Connect with us

kerala

ജൂണ്‍ 4ന് കാലവർഷം ആരംഭിക്കും ;മഴക്കാല തയ്യാറെടുപ്പുപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് മുഖ്യമന്ത്രി

മഴയുടെ ലഭ്യതയില്‍ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നതിനാല്‍ ജില്ലകളിലെ മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനം ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ആദ്യആഴ്ചയില്‍ പ്രത്യേകമായി നടത്തണം

Published

on

മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ജൂണ്‍ 4ന് മണ്‍സൂണ്‍ തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുടെയോ ജില്ലാകളക്ടര്‍മാരുടെയോ നേതൃത്വത്തില്‍ ഇത്തരത്തില്‍ യോഗം ചേരണം. അതില്‍ ഓരോപ്രവര്‍ത്തികളുടെയും പുരോഗതി അവലോകനം ചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ആപതാമിത്ര, സിവില്‍ ഡിഫന്‍സ്, സന്നദ്ധസേന എന്നിങ്ങനെ പരിശീലനം സിദ്ധിച്ചവര്‍ക്ക് പ്രാദേശികമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കണം.

എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഒരുസ്ഥലം/കെട്ടിടം കണ്ടെത്തുകയും രക്ഷാപ്രവര്‍ത്തിന് ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍ വാങ്ങിയോ, മഴക്കാലത്തേക്ക് വാടകയ്ക്ക് എടുത്തോ ശേഖരിച്ച് വെക്കണം. ആപതാമിത്ര, സിവില്‍ ഡിഫന്‍സ് തുടങ്ങിയ പരിശീലനം നേടിയ സന്നദ്ധപ്രവര്‍ത്തകരെ അഗ്നി സുരക്ഷാ വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ ഈ കേന്ദ്രവുമായി ബന്ധിപ്പിക്കണം. ഈ കേന്ദ്രത്തിന്‍റെ ദൈനംദിന മേല്‍നോട്ടം തദ്ദേശ സ്ഥാപനത്തിനായിരിക്കും. അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ സമയനഷ്ടംകൂടാതെ പ്രാദേശികമായി രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ ഇത് ഗുണകരമാവും. ഇതിനാവശ്യമായ തുക ദുരന്തപ്രതികരണനിധിയില്‍ നിന്ന് അനുവദിക്കും. ഓരോ ഗ്രാമപഞ്ചായത്തിനും 1 ലക്ഷം രൂപയും മുനിസിപ്പാലിറ്റിക്ക് 3 ലക്ഷംരൂപയും കോര്‍പറേഷന് 5 ലക്ഷംരൂപ വരെയും സംസ്ഥാന ദുരന്തനിവാരണഅതോറിറ്റി നിര്‍ദേശിക്കുന്ന ഉപകരണങ്ങള്‍ വാങ്ങുവാനും സംഭരണകേന്ദ്രം ആരംഭിക്കുന്നതിനും, ഈ വര്‍ഷം നടത്തുന്നതിനുമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്ന് ആവശ്യാനുസരണം അനുവദിക്കും. കൂടുതലായി ഉപകരണങ്ങള്‍ ആവശ്യമായി വന്നാല്‍ തദേശ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ സ്വരൂപിക്കണം. ഉപകരണങ്ങള്‍ വാങ്ങുന്നുവെങ്കില്‍ മഴക്കാല ശേഷം അഗ്നി സുരക്ഷാ വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ പുനരുപയോഗിക്കാവുന്ന തരത്തില്‍ സൂക്ഷിക്കണം.

