മുംബൈ: ദാദ്ര നഗര്‍ ഹവേലി എംപി മോഹന്‍ ദെല്‍കര്‍(58) മുംബൈയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൗത്ത് മുംബൈയിലെ ഹോടെല്‍ സീ ഗ്രീന്‍ മറൈന്‍ ഡ്രൈവിലാണ് തിങ്കളാഴ്ച മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ദാദ്ര നഗര്‍ ഹവേലി ലോക്‌സഭ മണ്ഡലത്തില്‍ നിന്നുള്ള സ്വതന്ത്ര എംപിയാണ് ഇദ്ദേഹം.

സംഭവ സ്ഥലത്തു നിന്ന് ഗുജറാത്തിയിലുള്ള ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ് മോര്‍ടെത്തിന് അയച്ചതിനു ശേഷമേ മരണത്തെ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരൂ. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ദാദ്ര നഗര്‍ ഹവേലിയിലെ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ദേല്‍കര്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് 2019ലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ദാദ്ര നഗര്‍ ഹവേലിയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജെഡിയുവുമായി ഇദ്ദേഹം സഹകരിച്ചിരുന്നു.