അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാത്തതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ഗുജറാത്തില്‍. ഗാന്ധി നഗറില്‍ ഇദ്ദേഹം ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്യും. സംസ്ഥാന ബി.ജെ.പി സംഘടിപ്പിക്കുന്ന ഗുജറാത്ത് ഗൗരവ് മഹാസമ്മേളത്തിലാണ് മോദി പങ്കെടുക്കുന്നത്. പാര്‍ട്ടി സംസ്ഥാന ഘടകം സംഘടിപ്പിക്കുന്ന ഗുജറാത്ത് ഗൗരവ് യാത്രയുടെ സമാപന സമ്മേളനമാണിത്.

ഒക്ടോബര്‍ ഒന്നു മുതലാണ് മാര്‍ച്ച് ആരംഭിച്ചത്. 182 അസംബ്ലി മണ്ഡലങ്ങളിലൂടെ 4417 കിലോമീറ്റര്‍ പിന്നിട്ടാണ് തിങ്കളാഴ്ച യാത്ര അഹമ്മദാബാദിലെത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ജിതി വഗാനി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച സംസ്ഥാനത്തെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനായി മോദി സംസ്ഥാനം സന്ദര്‍ശിച്ചിരുന്നു.

അതിനിടെ, ഹിമാചല്‍ പ്രദേശിനൊപ്പം ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ വ്യാപക വിമര്‍ശം ഉയരുന്ന സാഹചര്യത്തില്‍ കൂടിയാണ് മോദിയുടെ സന്ദര്‍ശനം. മോദിയുടെ റാലിക്കായാണ് തിയതി പ്രഖ്യാപിക്കാതിരുന്നത് എന്ന വിമര്‍ശനവും ശക്തമാണ്.

നിലവിലെ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭകളുടെ കാലാവധി അവസാനിക്കുന്നത് 2018 ജനുവരിയിലാണ്. ദിവസങ്ങളുടെ മാത്രം വ്യത്യാസമേ ഇക്കാര്യത്തിലുള്ളൂ. സാധാരണ ഗതിയില്‍ ആറു മാസം വരെ കാലയളവുകളിലുള്ള തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതും ഒരുമിച്ച് പ്രഖ്യാപിക്കുന്നതുമാണ് കമ്മീഷന്റെ രീതി. ഇതില്‍ നിന്ന് ഭിന്നമായാണ് ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ഗുജറാത്തില്‍ വൈകിപ്പിക്കുകയും ചെയ്തത്.

കമ്മീഷന്‍ നിലപാടിനെതിരെ മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറേശി അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. മോദിയുടെ ഗുജറാത്ത് സന്ദര്‍ശനം സ്വാഭാവികമായി സംശയത്തിന്റെ മുനയിലാകുന്നുണ്ടെന്നും ഖുറേഷി ആരോപിച്ചിരുന്നു. കമ്മീഷന്‍ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. മോദിയുടെ ഇംഗിതത്തിനു തെരഞ്ഞെടുപ്പ് കമ്മീഷന്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ബി.ജെ.പി നേതാവ് വരുണ്‍ ഗാന്ധിയും തെര.കമ്മീഷനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.