ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന ബലാത്സംഗക്കേസുകളെ ന്യായീകരിച്ച് കേന്ദ്രമന്ത്രി രംഗത്ത്. ഇന്ത്യയെ പോലുള്ള രാജ്യത്ത് ഒന്നോ രണ്ടോ ബലാത്സംഗക്കേസുകള്‍ വലിയ ചര്‍ച്ചയാക്കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സന്തോഷ് ഗംഗ്വാര്‍ പറഞ്ഞു.
ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കേന്ദ്ര തൊഴില്‍ സഹമന്ത്രിയായ സന്തോഷ് ഗംഗ്വാറിന്റെ പ്രതികരണം.
‘ ഇത്തരം സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. ചിലപ്പോള്‍ നിങ്ങള്‍ക്കത് തടയാനാവില്ല. എല്ലായിടത്തും സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇങ്ങനെയുള്ള ഒന്നോ രണ്ടോ ബലാത്സംഗ കേസുകള്‍ ഇന്ത്യയെ പോലുള്ള വലിയ രാജ്യത്ത് പ്രശ്‌നമാക്കേണ്ടതില്ല’, കേന്ദ്രമന്ത്രി പറഞ്ഞു.
12 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന കേന്ദ്രമന്ത്രിസഭയുടെ ഓര്‍ഡിനന്‍സ് രാഷ്ട്രപതി അംഗീകരിച്ചതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശം.