ന്യൂഡല്‍ഹി: എല്ലാ തിയ്യേറ്ററുകളിലും സിനിമാ പ്രദര്‍ശനത്തിനു മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര നിര്‍ദേശം. ഉത്തവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിമാര്‍ക്കുള്ള കത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. കോടതി നവംബര്‍ 30ന് നല്‍കിയ ഉത്തരവിന്റെ പകര്‍പ്പും കത്തിനൊപ്പം ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആറിനു ചീഫ് സെക്രട്ടറിമാര്‍ക്കു കത്തെഴുതിയെന്നാണ് ഇന്നലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

ഭിന്നശേഷിക്കാര്‍ എങ്ങനെ ദേശീയഗാനത്തോട് ആദരവു കാണിക്കണമെന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ 10 ദിവസത്തിനകം മാര്‍ഗരേഖ പുറത്തിറക്കുമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി കഴിഞ്ഞ 9ന് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ നടപടിയുണ്ടായോയെന്നു മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

ഓരോ പ്രദര്‍ശനത്തിനും മുമ്പായി സിനിമാശാലകളില്‍ ദേശീയഗാനം കേള്‍പ്പിക്കണം, സിനിമാഹാളില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ ഹാളിലുള്ള എല്ലാവരും എഴുന്നേറ്റ് നില്‍ക്കണം, ദേശീയ ഗാനത്തിന് തടസ്സമുണ്ടാകാത്ത വിധത്തില്‍ സിനിമാ ഹാളിലേക്ക് കടക്കാനും പുറത്തിറങ്ങാനുമുള്ള വാതിലുകള്‍ ദേശീയഗാനം കേള്‍പ്പിക്കുന്ന സമയത്ത് അടച്ചിടണം തുടങ്ങി എട്ട് നിര്‍ദേശങ്ങളാണ് കോടതി ഉത്തരവിലുള്ളത്.

കോടതി ഉത്തരവിനെതിരെ വ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതിനെതിരായി പ്രതിഷേധം ശക്തമായിരുന്നു. ദേശീയഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തവരെ പോലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് പുറത്തുവിട്ടു.