തിരുവനന്തപുരം: ഗവര്‍ണറുടെ പരാമര്‍ശം സര്‍ക്കാരിന് എതിരല്ലെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. അതാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചായിരുന്നു ഗവര്‍ണര്‍ പരാമര്‍ശം നടത്തിയത്.

കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങള്‍ കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നുവെന്ന പരാമര്‍ശം ഗൗരവതരമെന്ന് മന്ത്രി പറഞ്ഞു. കേരളത്തോട് കൂടുതല്‍ താല്‍പര്യമുള്ളതുകൊണ്ടാണ് ഉത്കണ്ഠ പ്രകടിപ്പിച്ചത്. അത് സര്‍ക്കാരിനെക്കുറിച്ചുള്ള വിമര്‍ശനമല്ലെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നില്‍. സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.