കൊച്ചി: പ്രളയക്കെടുതിയെത്തുടര്‍ന്ന് അടച്ച കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം തുറക്കുന്നത് വീണ്ടും നീട്ടി. വിമാനത്താവളം ഈ മാസം 26ന് തുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ 29ന് മാത്രമേ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. 29ന് ഉച്ചക്ക് രണ്ടു മണിയോടെ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അധികൃതര്‍ പറയുന്നത്. വെള്ളപൊക്കം കാരണം രണ്ടാഴ്ചയായി നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്.
റണ്‍വേ അടക്കമുള്ളവക്ക് സംഭവിച്ച നാശനഷ്ടമടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് വിമാനത്താവളം തുറക്കുന്നത് വീണ്ടും നീട്ടിയത്.
എയര്‍ലൈന്‍ ജീവനക്കാരും ഗ്രൗണ്ട് ഡ്യൂട്ടി അംഗങ്ങളുമടക്കം 90 ശതമാനം ജീവനക്കാരും പ്രളയദുരിതത്തില്‍ അകപ്പെട്ടവരാണ്. ഇതിനാല്‍ പെട്ടെന്ന് വിമാനത്താവളം തുറന്നാല്‍ പ്രശ്‌നമുണ്ടാകാന്‍ ഇടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.