ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങള്‍ ഉന്നയിക്കാത്തത് എന്തുകൊണ്ടാണെന്ന് മാധ്യമപ്രവര്‍ത്തകരോട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മാധ്യമപ്രവര്‍ത്തകര്‍ നിരന്തരമായി തന്നോട് പല ചോദ്യങ്ങളും ഉന്നയിക്കുന്നുണ്ട്. അതിന് താന്‍ കൃത്യമായ ഉത്തരവും നല്‍കുന്നുണ്ട്. എന്നാല്‍ മോദിയോട് യാതൊരു വിധത്തിലുമുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുന്നില്ല. റാഫേല്‍ ഇടപാടോ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജെയ് ഷായുടെ ഇടപാടുകള്‍ സംബന്ധിച്ചോ മാധ്യമപ്രവര്‍ത്തകര്‍ മോദിയോട് ചോദ്യങ്ങളുന്നയിക്കുന്നില്ല. ഇന്ത്യയിലെ ഒരു ബിസിനസ് ഭീമനു വേണ്ടിയാണ് റാഫേല്‍ ഇടപാട് വേണ്ടെന്നു മോദി തീരുമാനിച്ചത്. ഇത് ആര്‍ക്കു വേണ്ടിയാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും രാഹുല്‍ പറഞ്ഞു. അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനു വേണ്ടി മോദി നല്‍കുന്ന സഹായങ്ങളെ പരിഹസിച്ചാണ് രാഹുലിന്റെ പ്രതികരണം.
സെല്‍ഫ് ‘റിലയന്‍സ്’ ആണ് മോദിയുടെ മേക്ക് ഇന്‍ ഇന്ത്യയുടെ മുഖമുദ്രയെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. റിലയന്‍സ് ഡിഫന്‍സിനു ലാഭമുണ്ടാക്കാനാണ് റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ മോദി സര്‍ക്കാര്‍ മാറ്റം വരുത്തിയതെന്നും രാഹുല്‍ ആരോപിച്ചു.