Culture
കലയല്ല കവിതയല്ല ജര്‍മനി കളിച്ചു നേടിയ വിജയം
മുഹമ്മദ് ഷാഫി
ജര്‍മനി 2 സ്വീഡന്‍ 1
ഗാരി ലിനേക്കറുടെ പ്രസിദ്ധമായ ആ വാചകം ‘ഫുട്‌ബോള്‍ ഒരു ലളിതമായ ഗെയിമാണ്. ഇരുപത്തിരണ്ട് ആണുങ്ങള്‍ 90 മിനുട്ട് പന്തിനു പിന്നാലെ ഓടുന്നു. ഒടുവില്‍ എല്ലായ്‌പോഴും ജര്‍മനി വിജയിക്കുന്നു’ സമ്മര്‍ദമേറിയ ഒരു ലോകകപ്പ് മൈതാനത്ത് അത്ഭുതകരമായി പുലരുന്നത് കാണാനുണ്ടായ അവസരം എന്റെ കളികാണല്‍ ജീവിതത്തിലെ വലിയ ഭാഗ്യങ്ങളിലൊന്നായിരുന്നു. ലോകകപ്പിലെ വന്‍മരമായ ജര്‍മനി തോറ്റു കാണുന്നതിനു വേണ്ടിയായിരിക്കണം അവരുടേതല്ലാത്ത എല്ലാ ആരാധകരും ടെലിവിഷനു മുന്നില്‍ ഉറക്കമിളച്ച് ഇരിപ്പുറപ്പിച്ചത്. അന്തിമ മിനുട്ടില്‍ ടോണി ക്രൂസ് നേടിയ, സംശയലേശമന്യേ ഈ ലോകകപ്പിലെ ഏറ്റവും മികച്ച, ഗോളില്‍ ജര്‍മനി ജയിച്ചപ്പോള്‍ അര്‍ജന്റീനയെ ഇഷ്ടപ്പെടുന്ന എനിക്ക് തരിമ്പും നിരാശയുണ്ടായിരുന്നില്ല. മാത്രവുമല്ല, ആ മത്സരം ജര്‍മനി വിജയിച്ചില്ലായിരുന്നുവെങ്കില്‍ ആലോചിച്ചു നോക്കൂ, എത്രമാത്രം വിരസവും ദുര്‍ബലവും ആവേശരഹിതവുമാകുമായിരുന്നു ഈ ലോകകപ്പിന്റെ ഇനിയുള്ള നാളുകള്‍!
ഗ്രൂപ്പ് എഫില്‍ സ്വീഡനെതിരായ ജീവന്മരണ പോരാട്ടത്തിന് ടീമിനെ ഒരുക്കുമ്പോള്‍ ജോക്കിം ലോയുടെ മനസ്സില്‍ വാശിയേക്കാള്‍ പരാജിതനായി നാട്ടിലേക്ക് വിമാനം കയറുന്ന കോച്ചാകുമല്ലോ താന്‍ എന്ന ഭീതിയായിരിക്കണം ഉണ്ടായിരുന്നത്. ലിറോയ് സാനെയെ നിഷ്‌കരുണം ടീമില്‍ നിന്ന് പുറത്താക്കാന്‍ കാണിച്ച മനസ്ഥൈര്യം ഇന്നലെ പ്ലെയിങ് ഇലവനെ നിശ്ചയിക്കുമ്പോഴും അയാള്‍ പുലര്‍ത്തി. മസൂദ് ഓസില്‍, സമി ഖദീറ, മാറ്റ് ഹമ്മല്‍സ് എന്നീ പ്രമുഖരെ പുറത്തിരുത്തി. ഡിഫന്‍സീവ് മിഡ്ഡില്‍ ടോണി ക്രൂസിനൊപ്പം കളിക്കാന്‍ ഇല്‍കേ ഗുണ്ടോഹനെ ബെഞ്ചിലിരുത്തി ഇതുവരെ ലോകകപ്പ് കളിച്ചിട്ടില്ലാത്ത സെബാസ്റ്റ്യന്‍ റൂഡിക്ക് അവസരം നല്‍കി. ഇടതു ബാക്ക് വിങ്ങില്‍ പ്ലേറ്റന്‍ഹാര്‍ട്ടിനെ മാറ്റി യൊനാസ് ഹെക്ടറിനെ പരീക്ഷിച്ചതു മനസ്സിലാക്കാം; പക്ഷേ, ഓസിലിന്റെ പൊസിഷനില്‍ മാര്‍ക്കോ റുയിസ് എത്രമാത്രം വിജയിക്കുമെന്നതില്‍ സംശയമുണ്ടായിരുന്നു. പക്ഷേ, കളി തീര്‍ന്നപ്പോള്‍ എന്റെ രണ്ട് സംശയങ്ങളും റൂഡി, റൂയിസ് തകര്‍ന്നുതരിപ്പണമായി.
