നാസിക്: മകളെ ശല്യപ്പെടുത്തിയെന്നു പരാതി നല്‍കിയ പിതാവിനെ ഏഴംഗ സംഘം മര്‍ദിച്ചു കൊന്നു. ഫൈസല്‍ മുഹമ്മദ് നവാബ് അലിയാണ് മരിച്ചത്. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. കേസ് പിന്‍വലിക്കാത്ത വൈരാഗ്യത്തില്‍ 55 വയസ്സുകാരനെ പ്രതി സയിദ് ഉള്‍പ്പെട്ട സംഘം മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2015ലാണ് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന പേരില്‍ സയിദിനെതിരെ പൊലീസ് കേസെടുത്തത്.

കോടതിയുടെ പരിഗണനയിലുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതി പെണ്‍കുട്ടിയുടെ പിതാവിനെ സമീപിച്ചു. എന്നാല്‍ ഇതിനു വിസ്സമതിച്ച പെണ്‍കുട്ടിയുടെ പിതാവിനെ പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് കഴിഞ്ഞ ദിവസം വഴിയില്‍ തടഞ്ഞുനിര്‍ത്തി മരക്കമ്പു കൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയുടെ പിതാവിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ സഹോദരന്റെ പരാതിയില്‍ സയിദ് ഉള്‍പ്പെടെ നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു.