ന്യൂഡല്‍ഹി: രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം നിര്‍ബന്ധമാണെന്ന് സുപ്രീം കോടതി. അഴിമതി പുറത്തുകൊണ്ടുവരുന്ന റിപ്പോര്‍ട്ടുകളില്‍ എന്തെങ്കിലും ചെറിയ തെറ്റുകളോ, അത്യുല്‍സാഹം കാണിക്കുകയോ, ആര്‍ക്കെങ്കിലും ഇതുമായി ബന്ധമുണ്ടെന്ന് പറയുന്നതോ അപകീര്‍ത്തിയായി കാണാനാവില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

തെറ്റായ വാര്‍ത്ത നല്‍കി തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന ബിഹാര്‍ മന്ത്രിയുടെ മകളുടെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി നിര്‍ണായക നിരീക്ഷണം നടത്തിയത്. 2010ല്‍ ബിഹാറിലെ ബിഹിയ വ്യവസായ മേഖലയില്‍ ഭക്ഷ്യ സംസ്‌കരണ യൂണിറ്റിനായി നടന്ന വിവാദ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതായി ഇവര്‍ കോടതിയെ സമീപിച്ചത്. ഹിന്ദി ടിവി ന്യൂസ് ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ തന്നെയും മാതാപിതാക്കളെയും നിന്ദിക്കുന്നതും ആക്ഷേപിക്കുന്നതുമായി പരാമര്‍ശങ്ങളുണ്ടെന്ന് കാണിച്ചാണ് ഇവര്‍ കോടതിയിലെത്തിയത്. ജനാധിപത്യത്തില്‍ നിങ്ങള്‍ സഹിഷ്ണുത കാണിക്കാന്‍ പഠിക്കണം.

ഹര്‍ജിക്കാരിയുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. 2011 മുതല്‍ തുടങ്ങിയ കേസ് വ്യക്തികളുടെ സമയവും പണവും നിരവധി നഷ്ടപ്പെടുത്തി. മാനനഷ്ടകേസുകള്‍് ഭരണഘടനാപരമായി നിലനില്‍ക്കുന്നതാണ്. എന്നാല്‍, പരാതിയില്‍ ആരോപിക്കുന്ന തെറ്റായ വാര്‍ത്ത ഒരു അഴിമതിയെ കുറിച്ചാണെന്നും അത് അപകീര്‍ത്തിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നും ഹര്‍ജിക്കാരിയുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര പറഞ്ഞു. അഴിമതികള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ചില ചെറിയ തെറ്റുകളും ആവേശവുമുണ്ടാകും.

എന്നാല്‍, ഇതൊന്നും മാധ്യമ സ്വാതന്ത്രത്തിന് വിലങ്ങാവാന്‍ പാടില്ല. മാധ്യമ സ്വാതന്ത്ര്യം പൂര്‍ണമായും നല്‍കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ബിജെപി ദേശീയധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജെയ്ഷായ്‌ക്കെതിരേ അനധികൃത സ്വത്ത് സമ്പാദനത്തിനെതിരേ വാര്‍ത്ത നല്‍കിയ ദി വയറിനെതിരെയും ആധാര്‍ കാര്‍ഡ് വിവരങ്ങളുടെ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്ത ദി ട്രിബ്യൂണിലെ വനിതാ മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരേയും നടപടിയെടുത്തതിനു പിന്നാലെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി പുറത്തു വരുന്നത്.