X

യാത്രക്കാര്‍ക്ക് വഴി കാട്ടാന്‍ ഹമദ് വിമാനത്താവളത്തില്‍ മൊബൈല്‍ ആപ്പ്

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരെ വഴി കാട്ടുന്ന മൊബൈല്‍ ആപ്പിന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ പുറത്തിറക്കി. നേരത്തേ ഐ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്ന ഐ ബീക്കണ്‍ ബന്ധിപ്പിച്ച എച്ച് ഐ എ ഖത്തര്‍ എന്ന പേരിലുള്ള ആപ്ലിക്കേഷന്റെ ആന്‍ഡ്രോയിഡ് വേര്‍ഷനാണ് ഇത്്. ഇന്‍ഡോര്‍ പൊസിഷനിംഗ് ടെക്‌നോളജി ഉപയോഗിച്ച് ഐ ഫോണ്‍ വേര്‍ഷന്‍ അപ്‌ഗ്രേഡ് ചെയ്തതായും അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.


എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാരെ വഴി തെറ്റാതെ ഗേറ്റുകളിലും ലോഞ്ചുകളിലുമെത്തുന്നതിനും മറ്റു പ്രധാന സ്ഥലങ്ങളിലെത്തുന്നതിനും സഹായിക്കുന്ന അത്യാധുനിക സൗകര്യമായാണ് ഈ ആപ്പ് നല്‍കുന്നത്. വിമാനങ്ങളുടെ കൃത്യമായ വിവരങ്ങളറിയാനും ഈ ആപ്പിലൂടെ സാധിക്കും. ഷോപിംഗ്, ഡൈനിംഗ് കേന്ദ്രങ്ങള്‍, പ്രധാന ബ്രാന്‍ഡഡ് ഷോപ്പുകള്‍ തുടങ്ങിയവ കണ്ടെത്തുന്നതിനും അതുമായി ബന്ധപ്പെട്ട വാക്കുകള്‍ സെര്‍ച്ച് ചെയ്യുന്നതിലൂടെ സാധിക്കും. കോഫി എന്നു ടൈപ്പ് ചെയ്താല്‍ സമീപത്തുള്ള കോഫി ഷോപ്പിലേക്ക് ആപ്പ് വഴികാട്ടും. ആപ്പില്‍ പോയി ബോര്‍ഡിംഗ് പാസ് സ്‌കാന്‍ ചെയ്താല്‍ ലൊക്കേഷന്‍ അടിസ്ഥാനപ്പെടുത്തിയുള്ള സേവനങ്ങളും സഹായങ്ങളും ലഭിക്കും. ഫ്‌ളൈറ്റ് സ്റ്റാറ്റസ്, ബാഗേജ് ക്ലെയിം, ബോര്‍ഡിംഗ് സമയം, ഗേറ്റിലേക്കുള്ള വഴി, ഖത്വര്‍ ഡ്യൂട്ടി ഫ്രീ എന്നിവയെല്ലാം ആപ്പ് ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കും. ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ഹമദില്‍ യാത്രക്കാര്‍ക്ക് നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള സേവനങ്ങള്‍ നല്‍കുക എന്ന പ്രഖ്യാപിത നയത്തിന്റെ ഭാഗായാണ് പുതിയ പദ്ധതികള്‍ അവതരിപ്പിക്കുന്നതെന്ന് ഹമദ് വിമാനത്താവളം ഐ ടി വൈസ് പ്രസിഡണ്ട് സുഹൈല്‍ ഖാദ്‌രി പറഞ്ഞു.

chandrika: