ബഗ്ദാദ്: ഇറാഖില്‍നിന്ന് വിട്ടുപോകുന്നതു സംബന്ധിച്ച് കുര്‍ദിസ്താന്‍ മേഖലയില്‍  ഹിതപരിശോധന നടക്കവെ രാജ്യമെങ്ങും പ്രതിഷേധം. ഹിതപരിശോധന തടയണമെന്നാവശ്യപ്പെട്ട് കിഴക്കന്‍ ഇറാഖില്‍ നൂറുകണക്കിന് ആളുകള്‍ തെരുവിലിറങ്ങി.
കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണ് ഹിതപരിശോധന നടക്കുന്നത്. ഇറാഖിന്റെ തകര്‍ച്ചക്ക് കാരണമാകുന്ന നീക്കത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ഐക്യരാഷ്ട്രസഭയും യു.എസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികളും കുര്‍ദിഷ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Supporters wave flags and chant slogans inside the Erbil Stadium while waiting to hear Kurdish President Masoud Barzani

അയല്‍രാജ്യങ്ങളായ തുര്‍ക്കിയും ഇറാനും ഹിതപരിശോധനക്ക് എതിരാണ്. മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇസ്്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) തീവ്രവാദികള്‍ക്കെതിരെ തുടരുന്ന പോരാട്ടത്തെ ഇറാഖിന്റെ വിഭജനം ദുര്‍ബലമാക്കുമെന്ന് അവര്‍ മുന്നറിയിപ്പുനല്‍കുന്നു. ഹിതപരിശോധന നടക്കുന്ന കിര്‍ക്കുക്ക് പ്രവിശ്യയില്‍ ശനിയാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ നാല് കുര്‍ദിഷ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഏഴു കുര്‍ദിഷ് പെഷ്‌മെര്‍ഗ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തലസ്ഥാനമായ ബഗ്ദാദില്‍നിന്ന് 250 കിലോമീറ്റര്‍ അകലെ കുര്‍ദിഷ് സൈനികരുടെ പട്രോള്‍ വാഹനത്തിനുനേരെയാണ് ബോംബാക്രമണം നടന്നത്.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഹിതപരിശോധന നീട്ടിവെക്കണമെന്ന അന്താരാഷ്ട്ര ആവശ്യം കുര്‍ദിസ്താന്‍ പ്രസിഡന്റ് മസൂദ് ബര്‍സാനി തള്ളി. ഐക്യരാഷ്ട്രസഭയും അമേരിക്കയും ബ്രിട്ടനും ഹിതപരിശോധന തടയാന്‍ നടത്തുന്ന ശ്രമങ്ങളെ അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കുര്‍ദിഷ് ഭരണകൂടം നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് ബര്‍സാനിയുടെ ഉന്നത ഉപദേഷ്ടാവ് ഹുഷിയാര്‍ സബരി വ്യക്തമാക്കി. സ്വയംനിര്‍ണയാവകാശത്തിന് ലഭിക്കുന്ന ചരിത്രപരമായ അവസരമായാണ് ഭൂരിഭാഗം കുര്‍ദുകളും ഹിതപരിശോധനയെ കാണുന്നത്. ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് പശ്ചിമേഷ്യയെ വിഭജിച്ച പൈകോട്ട് കരാറിനെ തുടര്‍ന്ന് മൂന്നു കോടിയോളം കുര്‍ദുകള്‍ ഇറാന്‍, തുര്‍ക്കി, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ ചിതറാന്‍ കാരണമായി.