നടുക്കണ്ടി അബൂബക്കര്‍

എന്നും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് ന്യൂനപക്ഷവിഭാഗങ്ങളും അവരുടെ അധ:സ്ഥിതിയും. പ്രയോഗ തലത്തില്‍ ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കൊപ്പം വളര്‍ത്തിക്കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും അതിന് ആവിഷ്‌കരിക്കുന്ന പലതരം പദ്ധതികളും ഇന്നും രേഖയില്‍ മാത്രം. സച്ചാര്‍ കമ്മീഷന്‍, രംഗനാഥ്മിശ്ര കമ്മീഷന്‍, മുശീറുല്‍ ഹസന്‍, ഹര്‍ഷ് മന്ദിര്‍, മഹ്മൂദ് റഹ്മാന്‍, കുണ്ടു കമ്മിറ്റികളും കേന്ദ്ര-സര്‍ക്കാറിന് സമയാസമയങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പിച്ചിട്ടുണ്ടെങ്കിലും ഒന്നും നടന്നില്ല. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ദയനീയാവസ്ഥ ചിത്രീകരിക്കുന്ന ഔദ്യോഗിക രേഖകളാണ് ഏറെ സമയമെടുത്തു തയാറാക്കിയ റിപ്പോര്‍ട്ടുകളെങ്കിലും പരിഹാരം കാണേണ്ടവര്‍ മൗനത്തിലാണ്. മുസ്‌ലിംകളും ക്രിസ്ത്യാനികളും ബുദ്ധമതക്കാരും ജൈനമതക്കാരും പാഴ്‌സികളും സിക്കുകാരും ഉള്‍പ്പെടുന്ന മതന്യൂനപക്ഷങ്ങളാണ് ഇന്ത്യയിലെ ന്യൂനപക്ഷവിഭാഗങ്ങളില്‍ എണ്ണുന്നത്.

ആകെ ജനസംഖ്യയുടെ 18.4 ശതമാനം വരും മതന്യൂനപക്ഷങ്ങള്‍. പുതിയ കണക്കനുസരിച്ചി ശതമാനം കൂടിയെങ്കിലും ആനുകൂല്യങ്ങള്‍ കടലാസില്‍ മാത്രമാണ്. 1986 ലെ ദേശീയ വിദ്യാഭ്യാസ നയങ്ങളിലും 1992 ലെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളിലും അതുമായി ബന്ധപ്പെട്ടുണ്ടാക്കിയ പ്രോഗ്രാം ഓഫ് ആക്ഷനിലും ന്യൂനപക്ഷത്മളുടെ പ്രത്യേകിച്ച് പിന്നോക്ക ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവസ്ഥയും മറികടക്കാനുള്ള പദ്ധതികളുംവ്യക്തമാക്കുന്നുണ്ട്. 1990 ലെ ഡോ.ഗോപാല്‍സിംഗ് ഉന്നതാധികാര സമിതിയും ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ടിലും വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ വിശദീകരിക്കുന്നുണ്ട്. 2006 ജനുവരി 29 നു ഇന്ത്യയിലെ അംഗീകൃത മതന്യൂനപക്ഷങ്ങളുടെ ശാക്തീകരണത്തിന് രാജ്യത്ത് ആദ്യമായി കേന്ദ്രന്യൂനപക്ഷ മന്ത്രാലയം രൂപീകരിച്ചു. എ.ആര്‍. ആന്തുലെ(2006)സല്‍മാന്‍ ഖുര്‍ഷിദ് (2009) കെ.റഹ്മാന്‍ ഖാന്‍ (2012) നജ്മ ഹെപ്തുല്ല (2014) മുക്താര്‍ അബ്ബാസ് നഖ്‌വി (2016) തുടങ്ങിയവര്‍ ന്യൂനപക്ഷ മന്ത്രാലയത്തില്‍ വകുപ്പ് മന്ത്രിമാരായി. എന്നിട്ടുംന്യൂനപക്ഷ അവകാശങ്ങള്‍ പൂര്‍ണമായും നടപ്പായില്ല.

2012 ല്‍ കേരളത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിച്ചു. ഇതേതുടര്‍ന്ന് ഏറെക്കുറെആനുകൂല്യങ്ങള്‍ സംസ്ഥാനത്തിനു ലഭ്യമായി. 2011ല്‍ ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ ഒരുകോടിരൂപ വകയിരുത്തി. 2016 ല്‍ ഇത് 109 കോടിയായി ഉയര്‍ത്തിയെങ്കിലും 2021 ല്‍ 43 കോടി രൂപയായി ചുരുക്കുകയായിരുന്നു. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിദ്യാര്‍ത്ഥി സ്‌കാളര്‍ഷിപ്പിലെ നൂറുശതമാനം ആനുകൂല്യങ്ങളും മുസ്‌ലിംകള്‍ക്ക് അവകാശപ്പെട്ടതാണ്. എന്നാല്‍ 2011 ല്‍ പ്രത്യേക ഉത്തരവിലൂടെ 80 ശതമാനമായി ഇതു വെട്ടിച്ചുരുക്കി. 2021 മെയ് 28ലെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ന്യൂനപക്ഷഗുണഭോക്തൃ അനുപാതത്തെ സംബന്ധിച്ച വിധിന്യായസ്ഥിലൂടെ 59 ശതമാനമായി ചുരുങ്ങുകയായിരുന്നു. മത ന്യൂനപക്ഷങ്ങള്‍ക്ക് ആര്‍ട്ടിക്കിള്‍ 30 (1) പ്രകാരം ഇന്ത്യന്‍ ഭരണഘടന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങാനും നടത്തിക്കൊണ്ടു പോകാനുമുള്ള മൗലികാവകാശം ഉറപ്പു തരുന്നു. ഈ അവകാശം നിയമം മൂലം സംരക്ഷിക്കപ്പെടുന്നതാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 13. ഈ നിയമം സുരക്ഷിതത്വം ഉറപ്പുതരുന്നു. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ ആക്ട് ആര്‍ട്ടിക്കിള്‍ 30(1) പ്രകാരമുള്ള ഭരണഘടനാ അവകാശം ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പാക്കുന്നതിനായി നിലവില്‍ വന്നതാണ്. മതപരമോ ഭാഷാപരമോ ആയ ന്യൂനപക്ഷമാണോ എന്ന് തീരുമാനിക്കുന്നത് കേവലമൊരു ജനസംഖ്യാടിസ്ഥാനത്തിലല്ല. മറിച്ച് ആ രാജ്യത്തെ ജനങ്ങളുടെ മരണം, ജനനം, രോഗം തുടങ്ങിയ സ്ഥിരവിവരക്കണക്ക് പ്രകാരമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. സമൂഹത്തിലെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. സന്നദ്ധ സംഘടനകള്‍ ക്ഷേമപദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ തയാറാവണം. ഇക്കാര്യത്തില്‍ മാര്‍ഗ നിര്‍ദ്ദേശസ്ഥിനു വേണ്ടി ബോധവണ്‍ക്കരണം അനിവാര്യമാണ്.ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുമ്പോള്‍ വര്‍ഗീയത ആരോപിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ രക്ഷപ്പെടുകയാണ്. ഈ സമയത്ത് ഒന്നിച്ചു നിന്ന് അവകാശ സംരക്ഷണത്തില്‍ പങ്കാളികളാവണം.