നാലംഗ പ്രതിരോധത്തിന്റെ മര്‍മഭാഗത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം നില്‍സണ്‍ ലിന്‍ഡലോഫിനെ പ്രതിഷ്ഠിച്ചതായിരുന്നു സ്വീഡിഷ് ഗെയിം പ്ലാനിലെ പ്രധാന മാറ്റം. കൊറിയക്കെതിരെ കളിച്ച 442 ഫോര്‍മേഷന്‍ തന്നെയാണ് ചാമ്പ്യന്മാര്‍ക്കെതിരെയും അവര്‍ അവലംബിച്ചത്. ഈ മത്സരത്തില്‍ നിന്ന് ഒരു പോയിന്റെങ്കിലും സ്വന്തമാക്കുക എന്നതായിരുന്നു അവരുടെ പദ്ധതി. പക്ഷേ, മെക്‌സിക്കോ ഒന്നാം മത്സരത്തില്‍ കാണിച്ചതുപോലെ ഒരു അത്ഭുതം അവര്‍ പ്രതീക്ഷിക്കുന്നുണ്ടായിരുന്നുവെന്ന് തുടക്കത്തിലെ കളിയില്‍ നിന്നു വ്യക്തമായി. ജര്‍മനി സ്ഥിരം ശൈലിയില്‍ മൈതാനത്തിന്റെ വീതി ഉപയോഗപ്പെടുത്തി ആക്രമണം നയിച്ചപ്പോള്‍ പ്രത്യാക്രമണങ്ങളിലായിരുന്നു സ്വീഡന്റെ കണ്ണ്. പ്രതിരോധിക്കുമ്പോള്‍ പോലും തൊയ്‌വേനനും മാര്‍ക്കസ് ബര്‍ഗും മധ്യവട്ടത്തിനു ചുറ്റുവട്ടത്തുമായി നില്‍ക്കാന്‍ ശ്രദ്ധിക്കുന്നത് കാണാമായിരുന്നു.
