തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സൗകര്യമൊരുക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ ഇടപെട്ട് അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് സംസ്ഥാന നേതാക്കള്‍ കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍, സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി അബ്ദുസമദ്, സംസ്ഥാന ഭാരവാഹികളായ ഷഫീഖ് വഴിമുക്ക്, കെ.എം ഫവാസ്, ബിലാല്‍ റഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് ഗവര്‍ണറെ കണ്ടത്.

ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗകര്യം ഒരുക്കുന്നതിനും, വിദ്യാര്‍ത്ഥികള്‍ക്കായി ‘സ്റ്റുഡന്റ്‌സ് ഡാറ്റ’ പാക്കേജുകള്‍ ആരംഭിക്കുന്നതിനും, നെറ്റ്‌വര്‍ക്ക് പ്രതിസന്ധി നേരിടുന്ന മേഖലകളില്‍ പ്രതിസന്ധി പരിഹരിക്കുന്നതിനും വേണ്ട ഇടപെടലുകള്‍ നടത്തണമെന്ന് എം.എസ്.എഫ് നേതാക്കള്‍ ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടു.

കേരളത്തില്‍ കൂടിയാലോചനകള്‍ ഇല്ലാതെ 2020ല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി തുടങ്ങുകയും മറ്റ് യൂണിവേഴ്‌സിറ്റികളിലെ ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ നിര്‍ത്തുകയും ചെയ്ത സാഹചര്യത്തില്‍ ഡിസ്റ്റന്‍സ് മോഡില്‍ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്ന് കിടക്കുകയാണെന്നും മറ്റ് യൂണിവേഴ്‌സിറ്റികളില്‍ നിര്‍ത്തലാക്കിയ വിദൂര വിദ്യാഭ്യാസം പുനരാരംഭിക്കണമെന്നും എം.എസ്.എഫ് നേതാക്കള്‍ ഗവര്‍ണ്ണറെ കണ്ട് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ഇടപെടാമെന്ന് ഗവര്‍ണ്ണര്‍ എം.എസ്.എഫ് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.

കൂടാതെ കെ.ടി.യു വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരീക്ഷ, റിസള്‍ട്ട് എന്നിവയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍, കോവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തില്‍ ഫീസ് ഇളവ് നല്‍കുന്നതിന് വേണ്ടിയുള്ള ഇടപെടലുകള്‍, അന്യ സംസ്ഥാനത്തും വിദേശ രാജ്യങ്ങളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുടങ്ങി വിവിധ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും എം.എസ്.എഫ് നേതാക്കള്‍ ഗവര്‍ണ്ണറെ കണ്ട് ആവശ്യപ്പെട്ടു.