ചെന്നൈ: മുല്ലപ്പെരിയാര്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പിന്മാറി. സഹോദരന്‍ വിനോദ് ബോബ്‌ഡെ തമിഴ്‌നാട് സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നതിനാലാണ് ചീഫ് ജസ്റ്റിസ് പിന്‍മാറിയത്. മേല്‍നോട്ട സമിതി കാര്യക്ഷമമല്ലെന്ന് കാണിച്ച് പ്രദേശവാസികള്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ചിലേക്ക് മാറ്റി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷ വിലയിരുത്തുന്നതിനായി ഭരണഘടനാ ബെഞ്ച് രൂപീകരിച്ച മേല്‍നോട്ട സമിതി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതായി ആരോപിച്ച് കോതമംഗലം സ്വദേശി ഡോക്ടര്‍ ജോ ജോസഫ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീല കൃഷ്ണന്‍കുട്ടി, ജെസി മോള്‍ ജോസ് എന്നിവരാണ് ഹര്‍ജി നല്‍കിയത്.
2014 ലെ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം അണക്കെട്ടുമായി ബന്ധപ്പെട്ട റൂള്‍ കെര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍, ഇന്‍സ്ട്രമെന്റേഷന്‍ സ്‌കീം എന്നിവ തയ്യാറാക്കുകയും അത് നടപ്പിലാക്കുകയും ചെയ്യേണ്ടത് മേല്‍നോട്ട സമിതിയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. സമിതി ഇത് ചെയ്യുന്നില്ല. കൃത്യമായ ഇടവേളകളില്‍ യോഗങ്ങള്‍ ചേരുന്നില്ല. അതിനാല്‍ ഉപസമിതികള്‍ പിരിച്ച് വിടണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.