X

കുതിപ്പ് തുടരാന്‍ മൊറോക്കോ; സെമി ബെര്‍ത്ത് ഉറപ്പിക്കാന്‍ പറങ്കികള്‍

ദോഹ: ജനപ്രിയ താരം സി.ആര്‍ എന്ന കൃസ്റ്റിയാനോ റൊണാള്‍ഡോ ആയിരിക്കാം. ഇഷ്ട ടീം പോര്‍ച്ചുഗലുമാവാം. പക്ഷേ ഒന്നും കരുതരുത് ഇവിടെ മൊറോക്കോ മയമാണ്. ഇന്ന് ക്വാര്‍ട്ടര്‍ ഫൈനലുകളുടെ അവസാന ദിനത്തില്‍ പോര്‍ച്ചുഗലും മൊറോക്കോയും കളിക്കുമ്പോള്‍ സ്‌റ്റേഡിയം ചുവപ്പില്‍ മുങ്ങും. രണ്ട് ടീമുകളും ചുവപ്പന്മാരാണ്. മൊറോക്കോയുടേത് നല്ല ചുവപ്പാണ്. പറങ്കിപ്പടയുടേത് മെറുണ്‍ കലര്‍ന്ന ചുവപ്പും.

മൊറോക്കോ അവസാന എട്ടിലെ അല്‍ഭുത പ്രതിനിധികളാണ്. സ്‌പെയിന്‍ ജയിക്കുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ ഷൂട്ടൗട്ടില്‍ ലൂയിസ് എന്‍ട്രിക്കയുടെ ടീം ഞെട്ടി. ഹക്കിം സിയാച്ചിയും അഷറഫ് ഹക്കീമിയും ഗോള്‍കീപ്പര്‍ ബോനെയുമെല്ലാം താരങ്ങളായി. ആ ടീമിനൊപ്പമാണ് ഇന്ന് അറബ് ലോകം. മണലാരണ്യത്തില്‍ ആദ്യമായി നടക്കുന്ന ലോകകപ്പാണ്. അവിടെയാണ് അറേബ്യന്‍ കരുത്ത് പ്രകടിപ്പിച്ച് ഒരു ടീം ക്വാര്‍ട്ടര്‍ കളിക്കുന്നത്. ഖത്തറിലുള്ളവരെല്ലാം മൊറോക്കോയെ പിന്തുണക്കുമ്പോള്‍ താര ബലമാണ് പോര്‍ച്ചുഗീസ് കരുത്ത്. ദക്ഷിണ കൊറിയയെ നിഷ്പ്രയാസം തകര്‍ത്തവര്‍. ഗോണ്‍സാലോ റാമോസ് എന്ന യുവ ഹാട്രിക്ക് വീരന്‍.

ബ്രൂണോ ഫെര്‍ണാണ്ടസും പെപെയുമെല്ലാം കരുത്തര്‍. സി.ആര്‍ ഇല്ലെങ്കിലും നോ പ്രോബ്ലം എന്ന് വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുന്നു അവര്‍.ഇന്ന് സി.ആര്‍ ആദ്യ ഇലവനില്‍ ഉണ്ടാവുമോ എന്നുറപ്പില്ല. ടിം മാനേജ്‌മെന്റ് നീക്കങ്ങളില്‍ അസ്വസ്ഥനാണ് സൂപ്പര്‍ താരം. പക്ഷേ നിര്‍ണായമായ മല്‍സരമായതിനാല്‍ ഒരു പരീക്ഷണത്തിന് കോച്ച് സാന്‍ഡോസ് മുതിരാന്‍ സാധ്യതയില്ല. മൊറോക്കോ ക്യാമ്പില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒന്നുമില്ല. രാജ്യം എന്ന വലിയ വികാരത്തില്‍ സഞ്ചരിക്കുന്നവരാണ് അവര്‍. ഖത്തറിലെത്തിയതിന് ശേഷം തോല്‍വിയില്ല. ആത്മവിശ്വാസത്തിന്റെ വലിയ ട്രാക്കിലാണ് അവരുടെ സഞ്ചാരം. മല്‍സരം രാത്രി 8.30ന്.

web desk 3: