X

ഗുജറാത്തില്‍ ബി.ജെ.പിക്ക് വീണ്ടും ഇരുട്ടടി; ഒരു കോടി വാഗ്ദാനം നല്‍കുന്ന ശബ്ദരേഖ പുറത്ത് വിട്ട് നരേന്ദ്ര പട്ടേല്‍

അഹമ്മദാബാദ്: ബി.ജെ.പിയെ വെട്ടിലാക്കി വീണ്ടും പട്ടേല്‍ നേതാവ് നരേന്ദ്രപട്ടേല്‍. ബി.ജെ.പിയില്‍ ചേരാന്‍ പണം നല്‍കാമെന്ന് പറയുന്ന ശബ്ദരേഖ പട്ടേല്‍ പുറത്തുവിട്ടു. അഡ്വാന്‍സ് തുകയായ പത്തുലക്ഷം ലഭിച്ചത് നേരത്തെ വാര്‍ത്താസമ്മേളനം നടത്തി പട്ടേല്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശബ്ദരേഖയും പുറത്തുവിടുന്നത്.

നാല്‍പ്പത് ശതമാനം ഇന്നും അറുപത് ശതമാനം നാളെയും തരാം. ഇന്ന് തന്നെ മാധ്യമങ്ങളെ കണ്ട് ബി.ജെ.പിയില്‍ ചേരുമെന്ന് പ്രഖ്യാപിക്കണണമെന്ന് ഫോണ്‍ സന്ദേശത്തില്‍ പട്ടേലിനോട് പറയുന്നുണ്ട്. പട്ടേല്‍ സംവരണവുമായി ബന്ധപ്പെട്ട് നടത്തിയ സമരനായകനായ ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ്സിലേക്ക് അടുക്കുന്നത് കണ്ടാണ് ബി.ജെ.പി പണംവാരി നേതാക്കളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുന്നത്. ഡിസംബറിലാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ബി.ജെ.പിയിലേക്ക് ചേരാന്‍ ഒരു കോടി രൂപ നല്‍കാമെന്ന് ബി.ജെ.പി നേതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നുവെന്ന് പട്ടേല്‍ പറഞ്ഞിരുന്നു. അഡ്വാന്‍സായി ലഭിച്ച പത്തുലക്ഷം രൂപ മാധ്യമപ്രവവര്‍ത്തകര്‍ക്കു മുന്നില്‍ വെച്ചായിരുന്നു വാര്‍ത്താസമ്മേളനം. അപ്രതീക്ഷിതമായ അടിയില്‍ ഞെട്ടിയ ബി.ജെ.പി തെളിയിക്കാന്‍ പട്ടേലിനെ വെല്ലുവിളിക്കുകയും ചെയ്തു. തുടര്‍ന്നാണ് പണം നല്‍കാമെന്ന് പറയുന്ന ശബ്ദരേഖ പുറത്തുവിടുന്നത്. പട്ടേല്‍ സമര നേതാവായിരുന്ന വരുണ്‍ പട്ടേല്‍ നേരത്തെ തന്നെ ബി.ജെ.പിയിലേക്ക് പോയിരുന്നു. വരുണ്‍ വഴിയാണ് തനിക്ക് ക്ഷണം ലഭിച്ചതെന്നും ബാക്കി 90ലക്ഷം പിറ്റേദിവസവും നല്‍കാമെന്ന് പറഞ്ഞതായും നരേന്ദ്രപട്ടേല്‍ വെളിപ്പെടുത്തിയിരുന്നു.

chandrika: