സുനില്‍ നരെയ്‌നെ ഓപണിങില്‍ പരീക്ഷിക്കാനുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ തന്ത്രം ഒരിക്കല്‍ക്കൂടി ഫലം കാണുന്നു. ഗുജറാത്ത് ലയണ്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന കൊല്‍ക്കത്തക്കു വേണ്ടി നരെയ്ന്‍ വെറും 17 പന്തില്‍ നേടിയത് 42 റണ്‍സ്! ഒമ്പത് ഫോറും ഒരു സിക്‌സറുമടങ്ങുന്ന ‘ഓള്‍ ബൗണ്ടറി’ ഇന്നിങ്‌സ് വഴി മികച്ച തുടക്കമാണ് കൊല്‍ക്കത്തക്ക് ലഭിച്ചത്.

ഗൗതം ഗംഭീറിനൊപ്പം ഇന്നിങ്‌സ് ആരംഭിച്ച നരെയ്ന്‍ ആദ്യഓവറില്‍ പ്രവീണ്‍ കുമാറിനെ മൂന്നു തവണ ബൗണ്ടറി കടത്തി. ഫോക്‌നര്‍ എറിഞ്ഞ അടുത്ത ഓവറില്‍ പന്ത് നാലു തവണയാണ് അതിര്‍ത്തിവര കണ്ടത്. മലയാളി താരം ബേസില്‍ തമ്പി എറിഞ്ഞ മൂന്നാം ഓവറില്‍ രണ്ട് ഫോറും ഒരു സിക്‌സറുമാണ് നരെയ്‌ന്റെ ബാറ്റില്‍ നിന്നു പിറന്നത്. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ പന്തെടുത്ത ലയണ്‍സ് ക്യാപ്ടന്‍ സുരേഷ് റെയ്‌ന നരെയ്‌ന്റെ ആളിക്കത്തലില്‍ വെള്ളമൊഴിച്ചു. സിക്‌സര്‍ പറത്താനുള്ള ശ്രമം മിഡ്‌വിക്കറ്റില്‍ ഫോക്‌നറുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു. നരെയ്ന്‍ പുറത്താവുമ്പോള്‍ മറുവശത്തുണ്ടായിരുന്ന ക്യാപ്ടന്‍ ഗൗതം ഗംഭീറിന്റെ സ്‌കോര്‍ മൂന്നു പന്തില്‍ മൂന്ന് റണ്‍സ് ആയിരുന്നു.

ഓസ്‌ട്രേലിയയിലെ ബിഗ്ബാഷ് ലീഗിലും വെസ്റ്റ് ഇന്‍ഡീസിലും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത നരെയ്‌ന് ക്രിസ് ലിന്‍ പരിക്കേറ്റ് പുറത്തായതിനെ തുടര്‍ന്നാണ് ഓപണ്‍ ചെയ്യാനുള്ള അവസരം ലഭിച്ചത്. കൂറ്റനടികളിലൂടെ ടീമിന് മികച്ച തുടക്കം നല്‍കുന്ന വിന്‍ഡീസ് താരത്തിന് ഈ സീസണില്‍ ഇത് മൂന്നാം തവണയാണ് ഓപണിംഗ് അവസരം കൈവരുന്നത്.