കൊച്ചി: സംസ്ഥാനത്ത് നിപ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗൗരവതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് നിപ സ്ഥിരീകരിച്ചത് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ആദ്യം അറിയിച്ചത് മാധ്യമങ്ങളോടാണ്. ഇപ്പോള്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്. മാധ്യമ പ്രവര്‍ത്തകര്‍ നിപയുമായി ബന്ധപ്പെട്ട് എക്‌സ്‌ക്ലൂസിവ് വാര്‍ത്ത ലഭിക്കുന്നതിനു വേണ്ടി ശ്രമിക്കരുതെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. രോഗം ബാധിച്ച ആളുടെ വീട്ടിലേക്കോ പ്രദേശത്തേക്കോ മാധ്യമ പ്രവര്‍ത്തകര്‍ പോകരുത് എന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. പ്രത്യേക പരിശീലനം ലഭിച്ച ആളുകള്‍ മാത്രമേ രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന മേഖലയിലേക്ക് പോകാവു എന്നും കല്‍പനയുണ്ട്.

എല്ലാ ദിവസവും വൈകുന്നേരം ഏഴ് മണിക്ക് ആരോഗ്യമന്ത്രി, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവരില്‍ ആരെങ്കിലും മാധ്യമപ്രവര്‍ത്തകരെ കാണും. അഞ്ച് മണിക്ക് മാധ്യമങ്ങള്‍ക്ക് മെഡിക്കല്‍ ബുള്ളറ്റിന്‍ ലഭ്യമാക്കും. ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തിലും മെഡിക്കല്‍ ബുള്ളറ്റിനിലുമുള്ള വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കേണ്ടത്. മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ആരോഗ്യവകുപ്പ് ഒരു വാര്‍ത്തയും മറച്ചുവയ്ക്കില്ലെന്നും ഈ സമയത്ത് എക്‌സ്‌ക്ലൂസീവ് ന്യൂസുകള്‍ക്കായി മാധ്യമങ്ങള്‍ ശ്രമിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

അതേ സമയം നിപയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മുഖ്യധാരാ മാധ്യമങ്ങളെല്ലാം നല്ല നിലയിലാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.