ഹൂസ്റ്റണ്‍: മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസ് അമേരിക്കയില്‍ മരിച്ച സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനെതിരെ വധശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി. വെസ്‌ലിയുടെ ഭാര്യ സിനിക്കെതിരെ കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിന് കേസെടുത്തു. ഡാലസ് പ്രവിശ്യയിലെ ഗ്രാന്റ് ജൂറിയാണ് വെസ്‌ലി-സിനി ദമ്പതികള്‍ക്കെതിരെ കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍, കുട്ടിയെ ഉപദ്രവിച്ച് പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയത്. വെസ്‌ലിക്ക് ജീവപര്യന്തമോ വധശിക്ഷയോ സിനിക്ക് രണ്ടു മുതല്‍ ഇരുപത് വര്‍ഷം വരെ തടവു ശിക്ഷയോ ലഭിച്ചേക്കും.
2017 ഒക്ടോബര്‍ ഏഴിന് വീട്ടില്‍ നിന്ന് ഷെറിനെ കാണാതായതായി വെസ്‌ലി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പാലു കുടിക്കാത്തതിന് ശിക്ഷയായി ഷെറിനെ വീടിനു പുറത്തു നിര്‍ത്തിയെന്നും മിനിറ്റുകള്‍ക്കു ശേഷം നോക്കിയപ്പോള്‍ അവളെ കണ്ടില്ലെന്നുമാണ് വെസ്‌ലിയുടെ മൊഴി.