മുംബൈ: തന്റെ തോട്ടത്തിലെ മാങ്ങ കഴിച്ചാല്‍ ആണ്‍കുട്ടികളുണ്ടാവുമെന്ന അവകാശവാദവുമായി ഹിന്ദു സംഘടനാ നേതാവ്. മുന്‍ ആര്‍.എസ്.എസ് നേതാവും ഇപ്പോള്‍ ശിവപ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ എന്ന സംഘടനയുടെ അധ്യക്ഷനുമായ സംഭാജി ഭിഡെയാണ് വിചിത്രമായ അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. തന്റെ തോട്ടത്തിലെ മാങ്ങ കഴിച്ച് നിരവധി സ്ത്രീകള്‍ ആണ്‍കുട്ടികളെ പ്രസവിച്ചതായി സംഭാജി ഭിഡെ നാസിക്കില്‍ നടന്ന ഒരു സമ്മേളനത്തില്‍ പറഞ്ഞു.

‘ഊര്‍ജ്ജദായകവും പോഷകഗുണങ്ങളുള്ളതുമായ ഫലമാണ് മാങ്ങ. എന്റെ തോട്ടത്തില്‍ വിളഞ്ഞ മാങ്ങകള്‍ കഴിച്ച സ്ത്രീകള്‍ക്ക് ആണ്‍കുട്ടികള്‍ക്ക് ജനിച്ചു’-ഭിഡെ പറഞ്ഞു. രാമായണത്തില്‍ നിന്നും മഹാഭാരതത്തില്‍ നിന്നും ശ്ലോകങ്ങള്‍ ഉദ്ധരിച്ച് സമകാലിക രാഷ്ട്രീയ വ്യവസ്ഥയെ വിമര്‍ശിക്കാനും ഭിഡെ തയ്യാറായി. മുന്‍ ആര്‍.എസ്.എസ് നേതാവായ ഇദ്ദേഹം ഭീമ കൊരെഗാവ് വംശീയ ഏറ്റുമുട്ടലിലെ പ്രതികളിലൊരാളാണ്.