കാന്‍ ഗുഹക്കകത്തേക്ക് കയറി. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരാള്‍ പുറത്തിറങ്ങി നാട്ടുകാരെയും പോലീസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൂവരെയും പുറത്തെത്തിച്ചു.

തുടര്‍ന്ന് കാണാതായ രമേശനുവേണ്ടിയുള്ള തിരച്ചില്‍ തുടങ്ങി. ഇടുങ്ങിയതും ഒരാള്‍ക്കുമാത്രം കടന്നുപോകാന്‍ കഴിയുന്നതുമായ തുരങ്കത്തിലാണ് മുള്ളന്‍പന്നിയെ പിടികൂടാന്‍ കയറിയത്. ഉപ്പള ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. രാത്രി പത്ത് മണിക്ക് തുടങ്ങിയ രക്ഷാപ്രവര്‍ത്തനം ആറുമണിക്കൂര്‍ നീണ്ടുനിന്നു. എന്നിട്ടും കണ്ടെത്തനായിട്ടില്ല. രാവിലെ വീണ്ടും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി ഉപ്പള ഫയര്‍ സ്‌റ്റേഷന്‍ അധികൃതര്‍ പറഞ്ഞു.