ന്യൂഡല്‍ഹി: രാജ്യത്തെ നോട്ടുപ്രതിസന്ധിയെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു. ധനവകുപ്പിലേയും റിസ്സര്‍വ്വ് ബാങ്കിലേയും ഉന്നതഉദ്യോഗസ്ഥര്‍ പങ്കെടുക്കും.യോഗത്തില്‍ ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടുകളും വിമര്‍ശനങ്ങളും പരിശോധിക്കും. നോട്ട് വിതരണം പെട്ടെന്നാക്കാനുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ചചെയ്യും. നോട്ട് പ്രതിസന്ധിയില്‍ വിമര്‍ശനങ്ങള്‍ ഏറിയതോടെയാണ് പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചുചേര്‍ത്തത്.

500,1000 നോട്ടുകള്‍ പിന്‍വലിച്ച തീരുമാനം ദിവസങ്ങള്‍ക്കുമുമ്പാണ് പ്രധാനമന്ത്രി രാജ്യത്തെ അറിയിച്ചത്. എന്നാല്‍ യാതൊരു മുന്നറിയിപ്പും നല്‍കാതെ നോട്ട് പിന്‍വലിച്ചത് രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ബാങ്കില്‍ നിന്ന് പണം കൈമാറി വാങ്ങാമെങ്കിലും അത് പ്രാവര്‍ത്തികമാകുന്നില്ല. പലയിടങ്ങളിലും പണിയും കൂലിയുമില്ലാതെ ജനങ്ങള്‍ പട്ടിണിയുടെ വക്കിലാണ്. പുതിയ നോട്ടില്ലാതെ ചികിത്സ കിട്ടാതെ മരിച്ചവരും രാജ്യത്തുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ സംസ്ഥാനവും ശക്തമായി എതിര്‍ത്തു. നവംബര്‍ 30വരെ സര്‍ക്കാര്‍ ഇടപാടുകളില്‍ ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രാജ്യത്ത് അരാജകത്വമാണെന്ന് ധനമന്ത്രി തോമസ് ഐസക്കും പറഞ്ഞു.