ന്യൂഡല്‍ഹി: ബി.ജെ.പിയുടെ നേതൃതത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഫാഷിസ്റ്റ് സമീപനങ്ങള്‍ക്കെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തുന്ന സമരത്തിന് മുസ്‌ലിം ലീഗ് പിന്തുണ പ്രഖ്യാപിച്ചു. ധര്‍ണക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. രാജ്യത്തെ എല്ലാ ജനാധിപത്യ സ്ഥാപനങ്ങളെയും കുറ്റാന്വേഷേണ ഏജന്‍സികളെയും ബി.ജെ.പി തകര്‍ക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കള്ളക്കേസുകള്‍ ചാര്‍ജ് ചെയ്ത് അവരെ രാഷ്ട്രീയമായി തളര്‍ത്താമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെയും അതിന്റെ ഭരണഘടനയേയും സംരക്ഷിക്കാന്‍ മമതാ ബാനര്‍ജിയുടെ നേതൃതത്തില്‍ പശ്ചിമ ബംഗാളില്‍ നടക്കുന്ന ധര്‍ണക്ക് മുസ്ലിംലീഗ് എല്ലാവിധ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നതായും പി.കെ കുഞ്ഞാലികുട്ടി എം.പി കൂട്ടിച്ചേര്‍ത്തു.