തുടക്കംമുതല്‍ കളി നിയന്ത്രിച്ച ജര്‍മനി പ്രതീക്ഷിച്ചതു പോലെ എതിര്‍ബോക്‌സിനു ചുറ്റും പഴുതുകള്‍ തേടി ആക്രമിച്ചു കൊണ്ടിരുന്നു. പലതവണ ലക്ഷ്യം കാണുന്നതിനു തൊട്ടടുത്തെത്തിയപ്പോള്‍ അവരുടെ പിന്‍നിരയും ആക്രമണത്തില്‍ പങ്കുചേരാനുള്ള ആവേശം കാണിച്ച് മധ്യവര മുറിച്ചുകടന്നു. ജര്‍മനി പ്രസ്സിങ് ശക്തമാക്കിയ അരമണിക്കൂര്‍ സമയത്തില്‍ തന്നെ അതുസംഭവിച്ചു; കളിയുടെ ഗതിക്ക് വിപരീതമായി സ്വീഡന്റെ ഗോള്‍. പരിചയ സമ്പന്നനായ ടോണി ക്രൂസിന്റെ പിഴവാണ് അതിലേക്കുള്ള വഴിതുറന്നത്. മൈതാനമധ്യത്ത് ക്രൂസിന്റെ പാസ് ബ്രേക്ക് ചെയ്ത മാര്‍ക്കസ് ബെര്‍ഗ് പന്ത് തന്റെ മുന്നിലുള്ള ക്ലാസന് കൈമാറുന്നു. പിന്നോട്ടിറങ്ങിയ ക്രൂസിനും റൂഡിഗര്‍ക്കുമിടയിലൂടെ ഓടിക്കയറുന്ന തൊയ്‌വോനനെ കണ്ട ക്ലാസന്‍ ബോക്‌സിലേക്കൊരു ഹൈബോള്‍ കളിക്കുന്നു. ഉയരക്കാരനായ തൊയ്‌വോനനെ കൈകാര്യം ചെയ്യാന്‍ ഉയരക്കാരനായ റൂഡിഗര്‍ക്കു വിട്ടുകൊടുത്ത് ക്രൂസ് പിന്മാറുന്നു. പക്ഷേ, തൊയ്‌വോനന്റെ ഫസ്റ്റ് ടച്ചും സെക്കന്റ് ടച്ചും ലോകോത്തരമായിരുന്നു. ഏറെ സൂപ്പര്‍താരങ്ങളെ കൈകാര്യം ചെയ്തു പരിചയമുള്ള മാനുവല്‍ നോയറെ പോലും സ്തബ്ധനാക്കി രണ്ടാം ടച്ചില്‍ തൊയ്‌വോനന്‍ പന്ത് വലയിലേക്ക് തൂക്കിയിറക്കി. രണ്ടാം ടച്ചില്‍ തൊയ്‌വോനന്‍ പന്ത് കണ്‍ട്രോള്‍ ചെയ്യുമെന്നോ ഷോട്ടെടുക്കുമെന്നോ റൂഡിഗര്‍ മുന്‍കൂട്ടിക്കണ്ടിരുന്നില്ല; അതിന് അയാളെ കുറ്റം പറയാനും കഴിയില്ല. പോസ്റ്റിലേക്കു നോക്കാതെ വായുവില്‍ നിന്ന് പന്ത് ഉയര്‍ത്തിവിടാന്‍ തൊയ്‌വോനന്‍ കാണിച്ച സാമര്‍ത്ഥ്യത്തിനുള്ള പ്രതിഫലമായിരുന്നു ആ ഗോള്‍.
ജര്‍മന്‍ മിഡ്ഫീല്‍ഡില്‍ അതുവരെ എണ്ണയിട്ട യന്ത്രംപോലെ കളിച്ച റൂഡി തൊട്ടുമുമ്പായിരുന്നു പിന്മാറിയത്. പകരംവന്ന ഗുണ്ടോഹന് കളിയില്‍ ഇടപെടാന്‍ കഴിയുംമുമ്പ് ജര്‍മനി പിന്നിലായിക്കഴിഞ്ഞു. അപ്രതീക്ഷിതമായി വഴങ്ങിയ ഗോളാകട്ടെ ആദ്യപകുതിയില്‍ അവരെ ചകിതരാക്കി. സ്വീഡന് കിട്ടിയ മുന്‍തൂക്കമാകട്ടെ അവരുടെ ആത്മവിശ്വാസം ആകാശംമുട്ടേ ഉയര്‍ത്തി. ആദ്യപകുതിയുടെ ഇടവേള ഇല്ലായിരുന്നെങ്കില്‍ ജര്‍മനി കളി തോല്‍ക്കുക തന്നെ ചെയ്‌തേനെ.
