ലത്തീഫ് രാമനാട്ടുകര

മുഹമ്മദ് അഖ്‌ലാസിന് പ്രായം 23. മ്യാന്‍മറിലെ റോഹിന്‍ഗ്യന്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളാണ് സ്വദേശം. ഈയിടെയായി റോഹിന്‍ഗ്യകള്‍ക്കെതിരെ കൂടുതല്‍ തീവ്രമായ ആക്രമങ്ങള്‍ അരങ്ങേറിയ ദിനങ്ങളിലൊന്നാണ് അഖ്‌ലാസ് രക്ഷപെട്ട് ഇന്ത്യയിലേക്കോടിയത്.
15 ദിവസം മുമ്പ് കഷ്ടിച്ച് രക്ഷപെട്ട അഖ്‌ലാസ് ജമ്മുവിലാണെത്തിച്ചേര്‍ന്നത്. മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിക്കൊപ്പം ജമ്മുവിലെ അഭയാര്‍ത്ഥി ക്യാമ്പകുള്‍ സന്ദര്‍ശിച്ചപ്പോഴാണ് അഖ്‌ലാസിനെ കണ്ടുമുട്ടിയത്. അഖ്‌ലാസിന്റെ കരളലിയിപ്പിക്കുന്ന കഥ മ്യാന്‍മറിലെ ദുരന്തജീവിതങ്ങളുടെ നേര്‍ചിത്രമായിരുന്നു.
മാതൃ രാജ്യമായ മ്യാന്‍മറിലെ അഖ്‌യയില്‍ പലചരക്ക് വ്യാപാരം ചെയ്യുന്ന കുടുംബമായിരുന്നു അഖ്‌ലാസിന്റേത്. ഉപ്പയും ഉമ്മയും മൂന്നു സഹോദരിമാരും ഉള്‍ക്കൊള്ളുന്നതാണ് ഇവരുടെ കുടുബം. 2012ലെ കലാപത്തില്‍ തങ്ങളുടെ വീട് തീവെച്ച് നശിപ്പിക്കപ്പെട്ടതിനാല്‍ ഒരു സഹോദരിയും ഭര്‍ത്താവ് മുഹമ്മദലിയും ജീവനും കൊണ്ടോടി ബംഗ്ലാദേശ് വഴി ജമ്മുവിലെ ക്യാമ്പിലെത്തിയിരുന്നു. മറ്റു സഹോദരിമാരും കുടുംബവുമൊന്നിച്ച് മ്യാന്‍മറില്‍ തന്നെ വ്യാപാരം നടത്തുന്നതിനിടെയാണ് മ്യാന്‍മര്‍ പട്ടാളവും ബുദ്ധിസ്റ്റ് തീവ്രവാദികളും ചേര്‍ന്ന് ഇവരുടെ ഗ്രാമത്തിലുള്ള എല്ലാ വീടുകളും തീവെച്ചു നശിപ്പിച്ചത്. മുസ്്‌ലിംകള്‍ ഈ രാജ്യക്കാരല്ല എന്ന് അക്രമികള്‍ ആക്രോശിക്കുന്നുണ്ടായിരുന്നു. ഇസ്‌ലാമിക അടയാളങ്ങളായ താടി, തലപ്പാവ്, വെള്ള വസ്ത്രങ്ങള്‍ തുടങ്ങിയവ പിന്തുടരുന്നവരെയായിരുന്നു അക്രമകാരികള്‍ വേട്ടയാടിയിരുന്നത്. വിശ്വാസത്തിലും കര്‍മ്മത്തിലും കഴിഞ്ഞുകൂടുന്നവര്‍ക്ക് യാതൊരു രക്ഷയും ഉണ്ടായിരുന്നില്ല. പ്രത്യേകിച്ചും യുവാക്കള്‍ക്ക് നേരെയായിരുന്നു ആക്രമണങ്ങള്‍. മതം ജീവിതത്തിലുള്ള യുവാക്കളെയാണ് ഇപ്പോഴും അതി നിഷ്ഠൂരമായി ബുദ്ധിസ്റ്റുകള്‍ ആയുധങ്ങള്‍ക്കിരയാക്കുന്നത്. മ്യാന്‍മര്‍ സേന കൂട്ടത്തോടെ അത്തരക്കാരെ വടിവെച്ചിടുന്നു. ഇത്തരത്തില്‍ കൊല്ലപ്പെടുന്നവരെ കൂട്ടമായി കുഴി കുത്തി മണ്ണിട്ട് മൂടുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. യുവാവായ അഖ്‌ലാസിനും കഴിഞ്ഞ മാസങ്ങള്‍ ഡമോക്ലസിന്റെ വാളിനു കീഴെയായിയിരുന്നു ജീവിതം. എപ്പോഴും കൊല്ലപ്പെട്ടേക്കാമെന്ന സ്ഥിതി. ഇത് കൊണ്ടായിരിക്കണം അഖ്‌ലാസിന്റെ മാതാപിതാക്കള്‍ തങ്ങളുടെ മകനോട് ജനിച്ച നാട് വിട്ട് എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടാന്‍ നിര്‍ബന്ധിച്ചത്. പ്രവാചക കാലത്തെ സമൂഹം പല നാടുകളിലേക്കും ഹിജ്‌റ പോയ പോലെ.
നിര്‍ബന്ധിതാവസ്ഥയില്‍ കയ്യില്‍ കിട്ടിയതുമെടുത്ത് ഉടുതുണിക്ക് മറുതുണിയില്ലാതെ അഖ്‌യയില്‍ നിന്നും ഘോര വനപ്രദേശമായ കുന്നുകള്‍ 15 ദിവസത്തിനകം താണ്ടി അക്്‌ലാസ് ബംഗ്ലാദേശ് കടക്കാന്‍ വേണ്ടി മ്യാന്‍മാര്‍-ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള സമുദ്രതീരത്തെത്തുകയായിരുന്നു. അവിടെ നിന്നും ബംഗ്ലാദേശിലേക്ക് മ്യാന്‍മാര്‍ നാവിക സേനയുടെ കണ്ണില്‍പെടാതെ തോണിമാര്‍ഗം എത്തിക്കാന്‍ വേണ്ടി പതിനായിരം രൂപ നല്‍കേണ്ടി വന്നു. ദുരിതപൂര്‍ണ്ണമായ യാത്രക്കൊടുവില്‍ ബംഗ്ലാദേശ് ക്യാമ്പില്‍ എത്തുകയും ദിവസങ്ങള്‍ക്കകം സഹോദരിയും ഭര്‍ത്താവും താമസിക്കുന്ന ജമ്മുവിലെ ബട്ടിന്തിയിലുള്ള അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തുകയും ചെയ്തു. ജമ്മുവില്‍ നിന്നും വാങ്ക് വിളി കേട്ടതിന്റെ ആഹ്ലാദം അഖ്‌ലാസ് മറച്ചുവെച്ചില്ല.
മ്യാന്‍മറിലുള്ള മാതാപിതാക്കളേയും രണ്ട് സഹേദരിമാരേയും കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോഴേക്കും അഖ്്‌ലാസിന്റെ കണ്ണുകള്‍ നിറഞ്ഞു. അവരെക്കുറിച്ചറിയാനോ അന്വേഷിക്കാനോ ഇനി അഖ്‌ലാസിന് മാര്‍ഗങ്ങളില്ല. അഭയാര്‍ഥി ക്യാമ്പില്‍ തന്റെ പ്രിയപ്പെട്ടവരെ ഓര്‍ത്തുകൊണ്ടുള്ള മറ്റൊരു വിഷമസാഹചര്യത്തിലാണ് താനെന്ന് അഖ്‌ലാസ് ഇപ്പോള്‍ തിരിച്ചറിയുകയാണ്.