X

വക്കം മൗലവി: പ്രബുദ്ധതയുടെ വെളിച്ചം നിറച്ച തൂലിക

മുസ്തഫാ തന്‍വീര്‍

കൊളോണിയല്‍ ആധുനികതയുടെ ജ്ഞാന, രാഷ്ട്രീയ പ്രബുദ്ധതകളുടെ പ്രഭാവം കേരളം അനുഭവിച്ചുതുടങ്ങിയ ചരിത്രസന്ധിയില്‍ അവയോടുള്ള സംവാദങ്ങള്‍ വഴി മലയാളിയുടെ മുന്നോട്ടുള്ള ഗമനത്തെ സമൃദ്ധവും സമ്പന്നവുമാക്കിത്തീര്‍ത്ത പ്രതിഭാശാലികളാണ് കേരളീയ നവോത്ഥാനത്തിന്റെ യുഗശില്‍പികള്‍. അവരില്‍ വക്കം അബ്ദുല്‍ ഖാദര്‍ മൗലവി(1873-1932)ക്കുള്ള സ്ഥാനം അദ്വിതീയമാണ്. കേരളത്തില്‍ ആധുനിക മുസ്‌ലിം നവോത്ഥാനത്തിന്റെ സൂതികര്‍മിണികളിലൊരാളായിരുന്നു മൗലവിയെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. എന്നാല്‍ ആ സമുദായനിഷ്ഠതക്കപ്പുറത്ത് കേരളം എന്ന ആശയത്തെ ഇവ്വിധം സാര്‍ത്ഥകമാക്കിയ പൊതുമണ്ഡലപ്രസക്തരിലൊരാളാണ് അദ്ദേഹമെന്ന കാര്യം പലരും മറച്ചുവെക്കുകയാണ് പതിവ്. മാനക മലയാളത്തിലുണ്ടായ അച്ചടി വിപ്ലവമായിരുന്നുവല്ലോ, കേരളം ‘ആധുനിക’മായിത്തുടങ്ങിയതിന്റെ വിളംബരം. അച്ചടിവിപ്ലവം പ്രസവിച്ച വൃത്താന്ത പത്രപ്രവര്‍ത്തനത്തിന് കേരളത്തില്‍ ചടുല മാതൃക തീര്‍ത്തത് വക്കം മൗലവിയുടെ സ്വദേശാഭിമാനിയായിരുന്നുവെന്ന വസ്തുതയെ ആര്‍ക്കും നിഷേധിക്കാനാവില്ല. ഒരു മതപണ്ഡിതന്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കിടയറ്റ ഒരു വാര്‍ത്താമാധ്യമത്തെക്കുറിച്ച് തലപുകഞ്ഞാലോചിക്കുകയും അന്ന് കേരളത്തില്‍ തത്‌സംബന്ധമായി എന്തെങ്കിലും വിവരമുണ്ടായിരുന്ന ബുദ്ധിജീവികളെ മുഴുവന്‍ ചെന്നുകണ്ട് ആശയങ്ങള്‍ സമാഹരിക്കുകയും കേരളത്തിലുടനീളം സഞ്ചരിച്ച് വരിക്കാരെ കണ്ടെത്തുകയും ചെയ്തശേഷം ലണ്ടനില്‍നിന്നും പ്രസ്സ് ഇറക്കുമതി ചെയ്ത് റോയിറ്റേഴ്‌സുമായി നേരിട്ട് ബന്ധം സ്ഥാപിച്ച് 1905ല്‍ തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചുവെന്നത് യഥാര്‍ത്ഥത്തില്‍ അത്ഭുതകരമാണ്. ആദ്യം സി.പി ഗോവിന്ദപിള്ളയും പിന്നീട് കെ.രാമകൃഷ്ണപിള്ളയും പത്രാധിപരായി മൗലവിയുടെ ഉടമസ്ഥതയില്‍ 1910ല്‍ തിരുവിതാംകൂര്‍ കൊട്ടാരം നിരോധിക്കുന്നതുവരെ അഞ്ചുതെങ്ങില്‍ നിന്നും തിരുവനന്തപുരത്തുനിന്നുമായി സ്വദേശാഭിമാനി വാര്‍ത്താ പത്രിക മലയാളിയെ തേടിയെത്തിയത് -പലപ്പോഴും ദിനപത്രമായിത്തന്നെ സ്വദേശാഭിമാനി പുറത്തിറങ്ങി- നമ്മളിന്നഭിമാനിക്കുന്ന ‘കേരളീയ പത്രസംസ്‌കാര’ത്തിന്റെ അടിപ്പടവുകള്‍ കെട്ടിക്കൊണ്ടാണ്. കേരളത്തിനുള്ള മുസ്‌ലിം സംഭാവനകളെ അറബിമലയാള സാഹിത്യത്തിന്റെ കോളത്തിലേക്ക് ചുരുക്കിയെഴുതാന്‍ കഴിയില്ലെന്നും നമ്മുടെ ശുദ്ധമലയാള മാധ്യമ വ്യവസായത്തിന്റെ വികാസം സ്വദേശാഭിമാനി വഴി മുസ്‌ലിം മൂലധനത്തിന്റെ കൂടി ബലത്തിലാണ് സംഭവിച്ചതെന്നും ‘മുഖ്യധാരാ’ ചരിത്രകാരന്‍മാര്‍ എന്നാണ് തിരിച്ചറിയുക? മുസ്‌ലിം പത്രമുടമയും അമുസ്‌ലിം പത്രാധിപന്‍മാരും ചേര്‍ന്നുള്ള സ്വദേശാഭിമാനിയുടെ മുന്നേറ്റം, കേരളത്തില്‍ ഒരു ‘പൊതു’മണ്ഡലം വികസിച്ചുവരുന്നതിന്റെ പ്രത്യക്ഷം കൂടിയായിരുന്നു. മുസ്‌ലിം നവോത്ഥാനത്തിന്റെയല്ല, കേരളീയ നവോത്ഥാനത്തിന്റെ തന്നെ അഗ്രിമസ്ഥാനത്താണ് വക്കം മൗലവിയെപ്പോലുള്ളവരെ പ്രതിഷ്ഠിക്കേണ്ടതെന്ന് പറയുന്നത് ഇതുകൊണ്ടൊക്കെയാണ്.
സ്വദേശാഭിമാനിയുടെ ഉള്ളടക്കവും ഇതുപോലെത്തന്നെ മാധ്യമചരിത്രകാരന്‍മാരുടെ വിശദമായ അപഗ്രഥനം അര്‍ഹിക്കുന്നതാണ്. ജനാധിപത്യക്രമത്തിന്റെ വിശദാംശങ്ങള്‍ ഇന്‍ഡ്യക്കാര്‍ മനസ്സിലാക്കിത്തുടങ്ങുന്ന സമയമാണ്. ബ്രിട്ടീഷുകാര്‍ നേരിട്ടു ഭരിച്ചിരുന്ന പ്രദേശങ്ങളില്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഘാടനങ്ങള്‍ കാരണം ഈ നവീനാവബോധം ത്വരിതഗതിയില്‍ വികസിച്ചു. എന്നാല്‍ നാട്ടുരാജ്യങ്ങള്‍ ഫ്യൂഡല്‍ ഏകാധിപത്യ ഘടനകളിലുള്ള ആത്മരതിയില്‍ നിന്ന് വേര്‍പെടുക കുറേക്കൂടി ദുഷ്‌ക്കരമായിരുന്നു. ബ്രിട്ടീഷ് മലബാറിലെ ജനങ്ങള്‍ക്കുണ്ടായ ജനാധിപത്യ പ്രതിബദ്ധത തിരുവിതാംകൂറിലേക്കുവരാന്‍ അല്‍പംകൂടി അധ്വാനമാവശ്യമുണ്ടായിരുന്നു. പ്രസ്തുത അധ്വാനത്തിന്റെ മുന്‍നിരയില്‍ നിന്ന ഒരു സ്ഥാപനം വക്കം മൗലവിയുടെ ‘സ്വദേശാഭിമാനി’യായിരുന്നുവെന്ന് നിസ്സംശയം പറയാം. രാജകൊട്ടാരത്തിന്റെയും ദിവാന്‍ പി.രാജഗോപാലാചാരിയുടെയും നിലപാടുകളെയും ഇടപാടുകളെയും നിശിത വിചാരണക്കെടുക്കുന്ന മറയില്ലാത്ത ഭരണകൂടവിമര്‍ശനങ്ങള്‍, ശൈശവത്തിലായിരുന്ന ശ്രീമൂലം പ്രജാസഭയില്‍ നടക്കുന്ന ചര്‍ച്ചകളെ പുരസ്‌കരിച്ചുകൊണ്ടുള്ള നാട്ടുപുരോഗതിയെ വിഷയമാക്കുന്ന രാഷ്ട്രീയ ലേഖനങ്ങള്‍, ഒരു വ്യവസ്ഥിതി എന്ന നിലയില്‍ ജനാധിപത്യത്തിന്റെ ഗുണങ്ങള്‍ വര്‍ണിക്കുകയും തിരുവിതാംകൂര്‍ അതിലേക്ക് വികസിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിക്കുകയും ചെയ്യുന്ന സൈദ്ധാന്തിക