അതിതീവ്രമഴ ലഭിച്ചാല്‍ നഗരമേഖകളില്‍ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത മുന്‍കൂട്ടികണ്ട് ഡ്രെയിനേജ് സംവിധാനങ്ങള്‍ വൃത്തിയാക്കി വെള്ളത്തിന്‍റെ ഒഴുക്ക് സുഗമമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണം. ഇവ മോണിറ്റര്‍ ചെയ്യാന്‍ എല്ലാ ജില്ലകളിലും പ്രത്യേകം സംവിധാനം രൂപീകരിക്കണം.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങൾ അതിതീവ്രമഴ പെയ്താല്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപം കൊള്ളാന്‍ സാധ്യതയുള്ളവയാണ്. ഓപ്പറേഷന്‍ ബ്രേക്ക്ത്രൂ, ഓപ്പറേഷന്‍ അനന്ത തുടങ്ങിയവക്ക് തുടര്‍ച്ചയുണ്ടാവണം. അവയുടെ നിലവിലെ അവസ്ഥ പരിശോധിച്ച് അടിയന്തരമുന്‍കരുതലുകള്‍ എടുക്കേണ്ടതുമുണ്ട്.

അപകടാവസ്ഥയിലുള്ള മരങ്ങള്‍, മരച്ചില്ലകള്‍, ഹോര്‍ഡിങ്ങുകള്‍, പോസ്റ്റുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കുന്ന പ്രവര്‍ത്തനം ക്യാമ്പയിന്‍ മോഡില്‍ ഡ്രൈവ് നടത്തി മഴക്ക് മുന്നോടിയായി പൂര്‍ത്തീകരിക്കണം.

റോഡില്‍ പണിനടക്കുന്നയിടങ്ങളില്‍ സുരക്ഷാബോര്‍ഡുകള്‍ ഉറപ്പാക്കണം. റോഡിലുള്ള കുഴികള്‍ അടക്കാനുള്ള നടപടിയും അടിയന്തരമായി സ്വീകരിക്കണം. കുഴികളും മറ്റും രൂപം കൊണ്ട സ്ഥലങ്ങളില്‍ ആളുകള്‍ക്ക് അപകടം പറ്റാതിരിക്കാന്‍ മുന്നറിയിപ്പ്ബോര്‍ഡുകള്‍ വെക്കണം.

കാല്‍നടയാത്രക്കാരുടെ സുരക്ഷിതത്വവും ഉറപ്പാക്കണം. ഓടകള്‍ വൃത്തിയാക്കാന്‍ തുറന്നിടുകയോ, സ്ലാബുകള്‍ തകരുകയോ ചെയ്തിട്ടുള്ള സ്ഥലങ്ങളില്‍ അപകടമുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണം. ഇവയുടെ അറ്റകുറ്റപണികള്‍ അടിയന്തരമായി പൂര്‍ത്തീകരിച്ച് നടപ്പാതകള്‍ സുരക്ഷിതമാക്കണം.

ക്യാമ്പുകളില്‍ ശുചിമുറികള്‍, വൈദ്യുതി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണം. ക്യാമ്പുകള്‍ നടത്താന്‍ കണ്ടെത്തിയ കെട്ടിടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രാദേശികസര്‍ക്കാര്‍ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും പരസ്യപ്പെടുത്തണം. ക്യാമ്പിലേക്കുള്ള വഴികള്‍ ഉള്‍പ്പെടെ മാര്‍ക്ക് ചെയ്തുകൊണ്ടായിരിക്കണം ഇത് പ്രസിദ്ധീകരിക്കുന്നത്. ഈ പ്രവര്‍ത്തനം നടന്നു എന്ന് തദ്ദേശ വകുപ്പ് ജില്ലാജോയിന്‍റ് ഡയറക്ടര്‍ ഉറപ്പ് വരുത്തുകയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കുകയും ചെയ്യണം.

ഉരുള്‍പൊട്ടല്‍ സാധ്യതകണക്കാക്കുന്ന മലയോരമേഖലയില്‍ ജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവല്‍ക്കരണ കാമ്പയിനും പരിശീലനവും നല്‍കണം. ആളുകള്‍ക്ക് അപകടസാധ്യത മനസ്സിലാക്കി ക്യാമ്പുകളിലേക്ക് സ്വയം മാറാന്‍ സാധിക്കുന്നതരത്തില്‍ പരിശീലനം നല്‍കാനാവണം.

വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ അപകടസാധ്യത മുന്നറിയിപ്പുകള്‍ പ്രദര്‍ശിപ്പിക്കണം. മലവെള്ളപ്പാച്ചില്‍ ഉണ്ടാവാന്‍ ഇടയുള്ള ജലാശയങ്ങളില്‍ സുരക്ഷാമുന്നറിയിപ്പ് നല്‍കാന്‍ ആവശ്യമായ സംവിധാനം ഒരുക്കണം. ഇത്തരം കേന്ദ്രങ്ങളില്‍ ഗാര്‍ഡുമാര്‍ക്കും വനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും അടിയന്തിരബന്ധപ്പെടലുകള്‍ക്കായി ഉപകരണങ്ങള്‍ നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2023ലെ ഓറഞ്ച് ബുക്ക് യോഗം അംഗീകരിച്ചു.

യോഗത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വൈസ് ചെയര്‍മാനായ റവന്യൂമന്ത്രി കെ രാജന്‍, അംഗങ്ങളായ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്, ചീഫ് സെക്രട്ടറി വി. പി ജോയ്, ആഭ്യന്തരസെക്രട്ടറി ഡോ. വി വേണു, ദുരന്തനിവാരണ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ്, വകുപ്പ് സെക്രട്ടറിമാര്‍, സംസ്ഥാന പൊലീസ് മേധാവി, ഫയര്‍ഫോഴ്സ് മേധാവി, വിവിധ കേന്ദ്രസേനാ പ്രതിനിധികള്‍, ജില്ലാ കലക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വിമാനത്താവളങ്ങളുടെ പരിസരത്ത് നിന്ന് സ്വര്‍ണം പിടിക്കാന്‍ പൊലീസിന് അധികാരമില്ലെന്ന് കസ്റ്റംസ്

കരിപ്പൂര്‍ സ്വര്‍ണവേട്ടയുമായി ബന്ധപ്പെട്ട കേസില്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

വിമാനത്താവളങ്ങളുടെ പരിസരത്ത് നിന്ന് പൊലീസിന് സ്വര്‍ണം പിടിക്കാന്‍ അധികാരമില്ലെന്ന് കസ്റ്റംസ്. കരിപ്പൂര്‍ സ്വര്‍ണവേട്ടയുമായി ബന്ധപ്പെട്ട കേസില്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരെ അടക്കം പരിശോധിക്കുന്ന പൊലീസ് നടപടി കസ്റ്റംസ് ചട്ടങ്ങളുടെ ലംഘനമാണെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വിമാനത്താവള പരിസരത്തെ പരിശോധന കസ്റ്റംസിനായി വിജ്ഞാപനം ചെയ്ത മേഖലയാണെന്നും അവിടുത്തെ പരിപൂര്‍ണ നിയന്ത്രണം കസ്റ്റംസിനാണെന്നും പറയുന്നു. വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തുന്നതായി വിവരം ലഭിച്ചാല്‍ കസ്റ്റംസിന് കൈമാറണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ഹൈകോടതിയിലെ ഹരജിക്ക് ആധാരമായി പൊലീസ് പിടിച്ചെടുത്ത 170 ഗ്രാം സ്വര്‍ണം വിദേശനിര്‍മിതമാണെന്നും ഇത് പിടിച്ചെടുക്കാനുള്ള അധികാരം കസ്റ്റംസിനാണെന്നും പിടിച്ചെടുത്ത സ്വര്‍ണം ഉരുക്കി പരിശോധിക്കുന്ന നടപടി അധികാരപരിധി കടന്നതാണെന്നും കസ്റ്റംസ് സത്യവാങ്മൂലത്തില്‍ പറയുന്നു.

കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് നിന്ന് പിടികൂടുന്ന സ്വര്‍ണം വന്‍തോതില്‍ തിരിമറി നടത്തുന്നുണ്ടെന്ന് മുന്‍ എം.എല്‍.എ പി.വി. അന്‍വന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: സിപിഎം നേതാവ് എ.പത്മകുമാര്‍ അറസ്റ്റില്‍

Published

on

ശബരിമല സ്വർണക്കൊള്ള കേസിൽ സി.പി.എം നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാർ അറസ്റ്റിൽ. ഇന്ന് രാവിലെയാണ് പത്മകുമാർ എസ്ഐടിക്ക് മുന്നിൽ ചോദ്യംചെയ്യലിനായി ഹാജരായത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗമാണ് എ. പത്മകുമാർ. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാവാൻ രണ്ടുതവണ നോട്ടീസ് നൽകിയിരുന്നുവെങ്കിലും പല കാരണങ്ങൾ പറഞ്ഞ് പത്മകുമാർ സമയം നീട്ടിചോദിക്കുകയായിരുന്നു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെ ചോദ്യം ചെയ്ത എല്ലാവരുടെ മൊഴിയിലും പത്മകുമാറിന്റെ പേരുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം പത്മകുമാറിനെ ചോദ്യം ചെയ്തത്.

തിരുവനന്തപുരത്ത രഹസ്യകേന്ദ്രത്തിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. എൻ. വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടീസ് നൽകിയത്. ഇതോടെ അന്വേഷണം ഇനി പത്മകുമാറിനെ കേന്ദ്രീകരിച്ചാണെന്ന് സൂചനയുണ്ടായിരുന്നു. എൻ. വാസു ദേവസ്വം ബോർഡ് കമ്മീഷണറായിരിക്കെ പത്മകുമാറായിരുന്നു ബോർഡ് പ്രസിഡന്റ്. ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്‌സിക്യുട്ടീവ് ഓഫീസർ ഡി. സുധീഷ്‌കുമാർ, മുൻ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എൻ. വാസു തുടങ്ങിയവരാണ് ശബരിമല സ്വർണക്കൊള്ള കേസിൽ ഇതുവരെ അറസ്റ്റിലായത്.

Continue Reading

kerala

ന്യൂസിലന്‍ഡ് ഡ്രൈവര്‍ വിസ വാഗ്ദാനം; 24.44 ലക്ഷം രൂപ തട്ടിപ്പ്; കോയമ്പത്തൂര്‍ സ്വദേശികളായ ദമ്പതികള്‍ക്കെതിരെ കേസ്

പനയാല്‍ ഈലടുക്കം സ്വദേശി കെ. സത്യന്‍ നല്‍കിയ പരാതിയിലാണ് നടപടിയെടുത്തത്.

Published

on

ബേക്കല്‍: ന്യൂസിലന്‍ഡില്‍ ഡ്രൈവര്‍ വീസ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് 24.44 ലക്ഷം രൂപ തട്ടിയെടുത്തത് സംബന്ധിച്ച് കോയമ്പത്തൂര്‍ സ്വദേശികളായ ദമ്പതികള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. പനയാല്‍ ഈലടുക്കം സ്വദേശി കെ. സത്യന്‍ നല്‍കിയ പരാതിയിലാണ് നടപടിയെടുത്തത്.

കേസില്‍ പ്രതികളാക്കപ്പെട്ടത് കോയമ്പത്തൂര്‍ ടിവിഎസ് നഗരത്തിലെ ശക്തി ഗാര്‍ഡന്‍, ഒന്നാം വാര്‍ഡ് – ഒന്നാം വീട്ടില്‍ താമസിക്കുന്ന പോള്‍ വര്‍ഗീസ് (53), ഭാര്യ മറിയ പോള്‍ (50) എന്നിവരാണ്. ന്യൂസിലന്‍ഡില്‍ തൊഴില്‍ ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് വലിയ തുക കൈപ്പറ്റി തട്ടിയതായാണ് പരാതിയുടെ ആരോപണം.

പരാതി ആദ്യം ഹൊസ്ദുര്‍ഗ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നതും പിന്നീട് അന്വേഷണത്തിനായി ബേക്കല്‍ പൊലീസിന് കൈമാറിയതുമാണ്. അന്വേഷണം ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്.

Continue Reading

Trending