കേരളത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ
കത്തയച്ചു.

പ്രളയ സമയത്ത് കേരളത്തെ സഹായിച്ച തമിഴ്നാടിനെ അഭിനന്ദിച്ചും നന്ദി അറിയിച്ചു കൊണ്ടുമാണ് കത്ത് തുടങ്ങുന്നത്. മുല്ലപ്പെരിയാറിന്റെ വിഷയങ്ങൾ ഗൗരവമുള്ളതാണെന്നും കൂട്ടായ പ്രവർത്തനത്തിൽ ആവശ്യമാണെന്നും കേരളത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

തമിഴ്നാടിന് ജലം, കേരളത്തിന് സുരക്ഷ എന്നതാണ് ഇരു സംസ്ഥാനങ്ങൾക്കും അനുയോജ്യമായ നിലപാട്.ജലനിരപ്പ് 136 അടിയിലെത്തിയതോടെ കേരളത്തിൽ ആശങ്ക വർധിച്ചു വരികയാണ്. 125 വർഷത്തിലധികം പഴക്കമുള്ള ഡാമിന്റെ സുരക്ഷ സംബന്ധിച്ചും ആശങ്കയുണ്ട്. പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തിന് തമിഴ്നാട് പൂർണ്ണ പിന്തുണ നൽകണം. പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം ഇരു സംസ്ഥാനങ്ങളും കൂട്ടായി കണ്ടെത്തണമെന്നും കഴിയുന്ന മുറ എത്രയും പെട്ടെന്ന് മുഖ്യമന്ത്രിയെ നേരിട്ട് വന്ന് കാര്യങ്ങൾ ധരിപ്പിക്കുമെന്നും പ്രതിപക്ഷനേതാവ് കത്തിൽ കൂട്ടിച്ചേർത്തു.