മീററ്റ്: മുസാഫര്‍നഗര്‍ കലാപത്തിന്റെ വീഡിയോയുമായി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ബി.ജെ.പി എം.എല്‍.എ സംഗീത് സോം. മുസഫര്‍നഗര്‍ കലാപക്കേസില്‍ പ്രതിയാണ് സംഗീത് സോം. ഇയാളുടെ തെരഞ്ഞെടുപ്പു പ്രചരണ വാഹനത്തില്‍ നിന്നും കലാപദൃശ്യങ്ങളടങ്ങിയ സിഡി പോലീസ് പിടിച്ചെടുത്തു.

പിടിച്ചെടുത്ത സി.ഡിയില്‍ 2013ലെ മുസാഫിര്‍ നഗര്‍ കലാപവേളയില്‍ കവാല്‍ഗ്രാമത്തില്‍ നടന്ന സംഘര്‍ഷങ്ങളാണുള്ളതെന്ന് പോലീസ് പറയുന്നു. മീററ്റിലെ സാര്‍ധന മേഖലയിലെ ഫരീദ്പൂര്‍ ഗ്രാമത്തില്‍വെച്ചായിരുന്നു സിഡി പിടിച്ചെടുത്തത്. സംഭവം ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സാര്‍ധന മേഖലയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കലാപത്തിന്റെ ദൃശ്യങ്ങളടങ്ങിയ സിഡികള്‍ ഉപയോഗിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ വീഡിയോ കണ്ടെത്തുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ച വാഹനത്തിലെ ഡ്രൈവറുടെയും വാഹനത്തിന് അനുമതി തേടിയ വ്യക്തിയുടെയും പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.