കൊല്‍ക്കത്ത: മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരില്‍ മുസ്‌ലിം ബാലനെ ബിജെപി പ്രവര്‍ത്തകര്‍ നഗ്നനാക്കി നടത്തിച്ചു. പതിനൊന്നുകാരന്‍ ഇസ്മായിലിനു നേരെയാണ് ആക്രമണമുണ്ടായത്. മോഷണം ആരോപിച്ച് കുട്ടിയുടെ നാലു വിരലുകള്‍ മുറിച്ചുമാറ്റുകയും ചെയ്തു. സംഭവത്തിനു ശേഷം കുട്ടിയെ കാണാനില്ലെന്ന് ഇസ്മായിലിന്റെ പിതാവ് എസ്.കെ റഫീക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അഞ്ചു ദിവസമായി കുട്ടിയെ കാണാനില്ലെന്നാണ് പിതാവ് പറയുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ജര്‍ണാ മൈതിയുടെ ഭര്‍ത്താവ് ജയന്ത മൈതിയാണ് കേസിലെ പ്രധാന പ്രതി.

the-receipt-of-the-deputation
ജൂണ്‍ മൂന്നു മുതലാണ് കുട്ടിയെ കാണാതായത്. ഗോരക്പൂര്‍ സ്‌പോര്‍ട്‌സ് അതോറിറ്റി അംഗങ്ങളില്‍ ചിലര്‍ ഇസ്മായിലിനെ കാഗാജിയ മൈതാനത്തിനടുത്തായി ആക്രമിക്കുകയായിരുന്നു.
ക്ലബ് അംഗങ്ങളായ അവിജിത്, ചിക്കു, സനു തുടങ്ങിയവര്‍ ഇസ്മയിലിനെ പിന്തുടര്‍ന്ന് മര്‍ദിച്ചതായാണ് വിവരം. ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു ക്രൂര മര്‍ദ്ദനം അരങ്ങേറിയത്. ഇതിനു ശേഷം ജയന്ത മൈതിയുടെ നിര്‍ദേശപ്രകാരം കൈവിരലുകള്‍ മുറിച്ചു മാറ്റുകയായിരുന്നു. വിരലുകള്‍ അറുത്തു കൊണ്ടിരിക്കേ കുതറി ഓടിയ ബാലനെ പിന്തുടര്‍ന്ന് വീണ്ടും ആക്രമണത്തിനിരയാക്കുകയായിരുന്നു. കാണാതായ ഇസ്മായില്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് തീര്‍ച്ചയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

untitled-collage-2
ബംഗാളില്‍ ബിജെപി നേതാക്കള്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുകയാണെന്ന് ഓള്‍ ഇന്ത്യ മുസ്‌ലിം അസോസിയേഷന്‍ പ്രസിഡന്റ് സനാഉള്ള ഖാന്‍ സംഭവത്തോട് പ്രതികരിച്ചു. അതേസമയം, ഇസ്മായിലിനെ ആക്രമിച്ച രണ്ടു പേരെ അറസ്റ്റുചെയ്തതായി മിഡ്‌നാപൂര്‍ എസ്പി അറിയിച്ചു. ഇവര്‍ ബിജെപി പ്രവര്‍ത്തകരാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പ്രധാനപ്രതി ജയന്ത മൈതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. അതിനിടെ, കുട്ടിയെ ക്രൂരമായി ആക്രമിക്കുന്ന വീഡിയോയില്‍ ഇസ്മായിലിനെ പിതാവും ബന്ധുക്കളും തിരിച്ചറിഞ്ഞിട്ടുണ്ട്.