പ്രവാസികളുടെ കാത്തിരിപ്പിനൊടുവില്‍ പുതിയ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നു. വിമാനത്താവളം മാര്‍ച്ച് 20ന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഫുതൈസി അറിയിച്ചു.

ദേശീയ സമ്പദ്ഘടനക്ക് പുതിയ വിമാനത്താവളം സുപ്രധാന മുതല്‍ക്കൂട്ട് തന്നെയായിരിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. ആധുനിക സാങ്കേതികതയുടെ സഹായത്തോടെയുള്ള സേവനങ്ങള്‍ പുതിയ വിമാനത്താവളത്തില്‍ ലഭ്യമാക്കും. എല്ലാ സംവിധാനങ്ങളുടെയും പ്രവര്‍ത്തനക്ഷമത ഉറപ്പാക്കിയ ശേഷം ബന്ധപ്പെട്ട അധികൃതരുടെ അനുമതി ലഭിക്കും.

ഒന്നാംഘട്ടത്തില്‍ പ്രതിവര്‍ഷം 20 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളിക്കുന്ന തരത്തിലാണ് വിമാനത്താവളം ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച 20 വിമാനത്താവളങ്ങളില്‍ മസ്‌കറ്റ് വിമാനത്താവളം ഇടം പിടിക്കും. 5,80,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന പുതിയ വിമാനത്താവളത്തില്‍ ഡിപ്പാര്‍ച്ചര്‍, അറൈവല്‍ വിഭാഗങ്ങളിലായി 86 എമിഗ്രേഷന്‍ കൗണ്ടറുകളാണ് ഉണ്ടാവുക.

ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് 12 കൗണ്ടറുകളുമുണ്ടാവും. 4000 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുള്ളതാണ് പുതിയ റണ്‍വേ. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിന് 97 മീറ്റര്‍ ഉയരമുണ്ട്. ഒരേസമയം 8000 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകും. വിമാനത്തിലേക്ക് നേരിട്ട് കയറാന്‍ കഴിയുന്ന 29 ബോര്‍ഡിങ് ബ്രിഡ്ജുകളും പത്ത് ബസ് ബോര്‍ഡിങ് ലോഞ്ചുകളും ഉണ്ടാകും.

നിലവിലെ വിമാനത്താവളത്തിലെ വിമാന സര്‍വിസുകള്‍ മാര്‍ച്ച് 20 മുതല്‍ പുതിയ വിമാനത്താവള ടെര്‍മിനലിലേക്ക് മാറും. പത്തു വിഭാഗങ്ങളിലായുള്ള 43 പ്രവര്‍ത്തനക്ഷമതാ പരിശോധനകളില്‍ 32 എണ്ണം ഇതിനകം പൂര്‍ത്തിയാക്കിയെന്നും മന്ത്രി അറിയിച്ചു.