മലപ്പുറം: കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പാണക്കാട്ടെത്തി മുസ്ലിം ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തി. നാളെ കാസര്‍കോട് നിന്ന് ആരംഭിക്കുന്ന ജനമഹായാത്രയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പാണക്കാട്ടെത്തിയത്.

തനിക്ക് എന്നും ഊര്‍ജ്ജം പകര്‍ന്നിട്ടുള്ള വീടാണ് കൊടപ്പനക്കല്‍ തറവാടെന്ന് മുല്ലപ്പള്ളി പറഞ്ഞു. 2009ല്‍ സി.പി.എം കോട്ടയായ വടകരയില്‍ മത്സരിക്കാന്‍ തനിക്ക് ധൈര്യം തന്നത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ്. തങ്ങള്‍ പകര്‍ന്നു തന്ന ആത്മവിശ്വാസത്തില്‍ മത്സരത്തിനിറങ്ങി ജയിച്ചുകയറിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ്, എം.കെ മുനീര്‍ എം.എല്‍.എ തുടങ്ങിയ നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.