ഇടവേളയില്‍ മനസ്ഥൈര്യം വീണ്ടെടുക്കാന്‍ ജോക്കിം ലോ തന്റെ ടീമിന് നല്‍കിയ ഉപദേശം എന്താണെന്നറിയില്ല. പക്ഷേ, രണ്ടാം പകുതിക്കിറങ്ങുമ്പോള്‍ അവസാനരക്തവും ചിന്തുംവരെ തങ്ങള്‍ പൊരുതുമെന്ന ഉറപ്പിലായിരുന്നു ജര്‍മന്‍ താരങ്ങള്‍. ഡ്രാക്സ്ലറെ മാറ്റി മരിയോ ഗോമസിനെ ഇറക്കിയപ്പോള്‍ തന്നെ, ബോക്‌സില്‍ സ്വീഡന് തലവേദന ഒഴിയില്ലെന്നുറപ്പായി. അസാമാന്യമായ ഹൈപ്രസ്സ് ഗെയിമാണ് 46ാം മിനുട്ടു മുതല്‍ അവര്‍ കളിച്ചത്. രണ്ടുമിനുട്ടിനുള്ളില്‍ തന്നെ ഫലം ലഭിക്കുകയും ചെയ്തു. ഇടതുവിങില്‍ നിന്ന് വെര്‍നര്‍ നല്‍കിയ ക്രോസില്‍, അബദ്ധത്തില്‍ സംഭവിച്ചതായാല്‍ പോലും ഗോമസിന്റെ ഫുട്ട്‌വര്‍ക്കിനാണ് ആ ഗോളിന്റെ പകുതിമാര്‍ക്കും നല്‍കേണ്ടത്. പന്തിനെ ബോക്‌സിന്റെ കൃത്യം മധ്യത്തിലേക്ക് കടത്തിവിടുന്നതിനൊപ്പം അതുവരെ അചഞ്ചലനായി നിന്ന ഗ്രാന്‍ക്വിസ്റ്റിനെ തനിക്കൊപ്പം നിലത്തുവീഴ്ത്താനും അയാള്‍ക്കായി. റൂയിസിന്റെ ഫസ്റ്റ് ടൈം ഫിനിഷ് ഗോള്‍കീപ്പര്‍ക്ക് അനങ്ങാന്‍ പോലുമുള്ള സമയം ലഭിച്ചില്ല.
സമനില ഗോള്‍ വന്നതോടെ തന്നെ ജര്‍മനി മാനസികമായി ജയിച്ചു കഴിഞ്ഞിരുന്നു. പിന്നീട് തുടരെ തുടരെ ആക്രമണങ്ങള്‍; അതിനൊപ്പം അവസരങ്ങളും. ആദ്യപകുതിയില്‍ സംഭവിച്ച പ്രതിരോധ അബദ്ധം ഇനിയുണ്ടാകാതിരിക്കാന്‍ അവര്‍ ജാഗ്രത പുലര്‍ത്തി. എല്ലാവരെയും സ്വന്തം ഹാഫിലേക്കു വിളിച്ച് സമനിലക്കു വേണ്ടി പോരാടുക എന്ന സ്വീഡിഷ് കോച്ച് ആന്റേഴ്‌സന്റെ തന്ത്രം കാര്യങ്ങള്‍ ചാമ്പ്യന്മാര്‍ക്ക് എളുപ്പമാക്കി. തുടര്‍ച്ചയായ പ്രസ്സിങിനിടെ ജര്‍മനിയില്‍ നിന്ന് വീണ്ടെടുക്കുന്ന പന്തുകളില്‍ അതിവേഗ പ്രത്യാക്രമണം നയിക്കാന്‍ പാകത്തില്‍ സ്വീഡിഷ് കളിക്കാര്‍ മൈതാനമധ്യത്തിലോ വശങ്ങളിലോ ഉണ്ടായിരുന്നില്ല. വല്ലപ്പോഴും കൗണ്ടര്‍ അറ്റാക്കിനു കോപ്പുകൂട്ടുമ്പോഴാകട്ടെ, റീഗ്രൂപ്പ് ചെയ്യാന്‍ ജര്‍മന്‍ ഡിഫന്‍സിന് ആവശ്യമായ സമയം ലഭിക്കുകയും ചെയ്തു. ജര്‍മന്‍ നിരയില്‍ ഇന്നലത്തെ മോശം പ്രകടനക്കാരിലൊരാളായ ബോട്ടങ് 82ാം മിനുട്ടില്‍ ചുവപ്പുകാര്‍ഡ് കണ്ടതെങ്കിലും ഉപയോഗപ്പെടുത്താന്‍ സ്വീഡന് കഴിയേണ്ടിയിരുന്നു. പക്ഷേ, സമനില മോഹിച്ച് അവരതിന് മുതിര്‍ന്നില്ല.
