പോര്‍ട്ട് ലൂയിസ്: സാമ്പത്തിക ക്രമക്കേടില്‍പ്പെട്ട മൗറീഷ്യസിന്റെ ആദ്യ വനിതാ പ്രസിഡന്റ് അമീന ഗുരിബ് ഫകിം രാജിവെച്ചു. സാമ്പത്തിക ക്രമക്കേടാണ് അമീനയെ രാജിയിലേക്ക് നയിച്ചത്. ഈ മാസം 23 നകം ഔദ്യോഗികമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കി പദവി ഒഴിയാനാണ് തീരുമാനം.

സേവനപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ പണം ഷോപ്പിങ്ങിനായി വിനിയോഗിക്കുകയായിരുന്നു പ്രസിഡന്റ് അമീന ഗുരിബ് ഫകിം.
പ്ലാനറ്റ് എര്‍ത്ത് ഇന്‍സ്റ്റിറ്റിയൂട്ട് സേവനപ്രവര്‍ത്തനങ്ങളുടെ ആവശ്യാര്‍ഥം നല്‍കിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പ്രസിഡന്റ് അമീന ഇറ്റലിയിലും ദുബായിലും ഷോപ്പിങ് നടത്തിയെന്ന വാര്‍ത്ത ഏറെ വിവാദമായിരുന്നു. 2016 ല്‍ ഒരു പ്രാദേശിക ചാനലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച അമീന പദവി ഒഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. പക്ഷേ, വിവാദം കടുത്തതോടെ രാജിസമ്മര്‍ദ്ദം ഏറുകയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രസിഡന്റ് രാജിവെക്കുമെന്നു പ്രധാനമന്ത്രിതന്നെ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ രാജി.

26,000 ഡോളറാണ് അമീന ചെലവഴിച്ചത്. കെമിസ്ട്രി പ്രഫസറായിരുന്ന അമീന ഗുരിബ് ഫകിം 2015-ലാണ് മൗറീഷ്യസിന്റെ ആദ്യ വനിതാ പ്രസിഡന്റായി ചുമതലയേറ്റത്.