X

മിയാമിയില്‍ മെസി വസന്തം; ഇരട്ട ഗോള്‍, അസിസ്റ്റ്; വന്‍ ജയവുമായി ഇന്റര്‍ മിയാമി

ഫ്‌ലോറിഡ: അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ താണ്ഡവം തുടരുന്നു. ഇന്റര്‍ മിയാമിക്കായി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മെസി ഗോള്‍ കണ്ടെത്തി. അറ്റ്‌ലാന്റ യുണൈറ്റഡിന് എതിരെ ഇരട്ട ഗോള്‍ കണ്ടെത്തിയ മെസി ഒരു അസിസ്റ്റും പേരിലാക്കി. ഇതോടെ ഇന്റര്‍ മിയാമി 40ന് അറ്റ്‌ലാന്റയെ തരിപ്പിണമാക്കി.

റോബര്‍ട്ട് ടെയ്‌ലറുടെ പേരിലാണ് മറ്റ് രണ്ട് ഗോളുകള്‍. ഇന്റര്‍ മിയാമിയില്‍ എത്തിയ ശേഷം തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് മെസി വലകുലുക്കിയത്. അറ്റ്‌ലാന്റ യുണൈറ്റഡിനായി മെസി ഇരട്ട ഗോളും റോബര്‍ട്ട് ടെയ്‌ലര്‍ ഒരു ഗോളും നേടിയതോടെ ഇന്റര്‍ മിയാമി ആദ്യപകുതിയില്‍ തന്നെ 30ന് മുന്നിലെത്തി. 8, 22 മിനുറ്റുകളിലായിരുന്നു മെസിയുടെ ഗോളുകള്‍. 44ാം മിനുറ്റില്‍ ടെയ്‌ലര്‍ ലക്ഷ്യം കണ്ടു. രണ്ടാംപകുതി ആരംഭിച്ച് 53ാം മിനുറ്റില്‍ ടെയ്‌ലറും ഇരട്ട ഗോള്‍ കുറിച്ചു.

മത്സരത്തില്‍ മെസിക്കും ടെയ്‌ലര്‍ക്കും ഇരട്ട ഗോളും ഓരോ അസിസ്റ്റുമുണ്ട്. മിയാമി താരം ക്രിസ്റ്റഫര്‍ മക്‌വെ 84ാം മിനുറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ടതൊന്നും ടീമിനെ ചാഞ്ചാടിച്ചില്ല. കഴിഞ്ഞ അരങ്ങേറ്റ മത്സരത്തില്‍ ക്രൂസ് അസൂലിനെതിരെ മെസി 94ാം മിനുറ്റില്‍ മഴവില്‍ ഫ്രീകിക്കിലൂടെ ഗോള്‍ നേടിയിരുന്നു. ഇതോടെ മിയാമിയിലെത്തിയ ശേഷം രണ്ട് കളിയില്‍ മൂന്ന് ഗോളായി അര്‍ജന്റൈന്‍ ഇതിഹാസത്തിന്.

ക്രൂസ് അസൂലിനെതിരെ കളി സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയിരിക്കെയാണ് 94ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുവെച്ച് അസൂല്‍ മിഡ്ഫീല്‍ഡര്‍ ജീസസ് ഡ്യൂനസ് ലിയോണല്‍ മെസിയെ ഫൗള്‍ ചെയ്തത്. ഫൗളിന് റഫറി ഇന്റര്‍ മിയാമിക്ക് അനുകൂലമായി ഫ്രീ കിക്ക് അനുവദിച്ചു. കിക്ക് എടുക്കാനെത്തിയ മെസി ലക്ഷ്യം തെറ്റാതെ ശക്തമായൊരു ഇടങ്കാലനടിയിലൂടെ ഗോളിയുടെ നീട്ടിപ്പിടിച്ച നീണ്ട ഡൈവിനെയും മറികടന്ന് പന്ത് വലയിലാക്കുകയായിരുന്നു. ഇന്റര്‍ മിയാമിയിലെ മെസിയുടെ ഗോളടി ആരാധകരെ ത്രില്ലടിപ്പിക്കുകയാണ്.

webdesk14: