X

മന്ത്‌വാഡ ഒരുങ്ങി, മുസഫര്‍നഗര്‍ ബൈതുര്‍റഹ്്മ സമര്‍പ്പണം നാളെ

ന്യൂഡല്‍ഹി: വര്‍ഗീയ കലാപം തകര്‍ത്ത മുസഫര്‍നഗറില്‍ അഭയാര്‍ഥികളായി തെരുവുകളില്‍ അനാഥരായ കുടുംബങ്ങള്‍ക്ക് പുനരധിവാസ പദ്ധതിയായി ഇന്ത്യന്‍ യൂനിയന്‍ മുസ്്‌ലിംലീഗ് ദേശീയ കമ്മിറ്റി നിര്‍മ്മിച്ച ബൈതുര്‍റഹ്്മ നാളെ സമര്‍പ്പിക്കും. മുസഫര്‍നഗര്‍ ജില്ലയിലെ ബുധാനക്ക് സമീപം മന്ത്‌വാഡയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ 61 വീടുകള്‍ നാളെ കാലത്ത് പത്തിന് മുസ്്‌ലിംലീഗ് ദേശീയ പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ താക്കോല്‍ കൈമാറുമെന്ന് ദേശീയ വക്താവ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അറിയിച്ചു.
അഭയാര്‍ഥികള്‍ക്ക് പുതുജീവിതവും ശോഭനമായ ഭാവിയും സമ്മാനിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മന്ത്‌വാഡയില്‍ വിശാലമായ ഒരു തടാകത്തിനും കൃഷിപ്പാടത്തിനോടും ചേര്‍ന്നുള്ള പ്രകൃതിഭംഗി നിറഞ്ഞ സ്ഥലത്ത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ ഒരുക്കിയ നഗരിയിലാണ് വീടുകള്‍. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്്മാഈല്‍ സാഹിബ്, സീതി സാഹിബ്, സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, ജിഎം ബനാത്ത്‌വാല തുടങ്ങിയവരുടെ പേരിലുളള ബ്ലോക്കുകളിലായിട്ടാണ് 61 മനോഹരമായ വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സി.എച്ച് മുഹമ്മദ് കോയയുടെ പേരില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും പണി പൂര്‍ത്തിയായി. കുട്ടികള്‍ക്കായുള്ള പാര്‍ക്കും നഗരിയില്‍ ഒരുക്കിയിടുണ്ട്. ഇവിടെ ഇ.അഹമ്മദിന്റെ നാമധേയത്തില്‍ വിദ്യാഭ്യാസ കേന്ദ്രവും ഒരുക്കുന്നുണ്ട്.
ഉദ്ഘാടനപരിപാടിക്കായി മന്ത്‌വാഡ ഗ്രാമം ഒരുങ്ങിക്കഴിഞ്ഞു. മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ തിങ്ങിത്താമസിക്കുന്ന ഈ പ്രദേശം തീര്‍ത്തും അവികസിതമാണ്. കലാപത്തിന്റെ നാളുകളില്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് ഓടിയൊളിച്ച മുസ്്‌ലിംകള്‍ ഈ ഗ്രാമത്തില്‍ അഭയം തേടിയിരുന്നു. സ്വന്തം കൂരകളില്‍ ഇടമില്ലാതിരുന്നിട്ടും വിദൂരങ്ങളില്‍ നിന്നെത്തിയവരെ പ്രദേശത്തുകാര്‍ മാസങ്ങളോളം തങ്ങളുടെ സുരക്ഷിതത്വത്തില്‍ ജീവിച്ചിരുന്നു. മാത്രമല്ല പ്രദേശത്തെ ഇതര ജാതികളില്‍ പെട്ട കുടുംബങ്ങള്‍ക്ക് ഇവിടെ യാതൊരു പ്രയാസവും നേരിടേണ്ടിയും വന്നില്ല. മന്ത്്‌വാഡയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനും പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റാനും ലക്ഷ്യമിട്ടുളള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.
താക്കോല്‍ദാന പരിപാടിയില്‍ മുസ്്‌ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ പ്രൊഫ.ഖാദര്‍ മൊയ്തീന്‍ സാഹിബ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിക്കും. ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി അധ്യക്ഷനാകും. ട്രഷറര്‍ പിവി അബ്ദുല്‍വഹാബ് എംപി താമസക്കാര്‍ക്ക് രേഖകള്‍ കൈമാറും. വൈസ് പ്രസിഡണ്ട് അഡ്വ. ഇഖ്ബാര്‍ അഹ്്മദ്്, സെക്രട്ടറിമാരായ ഖുര്‍റം അനീസ് ഉമര്‍, മുഹമ്മദ് മതീന്‍ഖാന്‍, കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് തുടങ്ങിയവര്‍ പങ്കെടുക്കും.
മുസ്്‌ലിംയൂത്ത്‌ലീഗ,് എംഎസ്എഫ്, കെഎംസിസി തുടങ്ങിയ മുസ്്‌ലിംലീഗ് പോഷകസമിതി നേതാക്കള്‍ പലരും ഇതിനകം മുസഫര്‍നഗറിലെത്തിയിട്ടുണ്ട്.

chandrika: