X

മെഡിക്കല്‍ പ്രവേശനം; ഫീസ് അഞ്ച് ലക്ഷം രൂപ, ബോണ്ട് ആറ് ലക്ഷം: സ്വാശ്രയ വിഷയത്തില്‍ ഹൈക്കോടതി

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി ഹൈക്കോടതി ഇടക്കാല ഉത്തരവ്. അഞ്ച് ലക്ഷം രൂപ ഫീസും ആറ് ലക്ഷം രൂപ ബോണ്ടും സമര്‍പ്പിച്ച് പ്രവേശനം നടത്താനാണ് ഹൈക്കോടതി ഉത്തരവ്. ഈ മാസം 31ന് അകം പ്രവേശനം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. 24നും 26നുമായി കൗണ്‍സലിങ് നടത്തണം. 27ന് അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കണം. 29ന് പ്രവേശനത്തിനുള്ള പട്ടിക പ്രസിദ്ധീകരിച്ച് 31ന് ഉള്ളില്‍ മെഡിക്കല്‍ പ്രവേശനം പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശം.

പ്രവേശന നടപടികളുമായി ബന്ധപ്പെട്ട എല്ലാ നടപടികളിലും കോടതി വ്യക്തത വരുത്തി. 18ന് തുടങ്ങിയ കൗണ്‍സിലിങ് പ്രകാരമുള്ള അലോട്ട്‌മെന്റ് 24ന് പൂര്‍ത്തീകരിക്കും. ശേഷിക്കുന്ന ഒഴിവുകളുടെ എണ്ണവും കോളജ് തിരിച്ചുള്ള പട്ടികയും 25ന് പ്രസിദ്ധീകരിക്കും. തുടര്‍ന്ന് 26നു വൈകിട്ട് നാലുവരെ കുട്ടികള്‍ക്ക് ഓണ്‍ലൈനായി ഓപ്ഷന്‍ സമര്‍പ്പിക്കാം. 27ന് രണ്ടാം അലോട്ട്‌മെന്റ് നടക്കും. ഇതനുസരിച്ച് 29ന് വൈകിട്ട് നാലുവരെ വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷനെടുക്കാം. തുടര്‍ന്നും ഒഴിവുകളുണ്ടെങ്കില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 30നും 31നും സ്‌പോട്ട് അലോട്ട്‌മെന്റ് എന്‍ട്രന്‍സ് കമ്മിഷണര്‍ നടത്തും.

നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ വിശദീകരണവുമായെത്തിയ പ്രവേശന പരീക്ഷാ കമ്മിഷണറെ കോടതി ഉത്തരവുകള്‍ വളച്ചൊടിച്ചെന്ന് പറഞ്ഞ് ഹൈക്കോടതി വിമര്‍ശിച്ചു. മാനേജുമെന്റുകളുടെ കളിപ്പാവയാവുകയാണ് സര്‍ക്കാരെന്ന വിമര്‍ശനവും കോടതി നടത്തി. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്ന് ആരും ചിന്തിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. ഉത്തരേന്ത്യയേക്കാള്‍ കഷ്ടമാണ് കേരളത്തിലെ ജാതിവ്യവസ്ഥയെന്നും ജാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ വിഭജിച്ച് സ്വന്തം കീശ വീര്‍പ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും വാദത്തിന്റെ ഒരുഘട്ടത്തില്‍ ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു.

chandrika: