ന്യൂയോര്‍ക്ക്: അമേരിക്കയിലെ ടെക്‌സസില്‍ കത്തിനശിച്ച മുസ്്‌ലിം പള്ളി പുനര്‍നിര്‍മിക്കാന്‍ സംഭാവന പ്രവഹിക്കുന്നു. ശനിയാഴ്ച കത്തിനശിച്ച പള്ളി പുനര്‍നിര്‍മിക്കുന്നതിന് ഇസ്്‌ലാമിക് സെന്റര്‍ ഓഫ് വിക്ടോറിയ ഓണ്‍ലൈനിലൂടെ നടത്തിയ സഹായാഭ്യര്‍ത്ഥനക്ക് വന്‍ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 24 മണിക്കൂറിനിടെ ആറു ലക്ഷത്തിലേറെ ഡോളര്‍ എത്തിക്കഴിഞ്ഞു. പള്ളിക്ക് എങ്ങനെയാണ് തീപിടിച്ചതെന്ന് വ്യക്തമല്ല.

ഏഴ് മുസ്്‌ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിറക്കിയതിനുശേഷമാണ് സംഭവം. ശനിയാഴ്ച പുലര്‍ച്ചെയാണ് പള്ളി കത്തിനശിച്ചതെന്ന് ഇസ്്‌ലാമിക് സെന്റര്‍ പ്രസിഡന്റ് ഷാഹിദ് ഹഷ്മി പറഞ്ഞു. എന്നാല്‍ പള്ളിയുടെ നിര്‍മാണത്തിന് തങ്ങള്‍ നീട്ടിയ സഹായഹസ്തത്തിന് യു.എസ് സമൂഹത്തില്‍നിന്ന് കിട്ടിയ പ്രതികരണം അത്ഭുതപ്പെടുത്തുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീപിടിത്തത്തിന്റെ കാരണം പൊലീസ് അന്വേഷിച്ചുവരികയാണ്.