X

മൊസൂളില്‍ കനത്ത പോരാട്ടം; അന്തിമ യുദ്ധം നീണ്ടേക്കും

ബഗ്ദാദ്: ഇറാഖിലെ മൊസൂള്‍ നഗരത്തില്‍ ഐ.എസിനെതിരായ അവസാനവട്ട യുദ്ധത്തിലാണ് ഇറാഖ് സൈന്യം. ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി അടക്കമുള്ളവര്‍ ഒളിച്ചു താമസിക്കുന്നുവെന്ന് കരുതുന്ന മൊസൂളിലേക്ക് സര്‍വ സന്നാഹങ്ങളോടെ യുദ്ധം നയിക്കുമ്പോഴും വിചാരിച്ചത്ര വേഗത്തില്‍ ഭീകരവാദികളെ ഇല്ലായ്മ ചെയ്യാന്‍ കഴിയില്ലെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ശക്തമായ ചെറുത്തുനില്‍പ്പാണ് സൈന്യം നേരിടേണ്ടി വരുന്നതെന്ന് മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പുരാതന നഗരമായ നിംറുദിലാണ് ഇപ്പോള്‍ കനത്ത പോരാട്ടം നടക്കുന്നത്.

അതിനിടെ, ഭീകരര്‍ ഒളിച്ചിരുന്ന വീടുകള്‍ ഒഴിപ്പിക്കാനും ഗ്രാമങ്ങളില്‍ നിന്ന് സാധാരണക്കാരെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റാനും സൈന്യത്തിന് കഴിയുന്നുണ്ട്. ഇറാഖി സൈന്യത്തിനൊപ്പം കുര്‍ദിഷ് പേഷ്ഗാമ പോരാളികളും ഐ.എസ് വിരുദ്ധ നീക്കത്തില്‍ പങ്കെടുക്കുന്നുണ്ട്. സൈനിക നീക്കം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ബി.ബി.സി, സി.എന്‍.എന്‍ മാധ്യമ സംഘങ്ങളെ ലക്ഷ്യമാക്കി ചാവേര്‍ ആക്രമണവും വെടിവെപ്പും ഉണ്ടായിരുന്നു.

ഉപേക്ഷിക്കപ്പെട്ട ഒരു വീട്ടില്‍ നിന്ന് ഐ.എസ് ഭീകരവാദിയെ പിടികൂടുന്ന വീഡിയോ ട്വിറ്ററില്‍ തരംഗമാവുന്നു. നിരായുധനായ ഭീകരവാദിയോട് സൈന്യം കീഴടങ്ങാന്‍ ആവശ്യപ്പെടുന്നതും കൈകളുയര്‍ത്തി ഇയാള്‍ കീഴടങ്ങുന്നതുമാണ് വീഡിയോയിലുള്ളത്.

chandrika: