തൊടുപുഴ: യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രിയും സി.പി.എം സെക്രട്ടറിയേറ്റ് അംഗവുമായ എം.എം മണി പ്രതിയായി തുടരും. അതേസമയം സിപിഎം ജില്ലാ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ കെ.കെ ജയചന്ദ്രനും കേസില്‍ പ്രതിയാകും. തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്. മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തളളിക്കൊണ്ടാണ് കോടതി നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേസില്‍ രണ്ടാം പ്രതിയായ മണി വിചാരണ നേരിടണം.

മണക്കാട് പ്രസംഗത്തെ തുടര്‍ന്ന് പുനരന്വേഷണം നടന്ന കേസില്‍ രണ്ടാം പ്രതിയാണ് എം.എം.മണി. കെ.കെ. ജയചന്ദ്രന്‍, എം.എം.മണി എന്നിവര്‍ ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രോസിക്യൂഷന്‍ വാദം. കേസുമായി ബന്ധപ്പെട്ട് രണ്ട് ഹര്‍ജികളാണ് ഇന്ന് കോടതി പരിഗണിച്ചിരുന്നത്. എം.എം മണിയുടെ വിടുതല്‍ ഹര്‍ജിയും സിപിഎം ജില്ലാ സെക്രട്ടറി കെ. കെ. ജയചന്ദ്രനെയും സിഐടിയു മുന്‍ ജില്ലാ സെക്രട്ടറി എ. കെ ദാമോദരനെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയും.
ഇതില്‍ രണ്ടിലും പ്രോസിക്യൂഷന് അനുകൂലമായാണ് കോടതിയുടെ ഉത്തരവ് വന്നത്.

1982 നവംബര്‍ പതിമൂന്നാംതിയ്യതിയാണ് അഞ്ചേരി ബേബി വധിക്കപ്പെട്ടത്. 2012 മെയ് 25ന് മണക്കാട്ടുെവച്ച് എം.എം.മണി നടത്തിയ വിവാദപ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ്
വീണ്ടും കേസ് രജിസ്റ്റര്‍ചെയ്തത്. ഇതില്‍ എം.എം.മണി ഉള്‍പ്പെടെ മൂന്നുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. പാമ്പുപാറ കുട്ടന്‍, ഒജി മദനന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.