ഗോവ: നോട്ടുമാറ്റത്തില്‍ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ക്കാര്‍ ദുരുദ്ദേശ്യത്തോടെ ഒന്നും ഒളിച്ചുവെച്ചിട്ടില്ലെന്ന് മോദി പറഞ്ഞു. കള്ളപ്പണത്തിനെതിരെയാണ് ജനങ്ങള്‍ വോട്ടുചെയ്തതെന്നും മോദി ഗോവയില്‍ പറഞ്ഞു.

50ദിവസങ്ങള്‍ കൊണ്ട് ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലേക്ക് രാജ്യത്തെ എത്തിക്കും. ഡിസംബര്‍ 30നുശേഷം പരിഹാരം ഉണ്ടായില്ലെങ്കില്‍ ഏതു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിനുവേണ്ടി കുടുംബവും വീടും, മറ്റെല്ലാം ത്യജിച്ച ആളാണ് താന്‍. ഓഫീസ് കസേരയില്‍ വെറുതെ ഇരിക്കാനല്ല താന്‍ ജനിച്ചതെന്നും മോദി വികാരഭരിതനായി പറഞ്ഞു. ആവശ്യത്തിനുള്ള ചെറിയ തുകയുടെ നോട്ടുകള്‍ ബാങ്കുകളില്‍ ലഭ്യമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. എല്ലാ ബിനാമി ഇടപാടുകളും അന്വേഷിക്കും. നോട്ടുകള്‍ പിന്‍വലിച്ചതോടെ ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

അതേസമയം, നോട്ട് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മോദി ഉന്നതതലയോഗം വിളിച്ചു. റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥരും ധനമന്ത്രാലത്തിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും. നോട്ടുപ്രതിസന്ധിയില്‍ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും.