ആലപ്പുഴ: ചലചിത്ര താരം ഫഹദ് ഫാസിലിന്റെ പേരുപയോഗിച്ച് നവസാമൂഹിക മാധ്യമങ്ങളിലൂടെ തട്ടിപ്പിനു ശ്രമം. പുതിയ ഫഹദ് ഫാസില്‍ ചിത്രത്തില്‍ അദ്ദേഹത്തിന്റെ കുട്ടിക്കാലം അഭിനയിക്കാന്‍ രൂപ സാദൃശ്യമുള്ള കുട്ടികളെ ക്ഷണിക്കുന്നുവെന്ന് നവസാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാണ് തട്ടിപ്പിനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. സംഭവം ശ്രദ്ധയില്‍പെട്ട ഫഹദിന്റെ പിതാവും പ്രമുഖ സംവിധായകനുമായ ഫാസില്‍ ഇതുസംബന്ധിച്ച് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കി. സാമൂഹിക മാധ്യമങ്ങളില്‍ ഇക്കാര്യം പ്രചരിപ്പിക്കുന്നവര്‍ ആരെന്നോ ഇത്തരം ഒരു സിനിമയെക്കുറിച്ചോ ഫഹദിന് യാതൊന്നും അറിയില്ലെന്ന്് ഫാസിലിന്റെ പരാതിയില്‍ പറയുന്നു. സാമൂഹിക മാധ്യമങ്ങളില്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ ആരും ഫോണ്‍ എടുക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്തില്ലെന്നും, ട്രു കോളര്‍ സംവിധാനം ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ഫോണുടമയും ഒരു ഫഹദ് ആണെന്നു മനസിലായതായും ഫാസില്‍ പരാതിയില്‍ പറയുന്നു.
സിനിമാ താല്‍പര്യമുള്ള കുട്ടികളെയും ചെറുപ്പക്കാരെയും ചതിയില്‍പ്പെടുത്തി ദുരുപയോഗം ചെയ്യാനുള്ള ഒരു ശ്രമം ഇതിനു പിന്നിലുണ്ടെന്നു സംശയിക്കുന്നതായും ഫാസിലിന്റെ പരാതിയില്‍പ്പറയുന്നു.