അന്തിമ ഘട്ടത്തിലെ ടോണി ക്രൂസിന്റെ ആ ഗോള്‍! ലോകകപ്പിലെ മികച്ച ഗോളായി ഞാനതിന് വോട്ട് ചെയ്യുന്നതിന്റെ കാരണങ്ങള്‍ ഇവയൊക്കെയാണ്. 1. ആ ആംഗിളില്‍ കിട്ടുന്ന ഫ്രീകിക്ക് വലയിലെത്തിക്കാന്‍ കഴിയുമെന്ന ക്രൂസിന്റെ ആത്മവിശ്വാസം. 2. ആംഗിള്‍ കുറച്ചുകൂടി കൃത്യമായി കിട്ടുന്നതിനു വേണ്ടി റൂയിസുമായി നടത്തിയ ആസൂത്രണം. 3. അത്ര അടുത്തുനിന്ന് പ്രതിരോധക്കാരുടെ തലകള്‍ക്കു മുകളിലൂടെ പന്തടിച്ചു കയറ്റാന്‍ ഒരേ ഒരിടമേ പോസ്റ്റില്‍ ഒഴിഞ്ഞതായി ഉണ്ടായിരുന്നുള്ളൂ. അവിടേക്കു തന്നെ, പന്തിന് ആവശ്യമായ അളവില്‍ മാത്രം വേഗതയും വളവും നല്‍കി ക്രൂസ് അടിച്ചുകയറ്റി. പ്രതിഭയും പരിചയ സമ്പത്തും ഭാഗ്യവും കൂടിച്ചേര്‍ന്ന അത്ഭുത ഗോള്‍. അതും, ഒരു മിനുട്ട് കൂടി കഴിഞ്ഞിരുന്നെങ്കില്‍ ലോകകപ്പില്‍ നിന്ന് പുറത്തേക്കുള്ള പടിയില്‍ നില്‍ക്കേണ്ടി വരുമായിരുന്ന സന്ദര്‍ഭത്തില്‍ നേടിയ മില്യണ്‍ ഡോളര്‍ മൂല്യമുള്ള ഗോള്‍.
അവസാനം ആലോചിക്കുമ്പോള്‍ ജര്‍മനി രണ്ടാം പകുതിയില്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ആക്രമണപദ്ധതിയാണ് അവരെ രക്ഷിച്ചത്. അതിനനുസൃതമായ കളിക്കാരും അവരുടെ സന്നദ്ധതയും ജോക്കിം ലോയ്ക്കുണ്ടായിരുന്നു. ഒരിക്കല്‍ക്കൂടി, പ്രതിരോധത്തിലൂന്നാനുള്ള ഒരു ടീമിന്റെ പദ്ധതി അവസാന നിമിഷം പൊളിക്കാന്‍ ക്ഷമയോടെ, നന്നായി കളിച്ച ടീമിനായി. അതുകൊണ്ട് ഈ ലോകകപ്പിലെ മികച്ച മത്സരങ്ങളിലൊന്ന് കാണാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കഴിയുകയും ചെയ്തു.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala13 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala2 days agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala13 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍
-
kerala1 day agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala2 days agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍

