ലക്‌നോ: യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവിനെതിരെ മത്സരിക്കുമെന്ന് പിതാവും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ മുലായംസിങ് യാദവ്. അഖിലേഷ് ക്യാമ്പിനൊപ്പം ഉറച്ചുനില്‍ക്കുന്ന മുസ്്‌ലിം വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളും അദ്ദേഹം പുറത്തെടുത്തു. മുസ്്‌ലിംകളോടുള്ള അഖിലേഷിന്റെ സമീപനം മോശമാണെന്നായിരുന്നു മുലായംസിങിന്റെ വിമര്‍ശം.

”മുസ്‌ലിംകളോട് മോശമായാണ് തന്റെ മകന്‍ പെരുമാറുന്നത്. എല്ലായ്‌പ്പോഴും മുസ്്‌ലിംകള്‍ക്കു വേണ്ടിയാണ് താന്‍ വാദിച്ചിട്ടുള്ളത്. ഒരു മുസ്‌ലിം പൊലീസ് ഓഫീസറെ സംസ്ഥാനത്തിന്റെ ഡി.ജി.പിയായി നിയമിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതിനെതുടര്‍ന്ന് 15 ദിവസം മകന്‍ തന്നോട് തെറ്റി നടന്നു. ഏതെങ്കിലും മുസ്്‌ലിംകള്‍ ആ പദവിയില്‍ വരുന്നത് അഖിലേഷിന് ഉള്‍കൊള്ളാനാവില്ല. അത് മുസ്്‌ലിം വിരുദ്ധ സന്ദേശമാണ് നല്‍കുന്നത്. ബി.ജെ.പിക്കു വേണ്ടി കരുക്കള്‍ നീക്കുന്ന രാം ഗോപാല്‍ യാദവിന്റെ കളിപ്പാട്ടം മാത്രമാണ് അഖിലേഷ് യാദവെ”ന്നും മുലായം കുറ്റപ്പെടുത്തി.