kerala

‘മന്ത്രി പോയിട്ട് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ല, കൂടുതല്‍ പറയിപ്പിക്കരുത്’: ആരോഗ്യമന്ത്രിക്കെതിരെ ലോക്കല്‍ കമ്മിറ്റി അംഗം

By webdesk17

July 04, 2025

കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മന്ത്രി പോയിട്ട് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ലെന്നും കൂടുതല്‍ പറയുന്നില്ലെന്നും പറയിപ്പിക്കരുതെന്നുമാണ് പോസ്റ്റില്‍ പറയുന്നത്. പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പി.ജെ ആണ് ആരോഗ്യമന്ത്രിക്കെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയത്. എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് ആണ് ജോണ്‍സണ്‍ പി.ജെ.

കെട്ടിടം തകര്‍ന്നുവീണ് അപകടമുണ്ടായതിന് പിന്നാലെ മന്ത്രി നടത്തിയ പ്രതികരണങ്ങളാണ് പ്രകോപനത്തിന് പിന്നില്‍.

അതേസമയം മരിച്ച ബിന്ദുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. തലയോലപ്പറമ്പ് കീഴൂരിലെ വീട്ടുവളപ്പില്‍ രാവിലെ 11 മണിക്കാണ് സംസ്‌കാര ചടങ്ങ്. ബിന്ദുവിന്റെ മരണ കാരണം അധികൃതരുടെ അനാസ്ഥയാണെന്ന് കുടുംബം ആരോപിച്ചു.ബിന്ദുവിന്റെ മരണത്തിന് ശേഷം ആരോഗ്യമന്ത്രിയോ കലക്ടറോ ഇപ്പോഴും ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.