വിശകലനങ്ങള്‍ -ഇവയെക്കൊണ്ട് മുഖരിതമായിരുന്നു സ്വദേശാഭിമാനിയുടെ ഓരോ ലക്കവും. തിരുവിതാംകൂറിന്റെ ജനാധിപത്യവല്‍ക്കരണത്തില്‍ വക്കം മൗലവിയുടെ പത്രം എന്തുമാത്രം നിര്‍ണായകമായിരുന്നു എന്ന് അവ നമ്മെ ബോധ്യപ്പെടുത്തും. അത് തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണ് പത്രം നിരോധിക്കുകയും പ്രസ്സ് കണ്ടുകെട്ടുകയും പത്രാധിപര്‍ കെ.രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്തുകൊണ്ടുള്ള രാജകല്‍പന ദിവാന്റെ നിര്‍ദ്ദേശപ്രകാരം വന്നതും. ജനാധിപത്യ പ്രബുദ്ധതയ്ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ഏകാധിപത്യത്തിന്റെ പ്രഹരമേറ്റ് രക്തസാക്ഷിയായ സ്വദേശാഭിമാനിയില്ലാതെ എങ്ങനെയാണ് നമുക്ക് കേരളത്തിന്റെ ചരിത്രമെഴുതാനാവുക? വിശുദ്ധ ഖുര്‍ആനും തിരുനബിയുടെ ചര്യയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളാനാകുമെന്ന് വക്കം മൗലവി പ്രായോഗികമായി തെളിയിച്ചു. കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ ഗതി നിര്‍ണയിച്ചതില്‍ അദ്ദേഹത്തിന്റെ ഈ ദൂരക്കാഴ്ച സാരമായ പങ്ക് വഹിച്ചിട്ടുണ്ട്. വക്കം മൗലവിയുടെ ശിഷ്യന്‍മാരായിരുന്നു കെ.എം സീതി സാഹിബും, കെ.എം മൗലവിയും. രണ്ടുപേരുടെയും മുസ്‌ലിം ലീഗ് രാഷ്ട്രീയം സൈദ്ധാന്തികമായി വക്കം മൗലവിയുടെ ജനാധിപത്യ വാഞ്ഛയോട് കടപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്.
ആധുനിക രാഷ്ട്രീയത്തോടെന്നപോലെ ആധുനിക വിദ്യാഭ്യാസത്തോടും സൃഷ്ടിപരമായ സമീപനമാണുണ്ടാകേണ്ടതെന്ന് വക്കം മൗലവി വിശ്വസിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തോട് മുസ്‌ലിം സമുദായത്തിനുണ്ടായിരുന്ന വിമുഖതയെ വിമര്‍ശിക്കുകയും സ്‌ക്കൂളുകളിലും കോളജുകളിലും പോകാന്‍ മതപ്രമാണങ്ങളുദ്ധരിച്ചുകൊണ്ടുതന്നെ സമുദായത്തെ ഉദ്‌ബോധിപ്പിക്കുകയും ചെയ്തുകൊണ്ടാണ് വക്കം മൗലവി സമുദായപരിഷ്‌കരണത്തിന്റെ വഴിവെട്ടിയത്. സ്വദേശാഭിമാനി പ്രസ്സില്‍ നിന്ന് 1906ല്‍ മൗലവി പ്രസിദ്ധീകരണം ആരംഭിച്ച മുസ്‌ലിം മാസികയുടെ പ്രധാന പ്രമേയങ്ങളിലൊന്ന് മുസ്‌ലിം സമുദായം ആധുനിക വിദ്യാഭ്യാസം നേടേണ്ടതിന്റെ ആവശ്യകതയായിരുന്നു. അദ്ദേഹം തന്നെയായിരുന്നു മാസികയിലെ പ്രധാന എഴുത്തുകാരന്‍. നീണ്ട പത്തുവര്‍ഷത്തോളം മുസ്‌ലിം മാസിക ഉല്‍പതിഷ്ണു ചിന്തകളുമായി സമുദായത്തെ അഭിമുഖീകരിച്ചു. എന്നാല്‍ മാനകമലയാളത്തിലുള്ള ഒരു ആനുകാലികത്തിന് മുസ്‌ലിം വ്യവഹാരങ്ങള്‍ പൊതുവില്‍ അറബിമലയാള ലിപിയില്‍ പരിമിതമായിരുന്ന അക്കാലഘട്ടത്തില്‍ സമുദായത്തിലെ സാധാരണക്കാരെ കാര്യമായി സ്വാധീനിക്കാനാകുമായിരുന്നില്ല. ഇത് തിരിച്ചറിഞ്ഞുകൊണ്ട് മൗലവി 1918ല്‍ അല്‍ ഇസ്‌ലാം എന്ന പേരില്‍ അറബി മലയാളത്തില്‍ മാസികയാരംഭിച്ചു. 1918 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ അഞ്ചു ലക്കങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കാനായ അല്‍ ഇസ്‌ലാം അറബി മലയാളത്തിലായതിനാല്‍ സ്ത്രീകള്‍ക്കിടയില്‍ കൂടി വായിക്കപ്പെടുമെന്ന് മൗലവി പ്രതീക്ഷിച്ചിരുന്നു. പെണ്ണിന് എഴുത്തു പഠിക്കാന്‍ മതപരമായ വിലക്കൊന്നുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ധാരാളം ലേഖനങ്ങള്‍ അല്‍ ഇസ്‌ലാമില്‍ കാണാം. യാഥാസ്ഥിതികത്വത്തോട് കലഹിച്ച് പുരോഗമനേഛുവാകാന്‍ വക്കം മൗലവിയുടെ പ്രധാന പ്രചോദനങ്ങളിലൊന്ന് അദ്ദേഹത്തിന്റെ സമകാലീനനായിരുന്ന ഈജിപ്ഷ്യന്‍ ചിന്തകന്‍ സയ്യിദ് റശീദ് രിദ ആയിരുന്നു. റശീദ് രിദയുടെ അല്‍മനാര്‍ പത്രത്തില്‍ മൗലവിയുടെ അറബി ലേഖനങ്ങള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. രിദയുമായുള്ള സമ്പര്‍ക്കം വക്കം മൗലവിയെ ഇബ്‌നു തൈമിയ, മുഹമ്മദ്ബ്‌നു അബ്ദില്‍ വഹ്ഹാബ് തുടങ്ങിയവരില്‍ ആകൃഷ്ടനാക്കി. ഇവര്‍ രണ്ടുപേര്‍ക്കുമെതിരിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് ദൗഉസ്സ്വബാഹ് എന്ന പേരില്‍ വക്കം മൗലവി പുസ്തകമെഴുതിയിട്ടുണ്ട്. തൗഹീദ്-ശിര്‍ക്ക്, സുന്നത്ത്-ബിദ്അത്ത് തുടങ്ങിയ ആശയങ്ങളെ കേന്ദ്രീകരിച്ചുള്ള നിരവധി ലേഖനങ്ങള്‍ മുസ്‌ലിമിലും അല്‍ ഇസ്‌ലാമിലും മൗലവിയുടേതായി വെളിച്ചം കണ്ടിട്ടുണ്ട്. അവയാണ് അദ്ദേഹത്തെ സമുദായത്തിനുള്ളില്‍ വിവാദപുരുഷനാക്കിത്തീര്‍ത്തത്. മൗലവിയുടെ മതവീക്ഷണങ്ങളോട് യോജിക്കുന്നവരും വിയോജിക്കുന്നവരും അന്നെന്ന പോലെ ഇന്നും മുസ്‌ലിം സമുദായത്തിലുണ്ട്. എന്നാല്‍ സമുദായത്തിന്റെ ഭൗതിക പുരോഗതിയില്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ വഹിച്ച പങ്ക് ചരിത്രവിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം അനിഷേധ്യമാണ്. കേരളത്തില്‍ പ്രസിദ്ധീകൃതമായ ആദ്യകാല ഖുര്‍ആന്‍ പരിഭാഷകളില്‍ ഒന്ന് വക്കം മൗലവിയുടേതാണ്. അല്‍ ഇസ്‌ലാമിന്റെ അഞ്ചുലക്കങ്ങളിലായി സൂറത്തുല്‍ ഫാതിഹയുടെ തര്‍ജ്ജമയും സാമാന്യം വിശദമായ ഒരു വിവരണവും മൗലവി എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മൗലവിയുടെ മുസ്‌ലിം മാസികയുടെ ചരിത്രപരമായ ഒരു പ്രാധാന്യം പൊതുസമൂഹത്തോട് സംവദിക്കുന്ന ഭാഷാശൈലിയും നിലവാരവും കൈവരിച്ച് അത് മുസ്‌ലിം ആനുകാലികങ്ങളെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ കടപുഴക്കി എന്നതാണ്. മുസ്‌ലിമില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ച വക്കം മൗലവിയുടെ ഇസ്‌ലാം മതസിദ്ധാന്തസംഗ്രഹം എന്ന പഠനം ഏത് അമുസ്‌ലിമിനും ഇസ്‌ലാമിനെക്കുറിച്ച് മനസ്സിലാക്കാനുള്ള റഫറന്‍സ് ആയി ഉപയോഗിക്കാവുന്ന തരം ‘മലയാളിത്തം’ ഭാഷയില്‍ പുലര്‍ത്തുന്നുണ്ട്. അമുസ്‌ലിം സഹോദരങ്ങള്‍ക്കുമുന്നില്‍ ഇസ്‌ലാമിനെ അവതരിപ്പിക്കലും ഇസ്‌ലാം വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയലും വക്കം മൗലവിയുടെ പ്രധാനപ്പെട്ട രചനാലക്ഷ്യങ്ങള്‍ ആയിരുന്നു. മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍ ഉന്നയിച്ച ഇസ്‌ലാം വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ് കേരള മുസ്‌ലിം ഐക്യസംഘം കെ.എം സീതിസാഹിബിന്റെ പത്രാധിപത്യത്തില്‍ പുറത്തിറക്കിയിരുന്ന ഐക്യം വാരികയില്‍ 1929 നവംബര്‍ 14ന് വക്കം മൗലവി എഴുതിയ ലേഖനം പ്രസിദ്ധമാണ്. 1931ല്‍ മൗലവി പ്രസിദ്ധീകരണമാരംഭിച്ച ദീപികയുടെ പ്രധാനലക്ഷ്യങ്ങള്‍ തന്നെ അമുസ്‌ലിം പൊതുസമൂഹത്തിനുമുന്നില്‍ ഇസ്‌ലാമിനെ യുക്തിഭദ്രമായി അവതരിപ്പിക്കലും ഇസ്‌ലാമിനെക്കുറിച്ച് കേരളീയ പൊതുമണ്ഡലത്തില്‍ പ്രചരിക്കുന്ന തെറ്റിദ്ധാരണകള്‍ ദൂരീകരിക്കലും യുക്തിവാദ പ്രസ്ഥാനങ്ങള്‍ നടത്തുന്ന നിരീശ്വരവാദ പ്രചരണങ്ങളെ ധൈഷണികമായി ചെറുത്തുതോല്‍പിക്കലും ആയിരുന്നു. പന്ത്രണ്ട് ലക്കങ്ങള്‍ ആണ് ദീപിക പുറത്തിറക്കിയത്. ഉര്‍ദു, ഇംഗ്ലീഷ് ലേഖനങ്ങളുടെ വിവര്‍ത്തനങ്ങളും പുസ്തക നിരൂപണങ്ങളും ദീപികയുടെ സവിശേഷതയായിരുന്നു. നല്ലൊരു വിവര്‍ത്തകന്‍ കൂടിയായിരുന്നു വക്കം മൗലവി. സയ്യിദ് സുലൈമാന്‍ നദ്‌വിയുടെ അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅഃ ആണ് മൗലവിയുടെ ഏറ്റവും പ്രസിദ്ധമായ വിവര്‍ത്തനകൃതി.

chandrika: